മരട്: സംസ്ഥാനത്തിന്റെ എല്ലായിടത്തും വോട്ട് ലക്ഷ്യമിട്ടുള്ള ഉദ്ഘാടന മഹാമഹങ്ങൾ നടക്കുകയാണ്. പാതി പോലും പണി തീരാത്ത കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളത്തിന്റെയും ഉദ്ഘാടനം നടത്തിയതിന് ഉമ്മൻ ചാണ്ടി വിമർശനം നേരിടുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പണി പൂർത്തയാകാത്ത കോട്ടയം കെഎസ്ആർടിസി ഗാരേജാണ് ഉദ്ഘാടനം നിർവഹിച്ചു. ഇതിനിടെ മന്ത്രി കെ ബാബുവിന് ഉദ്ഘാടനം ചെയ്യാൻ വേണ്ടി തട്ടിക്കൂട്ട് നിർമ്മാണം നടത്തിയ പാല്തിന്റെ സ്പാൻ തകർന്നു വീഴുകയും ചെയ്തു.

നെട്ടൂർ - കുണ്ടന്നൂർ സമാന്തരപാലം തകർന്നുവീണ് നാലു തൊഴിലാളികൾക്ക് പരിക്കേൽക്കുകയുമുണ്ടായി. കുണ്ടന്നൂർതേവര പാലത്തിനു സമാന്തരമായി നെട്ടൂരിനെയും കുണ്ടന്നൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ സ്പാൻ ആണ് ബുധനാഴ്ച 4.45ഓടെ തകർന്നുവീണത്. ഇവിടെ ജോലിചെയ്തിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കൊൽക്കത്ത സ്വദേശികളായ വിപുൽഷോഘ് (52), ഒക്കായിഘോഷ് (28), പോഷൻഘോഷ് (21), സുജിത് ദുല്ലവ് (25) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കുണ്ടന്നൂർ നെട്ടൂർ സമാന്തര പാലത്തിന്റെ നിർമ്മാണോദ്ഘാടനം 2011ലാണ് നടത്തിയത്. എന്നാൽ, സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ ബാബു പാലം നിർമ്മാണത്തെ അവഗണിച്ചതോടെ പണി നിലച്ചു. നിർമ്മാണം പുനരാരംഭിക്കമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മന്ത്രി കെ ബാബു പാലത്തിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു.

400 ദിവസംകൊണ്ട് നൂറു പാലങ്ങൾ എന്ന കർമപദ്ധതിയിൽപ്പെടുത്തി ഈ പാലത്തിന്റെ ഉദ്ഘാടനവും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തുന്നതിന് ദ്രുതഗതിയിൽ നിർമ്മാണം നടത്തുകയായിരുന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തതും നിർമ്മാണപ്രവർത്തനങ്ങളിലെ അപാകവുമാണ് പാലം തകർന്നുവീഴുന്നതിന് കാരണമെന്ന് പ്രദേശവസികൾ പറയുന്നു.

സ്പാനുകൾ ഉറപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാന്റുകൾക്ക് ബലമില്ലാത്തതും തകർന്ന് വീഴാൻ കാരണമായി. മറിഞ്ഞ് വീണതിനെത്തുടർന്ന് നാല്പത് മീറ്റർ നീളം വരുന്ന കോൺക്രീറ്റ് സ്പാൻ നാലായി ഒടിഞ്ഞു. ഉറപ്പിച്ചിരുന്ന ലോഹ പൈപ്പുകളും റെയിലുകളും വളഞ്ഞ നിലയിലാണ്. സ്പാൻ മറിഞ്ഞ് വീണതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മരട് പൊലീസും സ്ഥലത്തെത്തി.

പാലത്തിന്റെ നിർമ്മാണത്തിൽ സംഭവിച്ച അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളാണ് ഉപയോഗിച്ചതെന്ന ആക്ഷേപവും ഉയർന്നു. സ്പാൻ തകർന്ന് വീണതറിഞ്ഞ് നിരവധി നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. 30 കോടി മുടക്കി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിന്റെ കരാർ കേരളാ സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. ടെണ്ടർ പോലും വിളിക്കാതെയാണ് ഇവർക്ക് കരാർ കൊടുത്തതെന്ന ആക്ഷേപവുമുണ്ട്. ഇവർ നിർമ്മാണ ചുമതല ഗ്രീൻവർത്ത് ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്വകാര്യ നിർമ്മാണ കമ്പനിക്ക് മറിച്ചു നൽകുകയായിരുന്നു.