- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നരലക്ഷം കുട്ടികൾ ചൊവ്വാഴ്ച ഒന്നാം ക്ലാസിലേക്ക്; ഡിജിറ്റൽ പഠനത്തിലൂടെ പുതിയ അധ്യായന വർഷത്തിന് തുടക്കമാകും; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കുക വെർച്വൽ പ്രവേശന ഉത്സവത്തിലൂടെ; സംസ്ഥാന തല ഉദ്ഘാടനം കോട്ടൻഹിൽ സ്‌കൂളിൽ; ക്ലാസുകൾ വിക്ടേഴ്‌സ് ചാനൽ വഴി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ അധ്യയനവർഷത്തിന് തുടക്കമാകും. മൂന്നരലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയെത്തുക. ഡിജിറ്റൽ പഠനത്തിലൂടെയാണ് ഈ അധ്യയന വർഷവും തുടക്കമാകുന്നത്.
വെർച്വൽ പ്രവേശ ഉത്സവത്തിലൂടെയാണ് കുട്ടികളെ അക്ഷര ലോകത്തിലേക്ക് സ്വാഗതം ചെയ്യുക. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലാണ് ഡിജിറ്റൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.
രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
9.30 വരെ പരിപാടികൾ വിക്ടേഴ്‌സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 11 മണി മുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും.
വിക്ടേഴ്‌സ് ചാനൽ വഴി വീണ്ടും ക്ലാസുകൾ തുടങ്ങുമ്പോൾ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ എത്തിക്കലാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.
ഇത്തവണയും കുട്ടികൾ സ്‌കൂളിലെത്താതെയാണ് പഠന വർഷം തുടങ്ങുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ഡിജിറ്റൽ ക്ലാസുകളുമായി പഠനത്തിന് തുടക്കം കുറിക്കാനുള്ള തീരുമാനം.
കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള സംപ്രേഷണത്തോടെയാണ് ആദ്യ ഒരു മാസം ക്ലാസുകൾ, രണ്ടാഴ്ച കഴിഞ്ഞ ക്ലാസിലെ പാഠങ്ങളുടെ റിവിഷനാകും. കഴിഞ്ഞ വർഷം തയാറായക്കിയ ക്ലാസുകൾക്കൊപ്പം, പുതിയ വീഡിയോകൾകൂടി തയാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
മൂന്നര ലക്ഷം കുട്ടികളെയാണ് ഒന്നാം ക്ലാസിൽ പ്രതീക്ഷിക്കുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 42 ലക്ഷം കുട്ടികളുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ. ഇതിൽ ഡിജിറ്റൽ പഠനസാമഗ്രികൾ ഇല്ലാത്തവർക്കും കേടായി പോയവർക്കും പുതിയത് നൽകും.
ഇതിനായി ജനപ്രതിനിധികളുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും സഹായം തേടും. ആദ്യ ഒരുമാസത്തിനു ശേഷം ഓൺലൈൻ ക്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. 10,12 ക്ലാസുകളിലാവും ഇവയ്ക്ക് തുടക്കം കുറിക്കുക.
ആദ്യ ദിനം ക്ലാസ് അംഗനവാടി കുട്ടികൾക്ക് മാത്രമാണ്. രണ്ടാം തീയതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും. ആദ്യ ആഴ്ചക്കുള്ളിൽ ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് അവ എത്തിക്കാനാണ് ശ്രമം.
ജനപ്രതിനിധികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സന്നദ്ദസംഘടനകളുടേയും സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കൽ. ഇത്തവണ എത്രപേർക്ക് സൗകര്യങ്ങളില്ല എന്നതിന്റെ കണക്ക് ശേഖരിക്കുന്നുണ്ട്.
പ്ലസ് ടു ക്ലാസുകൾ ജൂൺ 7 ന് തുടങ്ങും. ജൂലൈ ഒന്ന് മുതൽ സ്‌കൂൾ തല സംവാദരീതിയിലെ ഓൺലൈൻ ക്ലാസ് തുടങ്ങും.
മറുനാടന് മലയാളി ബ്യൂറോ