ഷാർജ: താൻ എതിരിട്ട വെല്ലുവിളികളുടെയും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ തുറന്നു പറഞ്ഞ് ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം. ക്രിമിനൽ കേസെടുക്കാവുന്ന ചട്ടലംഘനങ്ങൾ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തൽ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ, തന്റെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികൾ തുറന്നു പറഞ്ഞുകൊണ്ട് ജേക്കബ് തോമസ്സിന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി.

ഷാർജ അന്താരാഷ്ട്ര പുസ്തകനേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽവച്ച് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. തൊട്ടു മുൻപിറങ്ങിയ പുസ്തകത്തിൽ വെളിപ്പെടുത്താതിരുന്നതും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ കോളിളക്കമുണ്ടാക്കാവുന്നതുമായ ഒട്ടേറെ വിവാദങ്ങൾ 'കാര്യവും കാരണവും - നേരിട്ട വെല്ലുവിളികൾ ' എന്ന ഈ പുസ്തകത്തിലും ജേക്കബ് തോമസ് പങ്കുവയ്ക്കുന്നു. ഡിസി ബുക്സാണ് പ്രസാധകർ

മുപ്പതിലധികം വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ താൻ കടന്നുപോയ വകുപ്പുകളും അവിടുത്തെ അഴിമതിക്കഥകളും അഴിമതിക്കെതിരെ നിലകൊണ്ടപ്പോൾ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളും അതിനെ നേരിട്ടതുമൊക്കെ മറയില്ലാതെ തുറന്നു പറയുന്നുണ്ട് ഈ പുസ്തകത്തിൽ.

പാറ്റൂർ ഭൂമിയിടപാടിൽ അന്നത്തെ മുഖ്യമന്ത്രിയയായിരുന്ന ഉമ്മൻ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടതിനെക്കുറിച്ച് വളരെ വ്യക്തമായി പുസ്തകത്തിൽ പറയുന്നുണ്ട് (പേജ് 77, 78)

വൻകിട ഫ്ളാറ്റുകൾക്കും ആശുപത്രി കെട്ടിടങ്ങൾക്കും ഫയർ എൻ ഒ സി കൊടുക്കുന്നതിൽ വൻ അഴിമതി നിലനിൽക്കുന്നുവെന്നും ഫയർഫോഴ്സിന്റെ അംഗീകാരമെന്നത് ചില 'ഉന്നതരുടെ' കാര്യം വരുമ്പോൾ വെറും പൊറാട്ടു നാടകം മാത്രമാണെന്നും ജേക്കബ് തോമസ് തുറന്നടിക്കുന്നു ( 89,95)

ചേരാനല്ലൂരിൽ നിയമം ലംഘിച്ച് വയൽ നികത്തി ഉന്നതാധികാരികളുടെ മൗനാനുവാദത്തോടെ ആശുപത്രി നിർമ്മിച്ച ആസ്റ്റർ മെഡിസിറ്റിയുടെ വയൽ-കായൽ കയ്യേറ്റത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോകായുക്തയുടെ പരിഗണനയിൽ കേസ് നിലനിൽക്കേ ആശുപത്രിയുടെ ഉദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും പോയത് ഉദ്യോഗസ്ഥർക്കുള്ള താക്കീതായിരുന്നുവെന്നും പറയുന്നു (പേജ് 78, 79)

വിജിലൻസിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവന്നത് ഏറെ ആലോചനകൾക്കൊടുവിലായിരുന്നുവെന്നും, ചില അഴിമതിക്കാർക്ക് കുടപിടിക്കുവാനായി അവിടെനിന്നും തൂത്തെറിയുവാൻ ഒരാലോചനയും വേണ്ടിവന്നില്ലെന്നും പറയുന്നു (പേജ് 96)

ഇ. പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കുന്നതുതന്നെയാണെന്നും 2016 ഫെബ്രുവരിയിൽ ഇതു സംബന്ധമായ ഒരു സുപ്രീംകോടതിവിധി തമിഴ്‌നാട്ടിലുണ്ടായിട്ടുണ്ട് എന്നു പുസ്തകത്തിൽ സൂചിപ്പിക്കുന്നു ( 104)

എം. എം. മണിയുടെ മാനറിസങ്ങൾ ഒരു മന്ത്രിക്കു ചേർന്നതല്ല എന്ന വിമർശനവും (147) കേരളത്തിൽ വളർന്നുവരുന്ന ന്യൂനപക്ഷ -ഭൂരിപക്ഷ വർഗ്ഗീയതയെയും മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബ്രെയിൻ വാഷിങ്ങും മൂടിവയ്ക്കുന്നത് വോട്ടുബാങ്ക് പോകുമോ എന്ന ഭയം മൂലമാണെന്ന പ്രസ്താവനയും പുസ്തകത്തിലുണ്ട് (203,204)

ജൈവകൃഷി ജനപ്പെരുപ്പമുള്ള ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ അനുയോജ്യമല്ലെന്നും രാസവളങ്ങളുടെ നിയന്ത്രിതമായ ഉപയോഗംകൊണ്ടു മാത്രമേ ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനാവൂ എന്ന് കാര്യകാരണങ്ങൾ സഹിതം വിശദമാക്കിക്കൊണ്ട് സർക്കാരിന്റെ ഔദ്യോഗിക കാർഷിക നയത്തെത്തന്നെ തള്ളിപ്പറയുന്നു ( 224,228) . ഇടതുസർക്കാരിന്റെ മദ്യനയവും വികസനകാഴ്‌ച്ചപ്പാടിനു വരുദ്ധമാണെന്നും തുറന്നടിക്കുന്നുണ്ട് (163)

സാം പിത്രോദ വളരെയേറെ ശ്ലാഘിച്ച കേരളത്തിന്റെ കോസ്റ്റൽ ഷിപ്പിങ് പദ്ധതി ഇല്ലാതാക്കിയത് തുറമുഖവകുപ്പിനൊപ്പം എക്സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്ന കെ. ബാബുവിന്റെ ഇടപെടൽ മൂലമാണെന്നും പറയുന്നു (171).

കേരളത്തിലെ പെൺകുട്ടികൾ തീവ്രവാദാശയങ്ങൾ തലയ്ക്കുപിടിച്ച് രാജ്യംവിടാൻ കാരണം ആശയപരമായ ചൂഷണത്തിൽനിന്ന് അകന്നുനിൽക്കാൻ ശേഷിയില്ലാത്തതാണെന്നും ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.(129)

296 പേജുകളുള്ള പുസ്തകത്തിന്റെ ഓരോ പുറത്തിലും വിവാദത്തിന്റെ തീക്കനലുമായി, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ വൻ കൊടുങ്കാറ്റുയർത്താവുന്ന ചോദ്യങ്ങളും പ്രസ്താവനകളുമായാണ് പുതിയ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. കാര്യവും കാരണവും എന്ന പുസ്തകം പഠിപ്പിക്കുന്നത് ഒഴുക്കിനെതിരേ നീന്തുവാനും ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനാണെന്നും ജേക്കബ് തോമസ് പറഞ്ഞുവയ്ക്കുന്നു.