തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഖജനാവിൽ നിന്നും പണം മുടക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടത്തി വരുന്നത്. കിഫ്ബി എടുക്കുന്ന വായ്‌പ്പ തിരിച്ചടക്കേണ്ട ചുമതല സംസ്ഥാന സർക്കാറിന് തന്നെയാണ്. ഇങ്ങനെയിരിക്കയോണ് കിഫ്ബിയുടെ ബാധ്യതകൾ ബജറ്റിന് കീഴിൽ കൊണ്ടുവന്നു സുതാര്യമാക്കണം എന്ന ആവശ്യവുമായി കേന്ദ്രസർക്കാറും അതിനെ അനുകൂലിച്ചു സംസ്ഥാന ധനവകാര്യ വകുപ്പ് സെക്രട്ടറിയും അടക്കം രംഗത്തുവരുന്നത്. കൂടാതെ വിദേശത്തു പോയി കിഫ്ബി വായ്‌പ്പ എടുക്കുന്നതും വിവാദങ്ങൾക്ക് ഇട നൽകുന്ന കാര്യമാണ്.

ഇങ്ങനെയാണ് വസ്തുതകൾ എന്നിരിക്കവേ കിഫ്ബിക്ക് കീഴിൽ പുതിയ കൺസൽറ്റൻസി കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ത്യയിലും വിദേശത്തും ഈ കമ്പനി കൺസൽറ്റൻസി ഏറ്റെടുക്കാൻ വേണ്ടിയാണ് കമ്പനി എന്നാണ് അവകാശവാദം. ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്കോൺ. തുടക്കത്തിൽ 100% ഓഹരി കിഫ്ബിയുടേത് ആയിരിക്കും. തുടർന്ന് പരമാവധി 51% ഓഹരികൾ പ്രമുഖ കമ്പനികൾക്ക് അനുവദിക്കും. 5 വർഷത്തിൽ കുറയാത്ത കാലാവധിയോടെ ഫങ്ഷനൽ ഡയറക്ടർമാരെ സർക്കാർ നിയമിക്കും.

ഗതാഗതം, കെട്ടിടങ്ങൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ, നഗരവികസനം, ഊർജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലും അനുബന്ധ സാങ്കേതിക രംഗങ്ങളിലുമാണു കമ്പനി പ്രവർത്തിക്കുക. ഒരു കൂട്ടം കൺസൽറ്റൻസി സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതും സാങ്കേതികവിദ്യാ കൈമാറ്റവും ഈ കമ്പനിയുടെ ലക്ഷ്യമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, മെക്കാനിക്കൽ, ഇലക്ട്രിക്, പ്ലമിങ് മേഖലകളിൽ എൻജിനീയറിങ് ഡിസൈൻ സർവീസ് നൽകും. പ്രോജക്ട് ഡവലപ്‌മെന്റ് സർവീസിന് ആവശ്യമായ പ്രാഥമിക സാധ്യതാ പഠനങ്ങൾ, പരിസ്ഥിതി സാമൂഹിക ആഘാത പഠനം, ഡിപിആർ പിന്തുണ സേവനങ്ങൾ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സർവേയും നടത്തുമെന്നുമാണ് സർക്കാറിന്റെ അവകാശവാദം.

അതേസമയം സംസ്ഥാനത്തെ ചെറിയ പദ്ധതിക്ക് പോലും വിദേശ കൺസൽട്ടൻസിയെ വിളിച്ചു വരുത്തുന്നതാണ് പിണറായി സർക്കാറിന്റെ ഇപ്പോഴത്തെ നയം. ഇത് കൂടാതെ സർക്കാർ തലത്തിൽ ഏറ്റെടുത്തു നടത്തിയ പല പദ്ധതികളും ഇഴഞ്ഞു പോകുകയുമാണ്. ഇതിനിടെയാണ് പുതിയ കൺസൽട്ടൻസി എന്നതും ശ്രദ്ധേയമാണ്. പുതിയ കമ്പനി കിഫ്ബിയുടെ കീഴിൽ തുടങ്ങുന്നത് കിഫ്ബിക്കും തിരിച്ചടിയാകുമോ എന്നതും കണ്ടെറിയേണ്ടതാണ്.

കിഫ്ബി-സാമൂഹിക സുരക്ഷാ പെൻഷൻ ബാധ്യതകൾ ബജറ്റിന്റെ ഭാഗമാക്കണമെന്ന കേന്ദ്രനയത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിങിനുള്ളത്. ഇങ്ങനെ ആവശ്യപ്പെടാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും സംസ്ഥാനങ്ങളുടെ ധനകാര്യ സുതാര്യതയ്ക്ക് ഇതിനെ ബജറ്റിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും രാജേഷ് കുമാർ സിങ് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ കേരള എക്കണോമിയിലാണ് കേന്ദ്രത്തെ പിന്തുണച്ച് രാജേഷ് കുമാർ സിങ് ലേഖനം എഴുതിയിരിക്കുന്നത്.

കേന്ദ്ര നിലപാട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും സംസ്ഥാനം നിലപാടെടുക്കുമ്പോഴാണ് ധനകാര്യ സെക്രട്ടറി തന്നെ വിരുദ്ധ നിലപാടെടുത്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ രാജേഷ് കുമാർ സിങ് പ്രസംഗിച്ച കാര്യങ്ങൾ ക്രോഡീകരിച്ചാണ് ലേഖനം. ധനകാര്യ സെക്രട്ടറിയുടെ നിലപാടിൽ ധനമന്ത്രിയടക്കമുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.

മറുവശത്ത് കഫ്ബിയുടെ വിപണിയിലെ ഫണ്ട് സമാഹരണവും ബ്രാൻഡും തകർക്കാനാണ് ശ്രമം നടക്കുന്നുണ്ടെന്നാണ് മന്ത്രി അടക്കമുള്ളവരുടെ അവകാശവാദം. എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി), കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി), ആദായ നികുതിവകുപ്പും (ഐടിവകുപ്പ്) സംയുക്തമായാണ് കിഫ്ബി വേട്ടയ്ക്കിറങ്ങുന്നതെന്നാണ് സിപിഎം പ്രചരണം. കിഫ്ബി ഉദ്യോഗസ്ഥരെയും ഭരണനേതൃത്വത്തെയും നിഷ്‌ക്രിയരാക്കാനാണ് ഇഡി ശ്രമം. കരാറുകാർക്ക് നൽകുന്ന തുകയുടെ നികുതിയുടെ പേരുപറഞ്ഞ് കിഫ്ബി ഓഫീസിൽ അനാവശ്യ പരിശോധനകൾക്കും പരിഭ്രാന്തി സൃഷ്ടിക്കലിനുമാണ് ഐടിവകുപ്പിന്റെ നോട്ടം.

സംസ്ഥാന ബജറ്റിനു പുറത്ത് കിഫ്ബി സമാഹരിക്കുന്ന ഫണ്ട് ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾ നടപ്പാക്കുകയാണ് സിഎജിയെന്നാണ് ധനമന്ത്രിയുടെ അടക്കം കുറ്റപ്പെടുത്തലുകൾ. പദ്ധതി നടപ്പാക്കുന്ന പ്രത്യേകോദ്ദേശ്യ സ്ഥാപനങ്ങൾ (എസ്‌പിവി) കരാറുകാർക്ക് നൽകുന്ന ബിൽ തുകയുടെ ഉറവിടത്തിൽ ആദായ നികുതി (ടിഡിഎസ്) ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡി കിഫ്ബിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

ടിഡിഎസ് ഉൾപ്പെടെ നികുതികളെല്ലാം കരാറുകാരുടെ ബിൽ തുകയിൽ ഈടാക്കി അടയ്ക്കേണ്ടത് എസ്‌പിവിയാണ്. എന്നിട്ടും ആദായ നികുതി കമീഷണറുടെ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ കിഫ്ബി ഓഫീസിൽ മുന്നറിയിപ്പില്ലാതെ കടന്നുകയറി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും മുതിർന്ന ഉദ്യോഗസ്ഥരെയും 10 മണിക്കൂറോളം തടഞ്ഞുവച്ചു. ഹൈക്കോടതി ഇടപെട്ടാണ് അനാവശ്യ നടപടി താൽക്കാലികമായി അവസാനിപ്പിച്ചത്. കിഫ്ബിയിൽ ഓഡിറ്റ് സുഗമമായി പുരോഗമിക്കുന്നതിനിടയിലാണ് വിരുദ്ധമായ കാര്യങ്ങൾ സിഎജി മാധ്യമ സഹായത്തോടെ പ്രചരിപ്പിച്ചത്. ഓഡിറ്റിനെ കിഫ്ബി എതിർക്കുന്നുവെന്ന് വരുത്തിത്തീർക്കാനായി ശ്രമം. എന്നാൽ, ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും സിഎജിക്കായി കിഫ്ബി ഒരുക്കിയിരുന്നുവെന്നും സർക്കാർ അവകാശപ്പെടുന്നു.