കൊച്ചി : കാനഡയിലെ മിസിസാഗ ആസ്ഥാനമായി സിറോ മലബാർ സഭയ്ക്ക് പുത്തൻ രൂപത. മിസിസാഗ ഇതവരെ അപ്പസ്‌തോലിക്ക് എക്‌സാർക്കേറ്റായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലത്തെ രൂപതയാക്കി ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഇത് സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും കാനഡയിലും വത്തിക്കാനിലും വായിച്ചു. മാർ ജോസഫ് കല്ലുവേലി മിസിസാഗ രൂപതയുടെ ബിഷപ്പാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രൂപതയുടെ ഉദ്ഘാടനവും ബിഷപ്പിന്റെ സ്ഥാനാരോഹണവും പിന്നീട് .

കാക്കനാട്ട് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാനഡയിൽ നിലവിൽ അപ്പസ്‌തോലിക് എക്‌സാർക്ക് പദവിയിലുള്ള മാർ ജോസഫ് കല്ലുവേലിയുമാണ് ഉത്തരവു വായിച്ചത്. 2015 ഓഗസ്റ്റ് 6നു മിസിസാഗയിൽ എക്‌സാർക്കേറ്റ് സ്ഥാപിതമായതു മുതൽ മാർ കല്ലുവേലിയാണ് എക്‌സാർക്ക്. രൂപത ഇല്ലാത്ത പ്രദേശങ്ങളിലെ സഭാഭരണ സംവിധാനമാണ് എക്‌സാർക്കേറ്റ്. അതിന്റെ തലവനാണ് എക്‌സാർക്ക്.

കുറവിലങ്ങാട് തോട്ടുവ സ്വദേശിയാണ് ബിഷപ് മാർ കല്ലുവേലി (63). കുടുംബാംഗങ്ങൾ ഇപ്പോൾ പാലക്കാട് നെല്ലിപ്പാറ ഇടവകയിലാണ്. 1984 ഡിസംബർ 18നു പൗരോഹിത്യമേറ്റു. 2015 സെപ്റ്റംബർ 19നു ബിഷപ്പായി. മിസിസാഗ രൂപത രൂപീകൃതമാകുന്നത് 20,000 വിശ്വാസികൾ അടങ്ങുന്ന 12 ഇടവകകൾ ചേർന്നാണ്. ഇവിടെ പ്രധാനമായും നാലു പള്ളികളും 34 മിഷൻ കേന്ദ്രങ്ങളുമുണ്ട്. 23 വൈദികർ , മൂന്ന് സന്യാസിനീ സമൂഹങ്ങൾ 12 സന്യാസിനികൾ എന്നിവരാല് സമ്പന്നമാണ് മിസിലസാഗ രൂപതയിലെ ആത്മീയ നേതൃത്വം.