തിരുവനന്തപുരം: ആഗോള കത്താലിക്കാ സഭയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് മറ്റൊരു രൂപത കൂടി. തിരുവനന്തപുരം രൂപത വിഭജിച്ച് തമിഴ്‌നാടിന്റെ അതിർത്തി പ്രദേശമായ പാറശാലയിൽ പുതിയ രൂപത സ്ഥാപിക്കുകയാണുണ്ടായത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭാ രൂപതാധ്യക്ഷനായ മാർ യൗസേബിയോസാണ് പാറശ്ശാല രൂപതയുടെ പ്രഥമ മെത്രാൻ. റവ. ഡോ. ജോർജ് കാലായിലിനെയും റവ. ഡോ. ജോൺ കൊച്ചുതുണ്ടിലിനെയും പുതിയ ബിഷപ്പുമാരായി നിയമിച്ചു.

റവ. ഡോ. ജോർജ് കാലായിലിനെ കർണാടകയിലെ പുത്തൂർ രൂപതയിലെ ബിഷപ്പായും ഡോ. ജോൺകൊച്ചു തുണ്ടിലിനെ സഭാ അസ്ഥാനത്ത് കൂരിയ മെത്രാനായുമാണ് നിയമിച്ചത്. പുതിയ ബിഷപ്പുമാരുടെ സ്ഥാനാരോഹണം സെപ്റ്റംബർ 21ന് അടൂരിൽ നടക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തി. ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് സഭയുടെ സുന്നഹദോസ് എടുത്ത തീരുമാനങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പാ സ്ഥിരീകരണം നൽകുകയായിരുന്നു. ചടങ്ങിൽ ആർച്ച് ബിഷപ്പുമാരായ സൂസപാക്യം, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഗീവർഗീസ് മാർ ദിവന്നാസിയോസ്, യോഹന്നാൻ മാർ ക്രിസോസ്റ്റം, ജോഷ്വ മാർ ഇഗ്‌നോത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചാണ് പാറശ്ശാല രൂപതയ്ക്ക് രൂപം നൽകിയത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര വൈദികജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദികജില്ലയിലെ രണ്ട് ഇടവകകളും ചേർന്നതാണ് പുതിയ രൂപത. രൂപതയുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് നടക്കും. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചു രൂപീകരിക്കുന്ന നാലാമത്തെ രൂപതയാണു പാറശാല. മാർത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട എന്നിവയാണ് മറ്റു രൂപതകൾ. ഇതോടെ മലങ്കര കത്തോലിക്കാസഭയ്ക്ക് 11 രൂപതകളും ഒരു എക്‌സാർക്കേറ്റുമായി.

പുത്തൂർ ബിഷപ്പായി നിയമിതനായ റവ.ഡോ. ജോർജ് കാലായിലിനെ മോതിരം അണിയിച്ചതു പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ്. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറീലോസ് ഇടക്കെട്ട് അണിയിച്ചു. പത്തനംതിട്ട ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം പുറംകുപ്പായം അണിയിച്ചപ്പോൾ ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് ബൊക്കെ നൽകി. കൂരിയാ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്‌തോലിക വിസിറ്ററുമായി നിയമിതനായ റവ.ഡോ. ജോൺകൊച്ചുതുണ്ടിലിനെ ബിഷപ് ജോഷ്വ മാർ ഇഗ്‌നാത്തിയോസ് മോതിരം അണിയിച്ചു. തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് ഇടക്കെട്ട് അണിയിച്ചപ്പോൾ തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറീലോസ് പുറംകുപ്പായം അണിയിച്ചു. അജപാലന സമിതി സെക്രട്ടറി ജേക്കബ് പുന്നൂസ് ബൊക്കെ നൽകി.

പാറശ്ശാല രൂപതയിൽ നിയമിതനായ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് പത്തനംതിട്ട ജില്ലയിൽ മൈലപ്ര സ്വദേശിയാണ്. ഡോ. തോമസ് മാർ യൗസേബിയോസ് 1961 ജൂൺ ആറിന് നായിക്കംപറന്പിൽ എൻ.ടി. തോമസിന്റെയും ശോശാമ്മ വർഗീസിന്റെയും മകനായാണ് ജനിച്ചത്. മൈലപ്ര സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽനിന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം പൂർത്തിയാക്കി.

1986 ഡിസംബർ 29ന് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും പൂന പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിലും മാസ്റ്റർ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. തിരുവനന്തപുരം മലങ്കര സെമിനാരിയിലും മറ്റു വിവിധ സെമിനാരികളിലും പ്രഫസറായിരുന്നു.

2010 ജൂലൈ 10ന് അമേരിക്കയിൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാ എക്‌സാർക്കേറ്റിന്റെ പ്രഥമ ഇടയനായി ബനഡിക്ട് 16ാമൻ മാർപാപ്പ നിയമിച്ചു. 2010 സെപ്റ്റംബർ 21ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയിൽ നിന്നും മെത്രാൻ പട്ടം സ്വീകരിച്ചു. കഴിഞ്ഞ ഏഴ് വർഷമായി അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ മെത്രാൻ എന്ന നിലയിൽ ന്യൂയോർക്കിൽ രൂപതാ ആസ്ഥാനവും കത്തീഡ്രൽ ദൈവാലയവും സ്ഥാപിച്ചു. അമേരിക്കൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസിൽ കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണത്തിനായുള്ള കമ്മീഷനിലും ഏഷ്യാ പസഫിക് രാജ്യങ്ങളിലെ പ്രവാസികൾക്കുവേണ്ടിയുള്ള കമ്മീഷനിലും അംഗമായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ. ജർമൻ ഭാഷകളിൽ പ്രാവീണ്യം ഉണ്ട്.

റവ. ഡോ. ജോർജ് കാലായിൽ

കർണാടകത്തിലെ സൗത്ത് കാനറ പുത്തൂർ രൂപത കേന്ദ്രമായിട്ടുള്ള രൂപതയുടെ പ്രഥമ ഇടയൻ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു വന്ന ഒഴിവിലേക്കാണ് ഇപ്പോൾ രൂപതയുടെ അഡ്‌മിനിട്രേറ്ററായ റവ. ഡോ. ജോർജ് കാലായിൽ നിയമിതനാകുന്നത്.

സൗത്ത് കാനറ ന്യൂജിബാൽത്തില സ്വദേശിയായ റവ. ഡോ. ജോർജ് കാലായിൽ, കാലായിൽ പരേതനായ കെ.എം. ചാക്കോ, മറിയാമ്മ ദന്പതികളുടെ മകനാണ്. രാജു, ചാക്‌സൺ, അമ്മിണി, ലീലാമ്മ, തങ്കമ്മ, ലിസി എന്നിവരാണ് സഹോദരങ്ങൾ. തിരുവല്ല ഇൻഫന്റ് മേരി സെമിനാരി, മംഗലാപുരം സെന്റ് ജോസഫ്‌സ് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നേടിയശേഷം 1986 മെയ്‌ ഒന്നിന് സിറിൾ ബസേലിയോസ് കാതോലിക്കാബാവയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.

റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ

ബിഷപ് തോമസ് മാർ അന്തോണിയോസ് പൂനാ എക്‌സാർക്കേറ്റിന്റെ ഇടയനായി നിയമിതനായതിനെ തുടർന്നാണ് സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ കൂരിയാ മെത്രാനായി റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ നിയമിതനാകുന്നത്. ഇതിന് പുറമേ യൂറോപ്പിലെയും ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ അപ്പസ്‌തോലിക സന്ദർശക ചുമതലയും നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ പുതുശേരിഭാഗം സ്വദേശിയായ റവ. ഡോ. ജോൺ കൊച്ചുതുണ്ടിൽ, കൊച്ചുതുണ്ടിൽ ഫിലിപ്പോസ് ഉണ്ണുണ്ണി, പരേതയായ ചിന്നമ്മ ദന്പതികളുടെ മകനായി 1959 ഏപ്രിൽ എട്ടിനാണ് ജനിച്ചത്. രാജു, വിൽസൺ, വൽസമ്മ, തിരുവനന്തപുരം മേജർ അതിരൂപതയിലെ റവ. ഫാ. ജോൺസൺ കൊച്ചുതുണ്ടിൽ, ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ കരുണ എസ്.ഐ.സി. എന്നിവർ സഹോദരങ്ങളാണ്.

തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരി, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നേടിയശേഷം 1985 ഡിസംബർ 22ന് ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.