- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം; രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല; വഹിക്കാവുന്ന ഭാര പരിധി 500 കിലോഗ്രാം വരെ; ചരക്ക് നീക്കത്തിന് ഡ്രോൺ ഇടനാഴി; വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നയം ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വ്യോമയാനമന്ത്രാലയം പുതിയ നയം പുറത്തിറക്കി. രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങൽ, വിൽപന എന്നിവ നിയന്ത്രണ വിധേയമാകും. പിഴത്തുകയും ഫീസും കുറച്ചു. വഹിക്കാവുന്ന ഭാര പരിധി കൂട്ടി. ചരക്ക് നീക്കത്തിന് ഡ്രോൺ ഇടനാഴി വരും. ചട്ടങ്ങൾ ചരിത്രപരമാണെന്നും പുതിയ അവസരങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ഡ്രോണുകളെ അഞ്ചുവിഭാഗമായി തിരിച്ചിട്ടുണ്ട്. 250 ഗ്രാംവരെ നാനോ, 2 കിലോവരെ മൈക്രോ, 25 കിലോവരെ സ്‌മോൾ, 150 കിലോവരെ മീഡിയം, 150കിലോയിൽ കൂടുതൽ ലാർജ്. ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴി ഡ്രോണുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യുണീക് െഎഡന്റിഫിക്കേഷൻ നമ്പറുമുണ്ടാകും. രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കരുത്. റജിസ്‌ട്രേഷന് മുൻകൂർ പരിശോധന ആവശ്യമില്ല. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ വ്യോമപാതകൾ മേഖലകളാക്കി തിരിച്ച് ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.
ഡ്രോണുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ നിശ്ചതഫീസ് നൽകി ഡിരജിസ്റ്റർ ചെയ്യണം. 500 കിലോഗ്രാം വരെ ഭാരം വഹിക്കാം. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണം. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുംവിധം ഡ്രോൺ ഉപയോഗിക്കാൻ പാടില്ല. പിഴത്തുക ഒരു ലക്ഷം രൂപയാക്കി കുറച്ചു. ആളില്ലാവിമാനങ്ങൾ പറത്താൻ ലൈസൻസ് നിർബന്ധമാണ്. പത്താംക്ലാസ് പാസായ, പരിശീലനം ലഭിച്ച, 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് ലൈസൻസ് ലഭിക്കുക.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റുമായി ഡ്രോൺ ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ തീരുമാനം. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ വ്യവസ്ഥചെയ്യുന്ന പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ നിരവധി തവണ ഡ്രോൺ സാന്നിധ്യം കണ്ടെത്തുകയും സൈന്യം ഇവ വെടിവെച്ചിടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നിലനിർത്തി അതീവജാഗ്രതാ പ്രദേശങ്ങളിൽ ഡ്രോൺ പറത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകൾക്ക് ഇത് മൂലം നിരവധി നേട്ടങ്ങൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഡ്രോൺ നിർമ്മാണ രംഗത്തെ പുതിയ ഹബ്ബായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഡ്രോൺ നിയന്ത്രണച്ചട്ടങ്ങൾ സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും ഈ രംഗത്തുള്ള ചെറുപ്പക്കാർക്കും സഹായകരമാകുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ബിസിനസിനും നവീനതകൾക്കും ഈ ചട്ടങ്ങൾ പുതിയ സാധ്യതകൾ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
The new Drone Rules usher in a landmark moment for this sector in India. The rules are based on the premise of trust and self-certification. Approvals, compliance requirements and entry barriers have been significantly reduced. https://t.co/Z3OfOAuJmp
- Narendra Modi (@narendramodi) August 26, 2021
''പുതിയ ഡ്രോൺ നിയമങ്ങൾ ഈ മേഖലയ്ക്ക് ഒരു വലിയ നാഴികക്കല്ലാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം, സ്വയം സർട്ടിഫിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അനുമതി, ഡ്രോൺ നിർമ്മാണ രംഗത്തേക്ക് കടക്കുന്നതിനുള്ള തടസ്സങ്ങൽ നീക്കൽ എന്നിവയെല്ലാം ലളിതമാക്കിയിരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിർമ്മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്. ഇതിന്റെ ഭാഗമായ ഡ്രോൺ ഇറക്കുമതിക്കും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.
ഡ്രോൺ നിയമങ്ങൾ 2021-ലെ 30 സവിശേഷതകൾ
വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തൽ, അനാവശ്യ ഇടപെടൽ ഇല്ലാത്ത നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.
സുരക്ഷ, സംരക്ഷണ പരിഗണനകൾ സന്തുലിതമാക്കി, അതിവേഗ വളർച്ചാ യുഗത്തിന് അനുസൃതമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിരവധി അംഗീകാരങ്ങൾ നിർത്തലാക്കി. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് അഞ്ച് ആക്കി കുറച്ചു.
ഫീസ് തരങ്ങൾ 72 ൽ നിന്ന് നാലാക്കി കുറച്ചു. ഫീസ് നിരക്ക് നാമമാത്രമായി കുറച്ചു, ഫീസിന് ഡ്രോണിന്റെ വലുപ്പം അടിസ്ഥാനമാക്കുന്നത് ഒഴിവാക്കി. ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം ഒരു ഉപയോക്താവ് സൗഹൃദ, ഏകജാലക സംവിധാനമായി വികസിപ്പിക്കും. ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും; മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.
ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഗ്രീൻ, യെല്ലോ, റെഡ് സോണുകളുള്ള സംവേദനാത്മക വ്യോമമേഖല ഭൂപടം ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കും. ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല.
യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല.
ഏതെങ്കിലും റജിസ്‌ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല. ഗ്രീൻ സോണിൽ സ്ഥിതിചെയ്യുന്ന, സ്വന്തമായോ വാടകയ്ക്കോ ഉള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ്, യുണിക് തിരിച്ചറിയൽ നമ്പർ, റിമോട്ട് പൈലറ്റ് ലൈസൻസ് എന്നിവയുടെ ആവശ്യമില്ല.
ഇന്ത്യൻ ഡ്രോൺ കമ്പനികളിൽ വിദേശ ഉടമസ്ഥതയ്ക്ക് നിയന്ത്രണമില്ല. ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് ഡിജിഎഫ്ടി ആണ്.
ഡിജിസിഎയിൽ നിന്നുള്ള ഇറക്കുമതി ക്ലിയറൻസിന്റെ ആവശ്യകത നിർത്തലാക്കി. 2021 ലെ ഡ്രോൺ ചട്ടങ്ങൾപ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്‌സികളും ഉൾക്കൊള്ളുന്നു.
ഡിജിസിഎ, ആവശ്യമായ പരിശീലന മാർഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്‌കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും. ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമിലൂടെ അംഗീകൃത ഡ്രോൺ സ്‌കൂളിൽ നിന്ന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് പൈലറ്റിന് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിമോട്ട് പൈലറ്റ് ലൈസൻസ് ഡിജിസിഎ നൽകണം.
ഡ്രോണുകൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ അംഗീകൃത ടെസ്റ്റിങ് സ്ഥാപനങ്ങൾ നടത്തണം. ഇന്ത്യയിൽ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനു മാത്രമാണ് ടൈപ്പ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത. ഇറക്കുമതി ചെയ്യുന്നതും കയറ്റുമതിക്കായി നിർമ്മിക്കുന്നതുമായ ഡ്രോണുകളെ ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്നും പ്രത്യേക തിരിച്ചറിയൽ നമ്പറിൽ നിന്നും ഒഴിവാക്കി.
ഗവേഷണത്തിനോ വിനോദത്തിനോ വേണ്ടി നിർമ്മിച്ച നാനോ, മാതൃകാ ഡ്രോണുകളെയും ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്ന് ഒഴിവാക്കി. നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും സ്വയം സർട്ടിഫിക്കേഷൻ വഴി ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമിൽ നിന്ന് അവരുടെ ഡ്രോണുകളുടെ പ്രത്യേക തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കാം.
ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴി ഡ്രോണുകൾ കൈമാറുന്നതിനും ഡീ-രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള പ്രക്രിയ ലളിതമാക്കി. 2021 നവംബർ 30-നോ അതിനു മുമ്പോ ഇന്ത്യയിൽ നിലവിലുള്ള ഡ്രോണുകൾക്ക് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴി നൽകും. അവയ്ക്ക് ഡിഎഎൻ, ജിഎസ്ടി അടച്ച ഇൻവോയ്‌സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ ഡിജിസിഎ അംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കണം.
ഉപയോക്താക്കളുടെ സ്വയം നിരീക്ഷണത്തിനായി ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമിൽ ഡിജിസിഎ മാതൃകാപ്രവർത്തനം ചട്ടവും പരിശീലന പ്രവർത്തന നിർദ്ദേശങ്ങളും വ്യക്തമാക്കിയിരിക്കും. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കിൽ അനുമതികൾ ആവശ്യമില്ല.
ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു. 'അനുമതിയില്ലെങ്കിൽ-ടേക്ക് ഓഫ് ഇല്ല' (എൻപിഎൻടി), തത്സമയ ട്രാക്കിങ് ബീക്കൺ, ജിയോ-ഫെൻസിങ് തുടങ്ങിയവ പോലുള്ള സുരക്ഷാ സവിശേഷതകൾ ഭാവിയിൽ വിജ്ഞാപനം ചെയ്യും. ഇവ നടപ്പിൽ വരുത്തുന്നതിന് വ്യവസായ മേഖലയ്ക്ക് ആറ് മാസത്തെ മുൻകൂർ സമയം നൽകും.
ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും. വളർച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദ്ധർ, സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെ, ഡ്രോൺ പ്രൊമോഷൻ കൗൺസിലിന് സർക്കാർ രൂപം നൽകും.
ന്യൂസ് ഡെസ്ക്