ശിവഗിരി: മുസ്ലിങ്ങളും ക്രിസ്ത്യാനികളും മതപരമായ ചടങ്ങുകളുടെ ഭാഗമായി നൊയമ്പു നോൽക്കാറുണ്ട്. ശബരിമല തീർത്ഥാടനകാലത്തും ചില വിശേഷദിവസങ്ങളിലും ഹിന്ദുക്കളും നൊയമ്പു നോൽക്കും. എന്നാലിതാ വ്യവസ്ഥാപിത രീതികളിൽ നിന്നു മാറി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് വിശ്വാസികൾക്ക് പുതിയ വ്രതാനുഷ്ഠാനത്തിന് നിർദ്ദേശം നൽകി.

ചിങ്ങം ഒന്നുമുതൽ കന്നി അഞ്ചുവരെ ശ്രീനാരായണമാസമായി ആചരിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണധർമചര്യ യജ്ഞവും നടത്തും. ഇക്കാലയളവിലെ 35 ദിവസവും ശ്രീനാരായണഗുരുഭക്തർ മത്സ്യമാംസാദികളും ലഹരിപദാർത്ഥങ്ങളും വർജിച്ച് വ്രതാനുഷ്ഠാനത്തോടെ ജീവിക്കണമെന്നാണ് മഠത്തിന്റെ നിർദ്ദേശം. സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ശ്രീനാരായണഗുരു രചിച്ച കൃതികളുടെ പാരായണം, ദൈവദശകം പഠനക്ലാസുകൾ, സമ്മേളനങ്ങൾ, ദാനധർമ്മങ്ങൾ എന്നിവയിലാകണം ഇക്കാലയളവിൽ ഭക്തരുടെ ശ്രദ്ധ പതിയേണ്ടതെന്നാണ് ട്രസ്റ്റിന്റെ നിർദ്ദേശം. ചിങ്ങം ഒന്നുമുതൽ കന്നി അഞ്ചുവരെയുള്ള കാലയളവിലാണ് ശ്രീനാരായണഗുരുജയന്തി, ചട്ടമ്പിസ്വാമി ജയന്തി, ശ്രീകൃഷ്ണജയന്തി, ബ്രഹ്മാനന്ദ ശിവയോഗി ജയന്തി, അയ്യങ്കാളി ജയന്തി, സഹോദരൻ അയ്യപ്പൻ ജന്മദിനം എന്നിവ വരുന്നത്. ഈ പുണ്യദിനങ്ങളും ആഘോഷിക്കണം.

ശ്രീനാരായണഗുരുവിന്റെ സമാധിദിനമായ കന്നി അഞ്ചുമുതൽ സ്വാമി ബോധാനന്ദയുടെ സമാധിദിനമായ കന്നി 9 വരെ ഇക്കൊല്ലം മുതൽ ശിവഗിരിമഠത്തിൽ മഹാസമാധി ആചരണം നടക്കും. തുടർന്നുള്ള വർഷങ്ങളിലും മഹാസമാധിദിനാചരണം ഇത്തരത്തിൽ നടത്താനാണ് ധർമ്മസംഘം ട്രസ്റ്റ്‌ബോർഡ് തീരുമാനം. കന്നി അഞ്ചിന് മഹാസമാധി ആചരണത്തിന് ശേഷം ആറുമുതൽ ശിവഗിരിയിൽ അഖണ്ഡജപയജ്ഞം, പ്രഭാഷണം, സമ്മേളനം, ശാന്തിഹവനയജ്ഞം, സ്വാമി ബോധാനന്ദ സ്മൃതിസമ്മേളനം എന്നിവയും നടത്തും. ദൈവദശകത്തിന്റെ ശതാബ്ദി പ്രമാണിച്ച് കന്നി അഞ്ചിന് മഹാസമാധി സമയമായ വൈകിട്ട് 3.30ന് ആരംഭിക്കുന്ന ദൈവദശകം അഖണ്ഡജപം സ്വാമി ബോധാനന്ദയുടെ സമാധിദിനമായ കന്നി 9ന് വെളുപ്പിന് 3.30ന് അവസാനിക്കും.