കോട്ടയം: ഇരുപതുവർഷമായി കാത്തിരുന്ന വായനക്കാരെ അരുന്ധതി റോയി നിരാശപ്പെടുത്തിയില്ലെന്ന് കെ ആർ മീര. പുതിയ നോവൽ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് രാഷ്ട്രീയമായ പുനർനിർമ്മാണമാണെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു മീര പറഞ്ഞു. കോട്ടയത്ത് ഡിസി കിഴക്കേമുറി ഫൗണ്ടേഷനിലായിരുന്നു ഇരുപതു വർഷത്തിനു ശേഷം അരുന്ധതി എഴുതിയ നോവലിന്റെ പ്രകാശനം. ഡിസി ബുക്‌സാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.

അരുന്ധതിയുടെ ആദ്യ നോവൽ ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് വ്യക്തിപരമായ പുനർനിർമ്മാണമായിരുന്നു. ദ മിനിസ്റ്റർ ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് രാഷ്ട്രീയമായ പുനർനിർമ്മാണമാണ്. വായനക്കാരെ നിരാശപ്പെടുത്താത്ത വിധമുള്ള ആഖ്യാനമാണ് നോവലിലുള്ളത്. അരുന്ധതിയുടെ പുതിയ രചന സംവേദനശേഷിയുടെ പുതിയ മാനങ്ങൾ തീർക്കും- മീര പറഞ്ഞു. ജി ആർ ഇന്ദുഗോപൻ പുസ്തകം ഏറ്റുവാങ്ങി.

കേരളത്തിലെ പ്രദേശങ്ങളിൽ നിന്നുമാത്രമല്ല ഇന്ത്യയുടെയും ലോകത്തിലെയും എല്ലാ ഭാഗങ്ങളിലെയും ചരിത്രാംശങ്ങൾ ഈ പുസ്തകത്തിൽ കാണാമെന്നും എല്ലാവായനക്കാരെയും പോലെ താനും നോവൽ വായിച്ചുതീർക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ഇന്ദുഗോപൻ പറഞ്ഞു. ചടങ്ങിൽ രവി ഡീസി സ്വാഗതവും എ വി ശ്രീകുമാർ നന്ദിയും പറഞ്ഞു.

പഴയ ഡൽഹിയിൽനിന്നു പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീർഘയാത്രയാണ് 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്' എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം. അത് അവിടെ നിന്നും വികസിച്ച് യുദ്ധം സമാധാനവും സമാധാനം യുദ്ധവുമായി തീരുന്ന കാശ്മീർ താഴ്‌വരയിലേക്കും മധ്യേന്ത്യയിലെ വനാന്തരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകഥയോടൊപ്പം നിർണായകമായ ചില മുന്നറിയിപ്പുകളും നോവൽ നൽകുന്നുണ്ട്.

ഒരു മന്ത്രണമായും ഒരു അലർച്ചയായും കണ്ണീരിൽ കുതിർന്നും ചിലപ്പോഴൊക്കെ ഒരു ചിരിയായും അത് നമ്മോട് സംസാരിക്കും. ജീവിച്ചിരിക്കുന്ന ലോകം ആദ്യം മുറിവേൽപ്പിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ നായകരൊക്കെ തന്നെയും; അവർ പിന്നീട് പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും വീഴുന്നു. കഥപറച്ചിലിൽ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത മുഴുവൻ വെളിവാക്കുന്നതാണ് പുതിയ കൃതി.

ബ്രിട്ടനിലെ പ്രസാധകരായ ഹാമിഷ് ഹാമിൽട്ടണും പെൻഗ്വിൻ ഇന്ത്യയുമാണ് പുസ്തകത്തിന്റെ പ്രസാധകർ. 'അരുന്ധതി റോയിയുടെ മാസ്റ്റർപീസ് നോവലായ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡി സി ബുക്‌സ് തന്നയാണ് പുതിയ കൃതിയായ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസും മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.