കൊച്ചി: 111 ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് നടത്തിയ തയ്യാറെടുപ്പിന്റെ ബലത്തിൽ ഒരു മിനിറ്റിൽ 85 പുഷ് അപ് എടുത്ത് റെക്കോഡിട്ട് കെ ജെ ജോസഫ് വീണ്ടും ചരിത്രമെഴുതി. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ പുഷ്അപ് എന്ന സ്വന്തം റെക്കോർഡ് തകർത്താണ് എരുമേലി ചാത്തൻതറ സ്വദേശി കെ.ജെ. ജോസഫ് വീണ്ടും കരുത്തു കാട്ടിയത്. അഞ്ചുമാസം മുമ്പ് ജോസഫ് സ്വന്തംപേരിൽ കുറിച്ച മിനിറ്റിൽ 82 പുഷ് അപ് എന്ന റെക്കോഡ് പഴങ്കഥയായി.

പ്രകൃതിജീവനത്തിന്റെ പാത സ്വീകരിച്ചത് തനിക്ക് കൂടുതൽ കരുത്തായെന്ന് ജോസഫ് വ്യക്തമാക്കുന്നു. 111 ദിവസം പച്ചവെള്ളവും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചാണു ജോസഫ് ഒരുങ്ങിയത്. വേവിച്ച ആഹാരം പൂർണമായി ഒഴിവാക്കി. ഇതിലൂടെ ശക്തിയും വേഗവും വർധിച്ചെന്ന് ജോസഫ് പറഞ്ഞു. രാവിലെ തക്കാളി, കാരറ്റ് തുടങ്ങിയവ. ഉച്ചയ്ക്കും വൈകിട്ടും പഴങ്ങൾ. പപ്പായ, ചക്കപ്പഴം, മാമ്പഴം തുടങ്ങി പഴങ്ങളുടെ ലഭ്യത അനുസരിച്ച് കഴിക്കും. രാവിലെ രണ്ടര മണിക്കൂറായിരുന്നു പരിശീലനം.

അഞ്ചുമാസം മുമ്പാണ് കേരള ബ്രൂസിലിയെന്ന് വിളിക്കുന്ന ജോസഫ് പുഷ് അപ്പിൽ ലോക റെക്കോഡ് തിരുത്തി സ്വന്തം പേരിലാക്കിയത്. അമേരിക്കകാരനായ റോൺ കൂപ്പറിന്റെ റെക്കോഡ് അന്ന് ജോസഫിന് വഴിമാറി. ഇത് ആദ്യമായല്ല ലോക റെക്കോഡിൽ കെ ജെ ജോസഫിന്റെ പേര് എഴുതിച്ചേർക്കുന്നത്.

പിന്നീട് 2015 ഇൽ തന്നെ ഒരു മണിക്കൂറിൽ 2000 പുഷ് അപ്പുകൾ എടുത്ത് വീണ്ടും റെക്കോഡ് കുറിച്ചു. 100 പുഷ് അപ്പുകൾ എന്നതായിരുന്നു തന്റെ സ്വപ്നമെന്ന് ജോസഫ് പറയുന്നു. ആ ലക്ഷ്യത്തിലാണ് ഇറങ്ങിയതെങ്കിലും ഇക്കുറി 85 പുഷ് അപുകൾ വരെയേ എത്തിയുള്ളൂ. കരാട്ടയിലും കളരിപ്പയറ്റിലും പ്രാഗല്ഭ്യമുള്ള ജോസഫ് പഞ്ചകർമ്മയിലും ഗുസ്തിയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അക്കാദമി ഓഫ് മാർഷൽ ആർട്‌സിൽ പരിശീലകനാണ്.

കേന്ദ്ര മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ഗിന്നസ് മാടസ്വാമി, ഇന്റർനാഷനൽ ഷോറിൻ റിയു ഫെഡറേഷൻ പ്രതിനിധി സി. ഗോപാലൻ എന്നിവരുടെ മുന്നിലായിരുന്നു പ്രകടനം. ഇതിന്റെ വിഡിയോ ദൃശ്യം ഗിന്നസ് അധികൃതർക്ക് നൽകും. നടപടിക്രമം പൂർത്തിയായാൽ ഔദ്യോഗിക അറിയിപ്പു ലഭിക്കും. പ്രകൃതിദത്തമായ ആഹാരം കഴിക്കുമ്പോഴാണ് മനുഷ്യന് ആരോഗ്യത്തിന്റെ പൂർണത കൈവരുന്നതെന്നും ഈ സന്ദേശം സമൂഹത്തിന് കൈമാറാനാണ് താൻ ശ്രമിക്കുന്നതെന്നു ജോസഫ് പറഞ്ഞു.

17.9 മി.മീ. വ്യാസമുള്ള രണ്ട് ഉരുക്ക് ദണ്ഡുകൾ മൂന്ന് സെക്കന്റിനുള്ളിൽ കൈകൊണ്ട് വെട്ടിമുറിക്കുന്നതിലും ജോസഫ് ലോക റെക്കോഡ് നേടിയിട്ടുണ്ട്. എരുമേലി ചാത്തൻതറ സ്വദേശിയും മൂന്നാറിൽ ആയുർവേദ സെന്റർ മാനേജറുമായ ജോസഫ്, പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്ന് തെളിയിക്കുകയാണ്.

മണിക്കൂറിൽ 2092 പുഷ് അപ്പ് എടുത്ത് യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിലും അഞ്ച് സെക്കൻഡിൽ മൂന്ന് ഇരുമ്പുകമ്പി ഒടിച്ച് റെക്കോഡ്‌സ് സെന്റർ അമേരിക്കയിലും പേരെഴുതിച്ചേർത്ത ജോസഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം കണ്ടിട്ടുണ്ട്. ഡോ. ജോസഫിന്റെ ജീവിതചര്യയെയും പ്രായോഗിക വീക്ഷണങ്ങളെയും ആസ്പദമാക്കി ജീവനാരോഗ്യ പ്രസ്ഥാനം ഇടുക്കി ജില്ലാ കൺവീനർ ജോർജ് തോമസ് 'ഇന്ത്യൻ ബ്രൂസ്ലി' എന്ന പുസ്തകവും രചിച്ചിരുന്നു.