തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിനായി പൊളിച്ചു മാറ്റുന്ന പാപ്പനംകോട് തൈക്കാപ്പള്ളിക്ക് സ്ഥലം അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി. ന്യൂനപക്ഷ പ്രീണനത്തിനാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇപ്പോൾ പള്ളിക്കു വേണ്ടി സ്ഥലം അനുവദിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

ഏതു മതവിഭാഗങ്ങൾക്കും ആരാധാനാലയങ്ങൾ നിർമ്മിക്കുന്നതിന് അവകാശമുണ്ട്. എന്നാൽ ഹൈന്ദവ സമുദായത്തിൽ പെട്ട വ്യക്തിയുടെ സ്ഥലത്ത് കയ്യേറി നിർമ്മിച്ചിരിക്കുന്ന പള്ളി റോഡ് വികസനത്തിനായി മാറ്റണമെങ്കിൽ സർക്കാർ സ്ഥലം അനുവദിക്കണമെന്ന നിലപാടിനോടാണ് എതിർപ്പ്. സുബ്രഹ്മണ്യ അയ്യർ എന്ന വ്യക്തിയുടെ പേരിലുള്ള സ്ഥലത്താണ് ഇപ്പോൾ പള്ളി നിൽക്കുന്നത്. ഈ സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ കോടതിയിൽ പണം കെട്ടിവച്ചിട്ടുള്ളതാണ്. ചട്ടങ്ങൾ അനുസരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള പണം കോടതിയിൽ കെട്ടി വച്ചിരിക്കുന്ന സാഹചര്യത്തിൽ പള്ളി കമ്മറ്റിയുടെ നിർബന്ധത്തിനു വഴങ്ങി സർക്കാർ സ്ഥലം അനുവദിച്ചത് ന്യൂനപക്ഷ പ്രീണനം മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സെക്രട്ടറി ബ്രഹ്മചാരി ഭാഗവത റാം മറുനാടൻ മലയാളിയോട് പറഞ്ഞു.

പള്ളി പൊളിക്കുന്നതിനെതിരെ പള്ളി കമ്മറ്റിയും കയ്യേറിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന പള്ളിക്ക് അനർഹമായി സർക്കാർ സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തിയത് സർക്കാരിന് തലേവദനയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സർക്കാർ വിഷയത്തിൽ ഇടപെട്ടു. തർക്കത്തെ തുടർന്ന് കരമന-കളിയാക്കാവിള റോഡ് വികസനം പലപ്പോഴും തടസപ്പെടുകയും ചെയ്തു. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പാപ്പനംകോട് തന്നെയുള്ള കെ.എസ്.ആർ.ടി.സി വക ഭൂമി പള്ളി നിർമ്മിക്കുന്നതിന് നൽകാൻ തീരുമാനിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം നൽകാനായിരുന്നു തീരുമാനം. എന്നാൽ നാല് സെന്റ് ഭൂമി പള്ളിക്ക് അനുവദിച്ചു കൊണ്ടുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കെ.എസ്.ആർ.ടി.സിയുടഡെ സ്ഥലം വിട്ടു നൽകുന്നതിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥലം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ ഉടൻ തന്നെ പള്ളി നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

റോഡ് വികസനത്തിന്റെ പേരിൽ കൈമനത്തുള്ള ശ്രീനാരായണ ഗുരു പ്രതിമയും ഗാന്ധി മെമോറിയലും പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ പള്ളി പൊളിക്കുന്നതിൽ രൂക്ഷമായ എതിർപ്പ് ഉണ്ടായതോടെ ഈ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ' വികസനത്തിന്റെ പേരിൽ നിരവിധി ഹൈന്ദവ ആരാധാനാലയങ്ങൾ നോട്ടീസ് പോലും നൽകാതെ ജില്ലയിൽ പൊളിച്ചിട്ടുണ്ട്. എന്നാൽ അവ പുനർനിർമ്മിക്കുന്നതിന് സർക്കാർ ഒരു ആനുകൂല്യവും നൽകിയില്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള സർക്കാർ നടപടിയിലാണ് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. അങ്ങനെ ആരെങ്കിലും പ്രീണിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം പേരിലുള്ള സ്ഥലമാണ് വിട്ടു കൊടുക്കേണ്ടതെന്നും'ഹിന്ദു ഐക്യവേദി സെക്രട്ടറി ബ്രഹ്മചാരി ഭാഗവത റാം മറുനാടൻ മലയാളിയോട് പറഞ്ഞു.

പള്ളി കമ്മറ്റിയിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിൽ ജില്ലാ ഭരണകൂടം ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, ചാവറ ട്രസ്റ്റിന്റെ ഭൂമി, ബിഎസ്എൻഎൽ കൈവശമുള്ള ഭൂമി എന്നവയായിരുന്നു പള്ളിക്ക് വിട്ടു കൊടുക്കാൻ കണ്ടെത്തിയ ഭൂമി. ശ്രീ ചിത്ര എൻജിനീയറിങ് കോളേജിനു വേണ്ടി കെഎസ്ആർടിസിയുടെ ഭൂമി ഏറ്റെടുത്തതിനാൽ വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെ തുടക്കത്തിൽ തന്നെ എതിർത്തിരുന്നു. ചാവറ ട്ര്‌സ്റ്റിന്റെ ഭൂമിയിൽ ചില ബാധ്യതകൾ ഉള്ളതിനാൽ ആ ഭൂമിയും നൽകാൻ കഴിഞ്ഞില്ല. ഒടുവിൽ കൈമനത്തെ ബി.എസ്.എൻ.എൽ കൈവശമുള്ള ഭൂമി നൽകാൻ ശ്രമിച്ചെങ്കിലും ബിജെപി,ആർഎസ്എസ്, ഹിന്ദുഐക്യവേദി പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി വാങ്ങി നൽകാനുള്ള ശ്രമവും ജില്ലാ ഭരണകൂടം നടത്തിയിരുന്നു. എന്നാൽ നാലു സെന്റ് ഭൂമിക്ക് കോടികൾ ചോദിച്ചതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കർശന നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി ഭൂമി വിട്ടുകൊടുക്കാൻ തീരുമാനമായത്.

കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ആദ്യഘട്ട നിർമ്മാണം ഏറ്റെടുത്തത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ആണ്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് ഏറ്റെടുത്ത കരാറിന്റെ കാലവധി ഒരു വർഷമായിരുന്നു. കരമനമുതൽ പ്രാവച്ചമ്പലം വരെയുള്ള ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തിന്റെ പ്രധാനകാരണം പള്ളി കമ്മറ്റിയുടെ എതിർപ്പായിരുന്നു. നാലു സെന്റ് സ്ഥലം സർക്കാർ പാപ്പനംകോട് പള്ളിക്ക് അനുവദിച്ച സാഹചര്യത്തിൽ വികസനത്തിന്റെ പേരിൽ പൊളിച്ചു കളഞ്ഞ എല്ലാ ആരാധാനാലയങ്ങൾക്കും സർക്കാർ സ്ഥലം അനുവദിക്കണമെന്ന നിലപാടിലാണ് ഹിന്ദു ഐക്യവേദിയും ബിജെപിയും ആർഎസ്എസും. ചുരുക്കത്തിൽ പാപ്പനംകോട് പള്ളിക്ക് സ്ഥലം അനുവദിച്ചത് വീണ്ടും ജില്ലാ ഭരണകൂടത്തിന് തലവേദനയാകുെമന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്.