തിരുവനന്തപുരം: അമ്പലംമുക്ക് മണ്ണടി ലെയ്നിൽ മാതാവിനെ കൊന്ന് കത്തിച്ച അക്ഷയ് അശോകിന്റെ പ്രവർത്തിയിലെ നടുക്കത്തിൽ നിന്നും നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല.ക്രിസ്മസ് പിറ്റേ ദിവസം വീട്ടിൽ കത്തികരിഞ്ഞ നിലയിൽ ശരീരം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും മകൻ തന്നെയാണ് കൃത്യം നടത്തിയതെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു.സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോൾ ദിവ്യയുടെ ആത്മഹത്യാ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. തനിക്ക് അസുഖമാണെന്നും മറ്റുള്ളവർക്ക് ഒരു ഭാരമായി ജീവിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട ജീവിതം അവസാനിപ്പിക്കുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ആത്മഹത്യ കുറിപ്പ് പൊലീസ് തള്ളിക്കളഞ്ഞു.

കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയതെന്നാണു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞത്. പക്ഷേ സംഭവം നടന്ന് ഒരു മാസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആത്മഹത്യാക്കുറിപ്പുമായി എത്തിയത് കേസ് വഴി തിരിച്ചുവിടാനുള്ള തന്ത്രമാണെന്നു പേരൂർക്കട പൊലീസ് പറഞ്ഞു. ക്രിസ്മസ് ദിവസമായിരുന്നു അമ്പലമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപ (50)യെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ദീപയുടെ മകൻ അക്ഷയ് (22) പൊലീസ് റിമാൻഡിലാണ്. ദീപയെ അക്ഷയ് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കത്തിച്ചുവെന്നാണു കേസ്.

എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. അസുഖം നിമിത്തം ഞാൻ ആത്മഹത്യ ചെയ്യുന്നു. ഈ കത്ത് ഞാൻ എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്. ഇതാണ് ബന്ധുക്കൾ പൊലീസിൽ ഹാജരാക്കിയ കുറിപ്പിലെ ഉള്ളടക്കം.എന്നാൽ കുടുംബം ഇത്തരമൊരു കത്ത് മുൻപൊന്നും ഹാജരാക്കാതെ ഇപ്പോൾ ഹാജരാക്കിയത് പ്രതിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തിലും കേസിന്റെ ദിശ മാറ്റി വിടാനും മാത്രമാണ്. എന്നാൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ കത്ത് ഇനി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധരും പറയുന്നത്.

ഇത്തരമൊരു കത്ത് ഹാജരാക്കിയ സാഹചര്യം പൊലീസിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ഇത് ഉൾപ്പടെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയേക്കും.എന്നാൽ കുടുംബത്തിലെ ഇരട്ട ദുരന്തമായിരുന്നു അമ്മയുടെ കൊലപാതകവും മകൻ തന്നെ പ്രതിയായതും, ഇതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ബന്ധുക്കൾ തന്നെ ചെയ്തതായി മാത്രം കാണാനെ പൊലീസും ഉദ്ദേശിക്കുന്നുള്ളു. അമ്മയെ എപ്രകാരമാണ് കൊന്നതെന്ന് അക്ഷയ് തന്നെ പൊലീസിനോട് വിശദീകരിച്ചത്. അപ്പോഴൊന്നും പുറത്ത് വരാത്ത ആത്മഹത്യ കുറിപ്പ് ഇപ്പോൾ പുറത്ത് വന്നത് നേരത്തെ അക്ഷയ്ക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റുവെന്നും പൊലീസിനെതിരെ നടപടിയുണ്ടായേക്കുമെന്നും വാർത്തകൾ വന്നതിന് ശേഷമാണ്.

പൊലീസ് അക്ഷയ് അശോകിനെ എണീറ്റ് നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പുമായി രംഗത്ത് വന്നത്. എന്നാൽ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ മർദ്ദനത്തിന്റെ കാര്യം പുറത്ത് പറയാതിരുന്നിട്ട് ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കേസിന്റെ ദിശമാറ്റി വിടാൻ വേണ്ടി മാത്രമാണെന്ന് പൊലീസും വിലയിരുത്തുന്നുണ്ട്.എന്തായാലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും അതുപോലെ തന്നെ കുറ്റം ഏറ്റ് അക്ഷയ് നൽകിയ മൊഴിയും പൊലീസിന്റെ പക്കലുണ്ട്.

ആത്മഹത്യ അല്ലെന്നും സംഭവം കൊലപാതകമാണെന്നും ആദ്യ ഘട്ടത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളിൽ നിന്ന് തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. അടുത്തടുത്ത വീടുകളുള്ള പ്രദേശത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്താൽ നിലവിളി ശബ്ദമെങ്കിലും കേൾക്കും. എന്നാൽ കൊന്ന ശേഷമാണ് ശവശരീരം കത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.അക്ഷയ്യുടെ അച്ഛനും അമ്മയും തമ്മിൽ പിണക്കത്തിലായിരുന്നത്കൊണ്ടും അവശേഷിക്കുന്ന മകനെ എങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് കത്ത് കണക്കാക്കുന്നത്.