വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അമേരിക്കയിലെ നയരൂപീകരണ വിദഗ്ധസമിതിയുടെ ഉപദേശം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്ട്രാറ്റർജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ(സി.എസ്.ഐ.എസ്.) സുപ്രധാന റിപ്പോർട്ടിലാണ് പുതിയ പ്രസിഡന്റിനുള്ള നിർദ്ദേശമുള്ളത്.

ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലും സുരക്ഷാ കാര്യങ്ങളിലും സഹകരണം ഉറപ്പുവരുത്താൻ കരാറുണ്ടാക്കണമെന്നും വരാനിരിക്കുന്ന പ്രസിഡന്റിനോട് നിർദ്ദേശിക്കുന്നുണ്ട്. അത്തരത്തിൽ കരാറുണ്ടാക്കാതെ പ്രതിരോധമേഖലയിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ കൈമാറാൻ സാധിക്കില്ല. പ്രതിരോധമേഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇന്ത്യയ്ക്കും ഇത് ആവശ്യമാണെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീരാജ്യങ്ങളുമായി ചേർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ സുരക്ഷാ കാര്യങ്ങളിൽ ചർച്ചകളുണ്ടാകണം. ഇരു രാജ്യങ്ങളും സുരക്ഷാ കാര്യങ്ങളിൽ സഹകരിച്ച് പ്രതിരോധമേഖല ശക്തിപ്പെടുത്തണം. താലിബാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുമായി അമേരിക്ക ചർച്ചനടത്തണമെന്നും റിപ്പോർട്ട് പറയുന്നു. വിവിധമേഖലകളിൽ സഹകരണം ഉറപ്പു വരുത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.