പുതുവർഷപ്പിറവി എല്ലാവർക്കും ആഘോഷത്തിന്റേതാണ്. എന്നാൽ ചിലർക്ക് ആഘോഷങ്ങൾ കൈവിട്ടുപോകും. അമിത മദ്യപാനവും അതേത്തുടർന്നുണ്ടാകുന്ന കശപിശയുമൊക്കെയായി മറക്കാനാവാത്ത മുഹൂർത്തങ്ങളാകും ഉണ്ടാവുക. ബ്രിട്ടീഷ് തെരുവുകളിൽ അതിരുവിട്ട പുതുവർഷാഘോഷത്തിന്റെ ചിത്രങ്ങളാണിത്. മരംകോച്ചുന്ന തണുപ്പിലും അൽപവസ്ത്രധാരികളായെത്തിയ യുവതീയുവാക്കൾ കുടിച്ചുകൂത്താടി തെരുവിൽകിടന്നു.

സ്വാൻസിയിലും മാഞ്ചസ്റ്ററിലും ആഘോഷങ്ങൾക്കിടെ പലേടത്തും അടിപിടിയുണ്ടായി. മാഞ്ചസ്റ്ററിൽ റോഡരുകിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ഉടുപ്പിടാത്ത മറ്റൊരാൾ തൊഴിക്കുന്ന ചിത്രം വഴിവിട്ട ആഘോഷത്തിന് തെളിവായി. നോട്ടിങ്ങാമിൽ തെരുവിൽ പരസ്പരം വഴക്കടിക്കുന്ന യുവാവും യുവതിയും മറ്റൊരു നാണക്കേടിന്റെ ചിത്രമായി.

പുതുവർഷത്തലേന്ന് പെയ്ത കനത്ത മഴയും ഇവരുടെ ആഘോഷത്തിന്റെ ചൂട് ശമിപ്പിച്ചില്ല. മഴയും തണുപ്പുമൊന്നും ബാധിക്കാതെ ആയിരക്കണക്കിന് യുവതീയുവാക്കൾ തെരുവിലൂടെ നടന്നു. ആഘോഷങ്ങൾക്കൊടുവിൽ നടക്കാൻ പോലുമാകാതെ തെരുവിൽ കിടന്ന പലരെയും സുഹൃത്തുക്കാളാണ് വീടുകളിലെത്തിച്ചത്. പുതുവർഷമെത്തുന്നതിനുമുന്നെ തുടങ്ങിയ ആഘോഷങ്ങൾക്കിടെ വോൾവർ ഹാംപ്ടണിലുണ്ടായ കാറപകടത്തിൽ 43-കാരൻ കൊല്ലപ്പെട്ടത് ദുരന്ത ചിത്രമായി മാറി.

2017-ന്റെ വരവറിയിച്ചുകൊണ്ടുള്ള കരിമരുന്ന് പ്രയോഗവും മറ്റും കാണാൻ പത്തുലക്ഷത്തോളം പേരെങ്കിലും ലണ്ടൻ തെരുവുകളിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. തെയിംസ് നദിക്കരയിൽ ഒരുക്കിയ കരുമരുന്ന് പ്രയോഗം വർണാഭമായിരുന്നു. ബിഗ് ബെൻ, ലണ്ടൻ ഐ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലാണ് ജനങ്ങൾ തമ്പടിച്ചിരുന്നത്.