ദുബായ്: ഇപ്രാവശ്യവും ലോകത്തിലെ മറ്റിടങ്ങളെ മറി കടന്ന് ദുബായ് പുതുവർഷാഘോഷത്തെ വരവേൽക്കുന്നതിൽ ഒരു പടി മുമ്പിൽ നിന്നുവെന്നാണ് റിപ്പോർട്ട്. 2017നെ വരവേൽക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ നടന്ന ആഘോഷത്തിലെ കരിമരുന്ന് പ്രയോഗം കണ്ട് കാണികൾ ഒരു നിമിഷം ഞെട്ടിത്തരിച്ച് പോയിരുന്നു. ബുർജ് ഖലീഫയിൽ അഗ്‌നി പടർത്തി മാനം മുട്ടെ കത്തിപ്പടരുന്ന അഗ്‌നിഗോപുരം കണ്ട് പലരും പരിഭ്രമിച്ചിരുന്നു. കരിമരുന്നിന്റെ പൂരക്കാഴ്ചകൾ ഒരുക്കി പതിവ് തെറ്റിക്കാതെയാണ് ഇപ്രാവശ്യവും ദുബായ് പുതുവത്സരം ആഘോഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ നടന്നിരുന്ന പുതുവർഷാഘോഷങ്ങൾക്കിടെ ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിൽ തീ പടർന്നിരുന്നു.

പണത്തിന്റെയും ആഡംബരത്തിന്റെയും പേരിൽ കേളി കേട്ട ദുബായ് ഇത്തരത്തിൽ ആഘോഷച്ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നിമില്ല. ഡൗൺ ടൗൺ ദുബായിൽ വിസ്മയകരമായ കരിമരുന്ന് പ്രയോഗമാണ് ഇതോടനുബന്ധിച്ച് അരങ്ങേറിയത്. ഇതിന്റെ മധ്യഭാഗത്താണ് ബുർജ് ഖലീഫ തലയുയർത്തി നിൽക്കുന്നത്. ഇന്ന് പുലർച്ചെ 12.10 ആകുമ്പോഴേക്കും വിസ്മയകരമായ കരിമരുന്ന് പ്രയോഗത്താൽ ദുബായുടെ ആകാശത്തിൽ 2017ന്റെ വരവറിയിച്ചിരുന്നു. ഈ പ്രത്യേക ഡിസ്‌പ്ലേ ഏതാണ്ട് എട്ട് മിനുറ്റോളം നീണ്ട് നിന്നിരന്നു. ഇതിന്റെ ദൃശ്യങ്ങൾ ഡൗൺ ടൗൺ ദുബായിന്റെ 23 ലൊക്കേഷനുകളിൽ നിന്നും വ്യത്യസ്തമായ ആംഗിളുകളിൽ ക്യാമറകളിൽ പകർത്തപ്പെട്ടിരുന്നു. വെടിക്കെട്ട് കാണാനായി കുട്ടികളും സ്ത്രീകളും പ്രായമായവരും മണിക്കുറുകളോളം ഡൗൺ ടൗണിൽ കാത്ത് നിന്നിരുന്നു.

വെടിക്കെട്ട് തുടങ്ങുന്നതിന് മുമ്പ് രാത്രി 11.45ന് കൂടുതൽ കളർ ലൈറ്റുകളാലും സൗണ്ടിനാലും ഡൗൺ ടൗൺ ത്രസിച്ചിരുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരും വിവിധ പ്രായത്തിലുള്ളവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരുമായി നിരവധി പേരാണ് അപൂർവ കാഴ്ചകൾ കാണുന്നതിനായി ഇവിടെ തടിച്ച് കൂടിയിരുന്നത്. പുതുവർഷത്തിലേക്ക് സെക്കൻഡ് സൂചി അരിച്ചരിച്ച് നീങ്ങാൻ തുടങ്ങിയതോടെ ജുമെയ്‌റാ പബ്ലിക്ക് ബീച്ചിലേക്ക് ജനം ഒഴുകിക്കൊണ്ടേയിരുന്നിരുന്നു. ജനങ്ങൾ തൊട്ട് തൊട്ട് ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു. എന്നാൽ 2017 പിറന്നുവെന്ന പ്രഖ്യാപനമുണ്ടായതോടെ ആളുകൾ ഹർഷാരവം മുഴക്കുന്നുണ്ടായിരുന്നു.

എംബിആർ ബൗലെവാർഡിൽ കാഴ്ച കാണാൻ ഇരിക്കാൻ കുടുംബങ്ങൾക്കും ബാച്ചിലേർസിനും പ്രത്യേകം സ്ഥങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി പത്തരയോടെ തന്നെ കുടുംബങ്ങളെ ഇവിടേക്ക് കടന്നിരിക്കാന് അനുവദിച്ചിരുന്നു. എന്നാൽ ബാച്ചിലർമാരെ പിന്നീടാണ് അനുവദിച്ചിരുന്നത്. കാഴ്ച കാണാൻ ബുർജ് പ ാർക്കിലേക്ക് താൽക്കാലികമായി പ്രവേശിക്കാൻ ആളുകളെ അനുവദിച്ചിരുന്നുവെങ്കിലും പരിധി വിട്ടപ്പോൾ ഇത് അടച്ച് പൂട്ടിയിരുന്നു.

ആഘോഷം കാണാൻ ജനം ഇരച്ചെത്തിയപ്പോൾ ദുബായ് മാളിലേക്കുള്ള റാസ് അൽ ഖോർ, അൽ ഖായിൽ റോഡുകളിൽ കനത്ത ട്രാഫിക്ക് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ഡിഡബ്ല്യൂടിസിയിൽ നിന്നും ദുബായ് മാളിലേക്കുള്ള ഷെയിഖ് സായെദ് റോഡിലും ട്രാഫിക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ബുർജ് ഖലീഫ് സ്റ്റേഷനിൽ പതിവിലുമേറെ തിരക്കുണ്ടായിരുന്നു. ആളുകൾ തള്ളിക്കയറുന്നത് ഒഴിവാക്കാൻ ചില ട്രെയിനുകൾ ഇവിടെ നിർത്താതെ കടന്ന് പോവുകയും ചെയ്തിരുന്നു.