തൃശ്ശൂർ: പുതവൽസരം എല്ലാവർക്കും പ്രതീക്ഷകളുടെ വർഷമാണ്. അതിന് പ്രായവ്യത്യാസങ്ങളില്ല. തൃശ്ശൂരിലെ ഒരു കുരുന്നിനെയും ഒരു പുതുജീവിതം കാത്തിരിക്കയാണ്. അമ്മയുടെ ഉദരത്തിൽ നിന്നും ആറാം മാസം പിറന്നു വീണ പെൺകുഞ്ഞിനെ തീവ്രമായ ശുശ്രൂഷയ്ക്ക് ശേഷം ഡോക്ടർമാർ പിതാവിന് കൈമാറുന്നത് ഈ വരുന്ന ഇന്ന് വൈകുന്നേരത്തോടെയാണ്. നാളെ മുതൽ അവൾ സ്വന്തം വീട്ടിലെ കുരുന്നായി വളരും. പ്രത്യാശയും പ്രതീക്ഷയോടെയും ആ കുരുന്നിലെ പിതാവ് ഷിബു ഏറ്റുവാങ്ങും. കൈവിട്ടു പോയെന്ന് കരുതിയിടത്തു നിന്നും ദൈവം നൽകിയ പൊന്നുമോളായി.

എരുമപ്പെട്ടി കോട്ടപ്പുറം പനഞ്ഞിക്കാട്ടിൽ ഷിബുവിന്റെ മകളുടേതാണ് ഈ പുതുവർഷം. അപകടത്തിൽ പരിക്കേറ്റ അമ്മയുടെ ഉദരത്തിലായിരുന്നു 75 ദിവസം മുമ്പ് ഈ പെൺകുഞ്ഞ്. അവളെ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടക്കുമ്പോൾ തന്നെയായിരുന്നു അമ്മയുടെ തലച്ചോറിലും ശസ്ത്രക്രിയ നടന്നത്. അമ്മ മരിച്ചു. അവൾ ജീവിച്ചു, വെറും 750 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞായി. തൃശൂർ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം ഐസിയുവിൽ ഡോക്ടർമാരും നഴ്‌സുമാരും അവളുടെ ജീവനു കാവലിരുന്നത് 75 ദിവസമാണ്.

അതിജീവനവും നഷ്ടവും ഇഴചേർന്ന ആ കഥ ഇങ്ങനെയാണ്: ഗർഭിണിയായ ഭാര്യ ധന്യയുമൊത്ത് ഷിബു ഒക്ടോബർ 22നാണ് ആശുപത്രിയിലെത്തുന്നത്. ആറുമാസം മാത്രം ഗർഭിണിയായ ധന്യയെ അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ ഗുരുതരമായ രക്തസ്രാവം. അമ്മ മാത്രമല്ല; വയറിനുള്ളിൽ വളരുന്ന കുഞ്ഞും പ്രാണവായു കിട്ടാതെ ഏതു നിമിഷവും നഷ്ടപ്പെടാം. ഗൈനക്കോളജി വിഭാഗവും ന്യൂറോസർജറി വിഭാഗവും ഒരേ തിയറ്ററിൽ ഒരേ സമയം അമ്മയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തുകയെന്ന അപൂർവ ദൗത്യമാണ് ഏറ്റെടുത്തത്.

തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയ. ഒപ്പം, ഗർഭപാത്രത്തിൽനിന്നു കുഞ്ഞിനെയും ഡോക്ടർമാർ പുറത്തെടുത്തു. അബോധാവസ്ഥയിൽ നാല് ദിവസം ഐസിയുവിൽ കഴിഞ്ഞശേഷമാണ് ധന്യ ജീവൻ വെടിഞ്ഞത്. ശിശുരോഗ വിഭാഗം പ്രഫസർ ഡോ. പാർവതി മോഹനന്റെ നേതൃത്വത്തിൽ ഡോ. ഫെബി, ഡോ. ഷെഫീക് എന്നിവരുൾപ്പെട്ട സംഘം രാത്രിയും പകലും ഒപ്പം നിന്ന് പരിചരിച്ചാണ് ഈ നവജാത ശിശുവിനെ ഇന്ന് കുടുംബത്തിന് കൈമാറുന്നത്.

സർക്കാരിന്റെ ചികിത്സപദ്ധതികളെ കൂട്ടിയിണക്കി ഗൈനക്കോളജി, ന്യൂറോ സർജറി, ശിശുരോഗ വിഭാഗങ്ങളിലെ എല്ലാവരും കൈമെയ് മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ പുതുവൽസര ജീവനെന്നു ശിശുരോഗ വിഭാഗം മേധാവി ഡോ.കെ.കെ.പുരുഷോത്തമൻ പറഞ്ഞു.