കോട്ടയം: നഗരത്തിൽ വർഷങ്ങളായി പണിപൂർത്തിയാകാതെ കിടക്കുകയാണ് ആകാശപാത. നഗര മധ്യത്തിൽ അഞ്ച് റോഡുകൾ വന്ന് ചേരുന്ന ശീമാട്ടി റൗണ്ടാനയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും കാൽനട യാത്രക്കാർക്ക് സുഖകരമായ നടത്തവുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ആകാശപാതയുടെ നിർമ്മാണം. എന്നാൽ അത് ഇപ്പോഴും പാതിവഴിയിലാണ്. ഇവിടെ ഇപ്പോൾ ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ സ്ഥലമായി മാറിയിരിക്കുകയണ്. ആകാശ നടപ്പാതക്ക് കീഴിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ജോഡികളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 'നഗരഹൃദയത്തിലെ പടവലം പന്തൽ' എന്നാണ് ട്രോളന്മാർ പാതയെ വിശേഷിപ്പിക്കുന്നത്.

മുമ്പും ആകാശ പാതക്ക് കീഴിൽ മുമ്പും ഫോട്ടോ ഷൂട്ടുകൾ നടന്നിട്ടുണ്ട്. ലെൻസ്ഔട്ട് മീഡിയയാണ് ചിത്രങ്ങൾ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 'ഇതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ,' എന്നാണ് ഫോട്ടോക്ക് താഴെ വരുന്ന ചില കമന്റുകൾ.

ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 2020 ൽ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിന് വിജിലൻസ് അന്വേഷണവും നടന്നു. വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുൻപിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

2016 ലാണ് ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി 18 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഗതാഗത വകുപ്പിന്റെ മേൽ നോട്ടത്തിൽ നിർമ്മാണ ചുമതല കിറ്റ്കോയെ ഏൽപ്പിച്ചു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചു. എന്നാൽ ഭരണം മാറിയതോടെ നിർമ്മാണവും നിലച്ചു. 2019-ൽ രൂപരേഖ പരിഷ്‌കരിച്ചെങ്കിലും തൂണുകൾ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല.

കോട്ടയം നഗരം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ഒന്നാണ് പ്രധാന ജങ്ഷനിലുള്ള റൗണ്ടും അവിടെ ആകാശത്ത് പണിത് വച്ചിരിക്കുന്ന ഇരുമ്പുകൂടും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡിന് ഇരു വശങ്ങളിലേക്കും പോകാനായി നിർമ്മിക്കുന്ന ആകാശപ്പാതയുടെ നിർമ്മാണം അനന്തമായി നീളുന്നതാണ് വിവാദത്തിന് കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ പണിത് വച്ചതാണ് ഈ റൗണ്ടാന. ആറ് കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിൽ രണ്ട് കോടി രൂപ കിറ്റ്കോ കൈപ്പറ്റുകയും ചെയ്തു.