തിരുവനന്തപുരം: വയസ്സാകുമ്പോൾ വളർത്തി വലുതാക്കിയ മാതാപിതാക്കളെ മക്കൾക്ക് വേണ്ടാത്തത് ഒരു പുതിയ സംഭവമൊന്നുമല്ല. അത്തരം സംഭവങ്ങൾ നിരവധി നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽ ഉപേക്ഷിച്ച മകന് അപകടം സംഭവിച്ചപ്പോൾ ഒപ്പം നിർത്തി പരിചരിച്ചെങ്കിലും ആരോഗ്യസ്ഥിതി വീണ്ടെടുത്തപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ മകൻ വീണ്ടും അമ്മയെ ഉപേക്ഷിച്ച് മടങ്ങി.

ചികിത്സയ്ക്ക് അമ്മയും സഹോദരിയും തങ്ങളുടെ പക്കലുള്ള സ്വർണ്ണമുൾപ്പടെ വിറ്റാണ് ചികിത്സ നടത്തിയത് എന്നാൽ ചികിത്സയ്ക്ക് ചെലവാക്കിയ പണം സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകന് തിരികെ ലഭിച്ചിട്ടും അത് അമ്മയുടേയും സഹോദരിയുടേയും കടം വീട്ടാൻ പോലും തയ്യാറാകാത്ത മകനെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശാരദയമ്മ എന്ന വയോധിക.

തയ്ക്കാട് ഗസ്റ്റ് ഹൗസിൽ ഇന്നലെ നടന്ന മെഗാ അദാലത്തിലാണ് ശാരദയമ്മ പരാതിയുമായി എത്തിയത്. ശാരദയമ്മയുടെ ഭർത്താവ് ശശിധരൻ സർക്കാർ ജീവനക്കാരനായിരുന്നു. ഭർത്താവ് മരിച്ചതിനെതുടർന്നാണ് മകനായ ശശാംഗന് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചത്. അച്ഛൻ മരിച്ചതിനെ തുടർന്ന് ജോലി ലഭിച്ചപ്പോൾ തന്നെ അമ്മയെ സംരക്ഷിക്കാമെന്ന എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞതിന് പിന്നാലെ മകൻ അമ്മയെ ഉപേക്ഷിച്ചതോടെ മകളായ ശ്രീകലയും ഭർത്താവ് നിഷാദുമാണ് ശാരദയമ്മയ്ക്ക് ആശ്രമയമായത്. മകന് അപകടം സംഭവിച്ച സമയത്ത് ഭാര്യ തിരിഞ്ഞ് നോക്കിയില്ലെന്നും അതേതുടർന്നാണ് സഹോദരനെ അമ്മയോടൊപ്പം പരിചരിച്ചതെന്നും സഹോദരി ശ്രീകല മറുനാടൻ മലയാളിയോട് പറഞ്ഞു.

സെക്രട്ടേറിയറ്റിലെ സെകഷ്ൻ പ്യൂണായി ജോലി ചെയ്യുകയാണ് ശശാംഗൻ. 2017 ഒക്ടോബറിൽ കാട്ടാക്കട വീരണകാവ് ജംഗ്ഷന് സമീപത്ത് വെച്ച് ശശാംഗൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഒരു ഓട്ടോറിക്ഷ ഇടിക്കുകയും പിന്നീട് നിർത്താതെ പോവുകയുമായിരുന്നു. ഇയാൾ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വാരിയെല്ലിനും തോളെല്ലിനും പൊട്ടലോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാളെ നോക്കാൻ ആരും ഇല്ലെന്ന പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സഹോദരി ശ്രീകല അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയി.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം വിളപ്പിൽശാലയിലെ അമ്മയുടേയും സഹോദരിയുടേയും വീട്ടിലേക്കാണ് എത്തിച്ചത്. എന്നാൽ ശശാംഗന്റെ ഭാര്യ ഇവിടെ വന്ന് അയാളെ ഒന്ന് കാണാൻ പോലും തയ്യാറായിരുന്നില്ല. അപകടത്തെ തുടർന്ന് ശ്വാസകോശത്തിന് ഉൾപ്പടെ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്.

കൈവശം പണമില്ലാതിരുന്നതിനാൽ സ്വർണം വിറ്റാണ് സഹോദരിയും അമ്മയും പണം നൽകിയത്. അസുഖത്തിൽ നിന്നും മോചനമായതോടെ മകൻ വീണ്ടും അമ്മയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പണയം വെച്ച് ചികിത്സിച്ച് സ്വർണം തിരികെ നൽകിയില്ലെങ്കിലും സർക്കാരിൽ നിന്നും ചികിത്സ തുക റീഇംപേഴ്സ്മെന്റ് ചെയ്ത് തുക തിരികെ നൽകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ല.

സർക്കാരിൽ നിന്നും പണം ലഭിച്ചിട്ടും അത് നൽകി കടം തീർക്കാതിരുന്നതോടെ വീണ്ടും ശശാംഗനെ സമീപിച്ചെങ്കിലും പരാതി നൽകി വാങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം. പിന്നീട് മുഖ്യമന്ത്രിയുടെ പരാതി സെല്ലിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

മകൻ അമ്മയെ നോക്കണമെന്ന് നിർബന്ധമില്ലെന്നാണ് അവിടെ നിന്നും ലഭിച്ച മറുപടി. ഇതേതുടർന്ന് വനിതാ കമ്മീഷനിൽ പരാതി നൽകിയെങ്കിലും മകൻ ഹാജരായില്ല. ഇയാളെ കാര്യങ്ങൾ ധരിപ്പിച്ച് കമ്മീഷൻ മുമ്പാകെ ഹാജരാക്കാൻ ശുപാർശയായിട്ടുണ്ട്.