വാഷിങ്ടൺ: നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേൽസുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ചൂടുപിടിച്ചുനിൽക്കെ, ഡാനിയേൽസും ട്രംപുമായുള്ള ഇടപാടുകളുടെ നിർണായക രേഖകൾ പ്രസിഡന്റിന്റെ അഭിഭാഷകന്റെ ഓഫീസിൽ റെയ്ഡ് നടത്തി എഫ്.ബി.ഐ. പിടിച്ചെടുത്തു.

ദീർഘകാലമായി തന്റെ അറ്റോണി ജനറലായ മൈക്കൽ കോഹന്റെ ഓഫീസിൽനടന്ന പരിശോധന, രാജ്യത്തിനുനേരെയുള്ള ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞ് ട്രംപ് തിരിച്ചടിച്ചു. ഭരണത്തലവന്റെ രഹസ്യങ്ങൾ അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുന്ന സമാനതകളില്ലാത്ത സംഭവമാണ് അമേരിക്കയിൽ അരങ്ങേറിയതെന്ന് വിലയിരുത്തപ്പെടുന്നു.

അവിഹിത ബന്ധത്തെക്കുറിച്ച് പുറത്തുപറയാതിരിക്കുന്നതിന് കോഹൻ വഴി ട്രംപ് സ്റ്റോമി ഡാനിയേൽസിന് പണം കൈമാറിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സ്റ്റോമി താനും ട്രംപും കിടപ്പറ പങ്കിട്ട കഥ വെളിപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ആശങ്ക. ആരോപണം ട്രംപ് കൂടെക്കൂടെ നിഷേധിച്ചെങ്കിലും എഫ്.ബി.ഐ. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. റോബർട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവം പുറത്തുപറയാതിരിക്കുന്നതിന് സ്റ്റോമിക്ക് 1,30,000 ഡോളർ ട്രംപ് കൈമാറിയെന്നാണ് ആരോപണം.

മ്യൂളറുടെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്.ബി.ഐ. സംഘം കോഹന്റ് ഓഫീസ് റെയ്ഡ് നടത്തിയതെന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്് ചെയ്യുന്നു. സ്റ്റോമിയെ സംബന്ധിച്ച് കോഹനും ട്രംപുമായി നടത്തിയ ആശയവിനിമയത്തിന്റെ നിർണായക രേഖകൾ പിടിച്ചെടുത്തതായായാണ് സൂചന. ഫോൺ, പേഴ്‌സൺ കംപ്യൂട്ടർ, ബാങ്ക് രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടുന്നു. ബാങ്ക് തട്ടിപ്പും തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ നിയമലംഘനങ്ങളും എഫ്.ബി.ഐ. പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

സിറിയയിൽ വിമതർക്ക് ആധിപത്യമുള്ള മേഖലയിൽ നടന്ന രാസായുധ പ്രയോഗത്തെ എങ്ങനെ നേരിടണമെന്നാലോചിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രസിഡന്റ് തന്റെ അറ്റോണിയുടെ ഓഫീസിൽ റെയ്ഡ് നടന്ന വിവരം വെളിപ്പെടുത്തിയത്. ഇതൊരു നാണക്കേടാണെന്നും രാജ്യത്തിന് നേർക്ക് നടന്ന ആക്രമണത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാൻഹട്ടനിലെ കോഹന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ എഫ്.ബി.ഐ., രേഖകളും മറ്റും പിടിച്ചെടുക്കുകയായിരുന്നു.

തികച്ചും പക്ഷപാതപരമായാണ് മ്യൂളറുടെ അന്വേഷണ സംഘം പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു. താൻ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും ദുഷ്ടലാക്കുള്ള സംഘമെന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. പ്രത്യേക താത്പര്യങ്ങൾവെച്ചുകൊണ്ടാണ് അവർ പെരുമാറുന്നതെന്നും ട്രംപ് പറഞ്ഞു. കോഹൻ താമസിച്ചിരുന്ന പാർക്ക് അവന്യൂവിലെ ലൂയിസ് റീജൻസി ഹോട്ടലിലും എൻബിസി സ്റ്റുഡിയോക്ക് മുകളിലുള്ള റോക്ക്‌ഫെല്ലർ പ്ലാസയിലെ ഓഫീസിലുമായിരുന്നു പരിശോധന.