മോസ്‌കോ: അമേരിക്ക റഷ്യക്കുമേൽ ഉപരോധം ശക്തമാക്കിയതോടെ, റഷ്യൻ സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞുതുടങ്ങി. റൂബിളിന്റെ വില തുടർച്ചയായ രണ്ടാംദിവസവും കൂപ്പുകുത്തി. എന്നാൽ, വിപണിയിലെ ഇടിവും പ്രതിസന്ധിയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്നും വേണ്ടിവന്നാൽ പ്രശ്‌നത്തിൽ ഇടപെടുമെന്നും റഷ്യൻ സെൻട്രൽ ബാങ്ക് ചീഫ് എൽവിര നബിയൂളിന പ്രഖ്യാപിച്ചു.

മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും നേരെ ബ്രിട്ടനിൽ നടന്ന രാസായുധ പ്രയോഗത്തെത്തുടർന്നുണ്ടായ നയതന്ത്രപ്രതിസന്ധിയാണ് റഷ്യയും അമേരിക്കയുമായുള്ള ഭിന്നത രൂക്ഷമാക്കിയത്. നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കിയതിനുശേഷവും അമേരിക്ക റഷ്യക്കുമേൽ ഉപരോധം ശക്തമാക്കിയതോടെയാണ് സമ്പദ്‌വ്യവസ്ഥയെയും സ്ഥിതിഗതികൾ ബാധിച്ചുതുടങ്ങിയത്.

വിപണിയിലെ കൂപ്പുകുത്തലും റൂബിളിന്റെ വിലയിടിയലും നേരിട്ട് ബാധിച്ചത് പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ വിശ്വസ്തരായ ധനാഢ്യരെയാണ്. കോടിക്കണക്കിന് ഡോളർവീതം ഇവർ ഓരോരുത്തർക്കും നഷ്ടം വന്നതായാണ് റിപ്പോർട്ട്. 2016-നുശേഷമുള്ള ഏറ്റവും വലിയ വിലത്തകർച്ചയാണ് റൂബിൾ നേരിട്ടത്. യൂറോയുടെ മൂല്യം 2016 ഏപ്രിലിനുശേഷം ആദ്യമായി 78 റൂബിളിലെത്തിയപ്പോൾ ഡോളറിന്റെ മൂല്യം 2016 ഡിസംബറിനുശേഷം 63 റൂബിളിലുമെത്തി.

എന്നാൽ, ഇത്തരം സാഹചര്യങ്ങൾ നേരിടാൻതക്ക സംവിധാനങ്ങൾ സെൻട്രൽ ബാങ്കിനുണ്ടെന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും സെൻട്രൽ ബാങ്ക് അദ്ധ്യക്ഷ നബിയൂളിന പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തേണ്ട ഘട്ടമായിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും മോസ്‌കോയിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കവെ അവർ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയിൽ നേരീയ ഉലച്ചിൽതട്ടിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി മാക്‌സിം ഒറേഷ്‌കിൻ പറഞ്ഞു. എന്നാൽ, സമ്പദ്‌വ്യവസ്ഥയും വിപണിയും പിടിച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെത്തുടർന്ന് രണ്ടുവർഷത്തോളം മാന്ദ്യത്തിലായിരുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥ പതുക്കെ കരകയറിവരുമ്പോഴാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത്. യുക്രൈനെതിരായ സൈനിക നടപടിയുടെ പേരിലായിരുന്നു അന്നത്തെ ഉപരോധം. എണ്ണവിലയിടിഞ്ഞതും തിരിച്ചടിയായി.

പുതിയ ഉപരോധങ്ങൾക്കൊപ്പം അമേരിക്കയിൽ വ്യവസായം ചെയ്യുന്ന റഷ്യൻ ധനാഢ്യരെ പൂട്ടാനും അമേരിക്ക തയ്യാറെടുക്കുന്നുണ്ട്. 24-ഓളം റഷ്യൻ വ്യവസായികളെയാണ് അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്താൻ ഒരുങ്ങുന്നത്. അമേരിക്കൻ നിക്ഷപകർക്കൊപ്പം ചേർന്ന് ബിസിനസ് നടത്തുന്നതിൽനിന്ന് അവരെ തടയുകയാണ് ലക്ഷ്യം. പുട്ടിൻ ഭരണകൂടത്തോട് അടുപ്പമുള്ള ഏഴ് വമ്പൻ എണ്ണമുതലാളിമാരും ഇക്കൂട്ടത്തിൽപ്പെടുന്നു.