ലണ്ടൻ: ഇത് ന്യൂഡൽഹിയിലെ 76കാരനായ രാജാ സിങ് ഫുലിന്റെ കഥയാണ്. മക്കളുടെ അവഗണന കാരണം തെരുവുകളിൽ ഉറങ്ങേണ്ടി വന്ന രാജാ സിംഗിന് സോഷ്യൽ മീഡിയയുടെ ഇടപെടൽ കാരണം കിടപ്പാടമുണ്ടായ മാതൃകാപരമായ കഥയാണിത്. ഓക്സ്ഫോർഡിൽ പഠിച്ച് ഇംഗ്ലണ്ടിൽ ജോലി ചെയ്ത് നാട്ടിലെത്തി ബിസിനസ് തുടങ്ങിയതിന് ശേഷമായിരുന്നു ഈ പഞ്ചാബിക്ക് തെരുവിൽ അന്തിയുറങ്ങേണ്ടുന്ന ഗതികേടുണ്ടായത്. മക്കൾ യുകെയിൽ സുഖജീവിതം നയിക്കുമ്പോൾ അപ്പൻ തെരുവിൽ ഉറങ്ങുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ വൃദ്ധന് അഭയം നൽകാൻ അനേകം പേർ രംഗത്തെത്തിയിട്ടുണ്ട്.

വർഷങ്ങളോളം ഡൽഹിയിലെ തെരുവുകളിൽ കഴിഞ്ഞിരുന്ന രാജാ സിംഗിനെ ഒരു ദിവസം അവിനാശ് സിങ് എന്നൊരാൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്പാത്തിൽ കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിത്തതിൽ വഴിത്തിരിവുണ്ടാക്കിയത്. തുടർന്ന് അദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അവിനാശ് ഇതിന്റെ അടിസ്ഥാനത്തിൽ രാജാ സിംഗിനെ പറ്റി ഫേസ്‌ബുക്കിൽ ഏപ്രിൽ 21ന് ഒരു പോസ്റ്റിടുകയും ചെയ്തു. ദശാബ്ദങ്ങളായി ഈ വൃദ്ധൻ നാടോടി ജീവിതമാണ് നയിക്കുന്നതെന്നും തനിക്ക് അദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുണ്ടെന്നുമായിരുന്നു അവിനാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സാരാംശം.

കിടപ്പാടമില്ലായിരുന്നുവെങ്കിലും രാജാസിങ് ആരുടെ മുന്നിലും കൈനീട്ടുന്നില്ലെന്നത് അവിനാശിൽ അദ്ദേഹത്തോട് ആദരവ് ജനിപ്പിച്ചിരുന്നു. ആളുകൾക്ക് അപേക്ഷാ ഫോറങ്ങൾ പൂരിപ്പിച്ച് കൊടുത്ത് കിട്ടുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ് രാജാസിങ് ജീവിച്ചിരുന്നതെന്ന് അവിനാശ് വെളിപ്പെടുത്തുന്നു. താൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രാജാസിങ് ഇത് നിരസിക്കുകയായിരുന്നുവെന്നും അവിനാശ് പറയുന്നു.തന്നെ യാചിക്കാൻ ദൈവം ഒരിക്കലും നിർബന്ധിക്കില്ലെന്നായിരുന്നു രാജാസിംഗിന്റെ മറുപടി.

താൻ കഠിനമായി അധ്വാനിച്ചിരുന്നുവെന്നും രണ്ട് മക്കളെ പഠിപ്പിച്ച് വിദേശത്തേക്ക് അയച്ചിരുന്നുവെന്നും രാജാസിങ് അവിനാശിനോട് വെളിപ്പെടുത്തുകയായിരുന്നു. നിലവിൽ യുകെയിലും യുഎസിലുമുള്ള മക്കൾക്ക് വേണ്ടി രാജാസിങ് ലോൺ പോലുമെടുത്ത് പഠിപ്പിച്ചിരുന്നു. അവിനാശിന്റെ പോസ്റ്റ് വൈറലാവുകയും അത് 4000ത്തോളം പേർ ഷെയർ ചെയ്യുകയും 3500 പേർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.

ഇവരിൽ നിരവധി പേർ രാജാസിംഗിനെ സഹായിക്കാൻ രംഗത്തെത്തുകയും ചെയ്തു. തൽഫലമായി ഡൽഹിയിലെ രാജേന്ദ്ര നഗറിലെ ഗുരുനാനാക്ക് സുഖശാലയിലാണ് രാജാസിങ് കഴിയുന്നത്.