ഡമാസ്‌കസ്: ഉത്തര-ദക്ഷിണ കൊറിയകളുടെ സമാധാന ചർച്ചയെ ഏറെപ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. കൊറിയകൾ യോജിപ്പിന്റെ പാതയയിലെത്തിയിട്ടും സമാധാനമില്ലാതെ ഉഴലുകയാണ് സിറിയ. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണം ശമിച്ചെങ്കിലും ഇസ്രയേലിൽനിന്നും ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്ക സിറിയയുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേൽ അതിർത്തിയോട് ചേർന്ന് സിറിയയിൽ ഇറാൻ ഒരുക്കിയിരിക്കുന്ന സൈനിക ക്യാമ്പാണ് ഇത്തരമൊരു ആശങ്കയ്ക്ക് പ്രധാനകാരണം.

ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ പ്രതിനിധി ഡാനി ഡെനണാണ് സിറിയയിലെ ഇറാന്റെ സൈനിക ക്യാമ്പിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഇത് സ്ഥാപിക്കുന്നതിനായി ഇസ്രയേൽ പകർത്തിയ ക്യാമ്പിന്റെ ആകാശ ദൃശ്യവും അദ്ദേഹം ഉയർത്തിക്കാട്ടി. ഡമാസ്‌കസിന് സമീപമുള്ള ഈ ക്യാമ്പിൽ 80,000 പേരുണ്ടെന്നും ഡെനൺ ആരോപിച്ചു. അതിർത്തിയിൽ ഇറാൻ കരയുദ്ധത്തിലൂടെ അധിനിവേശം നടത്താനുള്ള നീക്കമുണ്ടെന്നും ഇതിനെതിരേ ഏതുനിമിഷവും തിരിച്ചടി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

മധ്യ പൂർവേഷ്യയിൽനിന്നുള്ള എല്ലാ ഷിയാ ഭീകരരെയും ഉൾപ്പെടുത്തിയാണ് ഇറാൻ ഈ ക്യാമ്പ് പ്രവർത്തിപ്പിക്കുന്നത്. സിറിയയിലും മേഖലയിലുമാകെ ഭീകരപ്രവർത്തനം നടത്തുന്നതിന് ഇവർക്ക് പരിശീലനം നൽകുന്നത് ഇവിടെവച്ചാണെന്നും ഇറാന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പ് ഡമാസ്‌കസിൽനിന്നും അഞ്ച് മൈൽ മാത്രം അകലെയാണെന്നും ഡെനൺ പറഞ്ഞു. ആണവായുധങ്ങൾ കൈവശപ്പെടുത്തുന്നതിനായി ഇസ്രയേൽ അതിർത്തിയിൽ അസ്വസ്ഥതയുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് തന്റെ രാജ്യത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കരയുദ്ധത്തിലൂടെ ഇറാൻ മേഖലയിൽ അധിനിവേശത്തിന് ശ്രമിക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി നേതാവായ അലക്‌സ് ഡീൻ പറഞ്ഞു. 80,000 പേരെന്നത് ചെറിയ സംഖ്യയല്ല. വലിയൊരു യുദ്ധത്തിന് പോന്ന ശേഷിയുണ്ടതിന്. ഇറാൻ അടുത്ത ഉത്തരകൊറിയയായി മാറുന്നത് കണാൻ ആരും താത്പര്യപ്പെടുന്നില്ല. ആണവശക്തിയുണ്ടെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള ഇറാൻ അത്തരമൊരു ശക്തികേന്ദ്രമായി മാറുന്നത് ലോകത്തിനാകെ ഭീഷണിയായിരിക്കുമെന്നും ഡീൻ പറഞ്ഞു.

ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നതിന് സിറിയയെ ഇറാൻ കരുവാക്കുകയാണെന്നാണ് പ്രധാന ആരോപണം. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി ചർച്ച നടത്തിയതും ലോകം ആശങ്കയോടെയാണ് കാണുന്നത്. സിറിയയിലെ ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യ, മേഖലയിൽ ഇറാൻ നടത്തുന്ന ശ്രമങ്ങൾക്കെല്ലാം പിന്തുണ നൽകുമെന്നുറപ്പാണ്. തുർക്കിയും ഇപ്പോൾ ഈ സഖ്യത്തിലേക്ക് കടന്നുവന്നിട്ടുള്ളത് യൂറോപ്പിന് പുതിയ ഭീഷണിയായി മാറിയിട്ടുണ്ട്.

ലെബനനെപ്പോലെ സിറിയയെയും നിയന്ത്രണത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുത്തു. ബെയ്‌റൂട്ടിലുള്ളതുപോലൊരു നിയന്ത്രണം ഡമാസ്‌കസിലും കൊണ്ടുവരുന്നതിനാണ് തലസ്ഥാന നഗരത്തോടുചേർന്ന് ഇത്ര വലിയൊരു സൈനിക ക്യാമ്പ് ഇറാൻ പ്രവർത്തിപ്പിക്കുന്നത്. ആണവായുധ നിർവ്യാപനത്തിന് ഇറാന് മെയ് 12 വരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയം നൽകിയിട്ടുണ്ട്. അതിനുള്ളിൽ കരാർ പാലിച്ചില്ലെങ്കിൽ ആണവ കരാറിൽനിന്ന് പിന്മാറുമെന്ന അമേരിക്കൻ പ്രഖ്യാപനവും മേഖലയിൽ സംഘർഷം ശക്തമാക്കിയിട്ടുണ്ട്.