ന്യൂഡൽഹി: പരമാവധി ഭീകരരെ അയച്ച് ഇന്ത്യയുടെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാൻ. കഴിഞ്ഞ മൂന്നുമാസത്തിനിടെ, ജമ്മു കാശ്മീരിലും മറ്റുമായി ഇന്ത്യൻ സേനയ്ക്ക് നേരിടേണ്ടിവന്ന ഭീകരരുടെ എണ്ണം തന്നെ അതിന് തെളിവാണ്. നിയന്ത്രണ രേഖയിലും കാശ്മീരിലെ വിവിധ സ്ഥലങ്ങളിലും കൂടുതൽ സൈന്യത്തെ നിയോഗിച്ചും കനത്ത ജാഗ്രത പുലർത്തിയും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കായി കാവൽനിൽക്കുകയാണ് സൈന്യം.

കഴിഞ്ഞ നാല് മാസത്തിനിടെ 56 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതിൽ വിവിധ ഭീകരസംഘടനകളുടെ നേതാക്കളും ഉൾപ്പെടുന്നു. ഹിസ്ബുൾ മുജാഹിദീന്റെ സമീർ ടൈഗറും ജയ്‌ഷെ മുഹമ്മദിന്റെ മുഫ്തി വഖാസും ലഷ്‌കർ ഇ തൊയ്ബയുടെ അബു ഹമാസും കൊല്ലപ്പെട്ടവരിൽ ഭീകര സംഘടനകളുടെ നേതൃസ്ഥാനത്തുള്ളവരാണ്. സാധാരണ ഭീകരരരുടെ ഇടപെടൽ കുറവുള്ള ശൈത്യകാലത്തും ഇക്കുറി സൈന്യത്തിന് കടുത്ത പ്രതിരോധം തീർക്കേണ്ടിവന്നിരുന്നു.

ഭീകരരുടെ ആക്രമണം വർധിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് അവർക്ക് പിന്തുണ നൽകുന്നവരുടെ എണ്ണം ഏറുന്നതും സൈന്യത്തിന് ബാധ്യതയാകുന്നുണ്ട്. സൈന്യത്തെ പ്രതിരോധിച്ച് ഭീകരരെ രക്ഷപ്പെടാൻ അനുവദിച്ച സംഭവങ്ങളും ഇതിനിടെയുണ്ടായി. എന്നാൽ, എന്തുവിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കാൻ സൈന്യം ജാഗരൂകരാണെന്ന് ഉന്നത കേന്ദ്രങ്ങൾ വ്യക്തമാക്കി. കൂടുതൽ സേനയെ നിയോഗിച്ചതും സുരക്ഷ കൂടുതൽ ശക്തമാക്കിയതും ഇതിന്റെ ഭാഗമായാണ്.

കഴിഞ്ഞവർഷം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചതിനും മറ്റ് ആക്രമണങ്ങളിലുമായി നൂറോളം ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇക്കുറി ഭീകരരുടെ ഇടപെടൽ കൂടിയിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. മാർച്ചിൽ നടന്ന ഏറ്റുമുട്ടലിൽ ഒറ്റയടിക്ക് 13 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരർ കൂടുതലായി പാക്കിസ്ഥാനിൽനിന്ന് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും സൈനിക കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം ഏറെക്കുറെ അസാധ്യമാക്കുന്ന തരത്തിലുള്ള കവചമാണ് സൈന്യം നിയന്ത്രണരേഖയിൽ തീർത്തിട്ടുള്ളത്. ഇതോടെ, കാശ്മീരിൽനിന്നുതന്നെ ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭീകരസംഘടനകൾ. കാശ്മീരിൽ താഴ്‌വരയിൽ പലേടത്തും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നാൽപ്പതോളം യുവാക്കൾ അടുത്തിടെ ഭീകരസംഘടനയിൽ ചേർന്നിട്ടുണ്ടെന്നാണ് സൈന്യം കണക്കാക്കുന്നത്. എന്നാൽ, പരിശീലനമോ മറ്റോ ലഭിക്കാത്ത ഇവർക്ക് ്അധികകാലം ഭീകരരായി തുടരാനാവില്ലെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവും വലിയ ഭീകര വേട്ടയാണ് സൈന്യം ഇപ്പോൾ കാശ്മീരിൽ നടത്തുന്നത്. ഇരുനൂറിലേറെ ഭീകരരാണ് ഒന്നരവർഷത്തിനിടെ കൊല്ലപ്പെട്ടത്. ഭീകരരുടെ ഇടപെടൽ കൂടിയതുപോലെ തന്നെ സൈന്യം കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയതാണ് ഈ വർധനയ്ക്ക് കാരണം. ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടുത്തുതന്നെ അതിർത്തി മേഖലകൾ സന്ദർശിക്കുമെന്ന സൂചനയുമുണ്ട്.