മോസ്‌കോ: സിറിയയിൽ ഡമാസ്‌കസിനോട് ചേർന്ന് ഇറാൻ നടത്തുന്ന സൈനികക്യാമ്പ് കടുത്ത ഭീഷണിയുയർത്തുന്നുണ്ടെന്നും ക്യാമ്പിൽ ആക്രമമം നടത്താൻ മടിക്കില്ലെന്നും പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നേരേ പോയത് റഷ്യയിൽ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ സ്ഥാനാരോഹണത്തിനുശേഷം നടന്ന വിക്ടറി പരേഡിയിൽ മുഖ്യാതിഥിയാകാൻ. ഇറാനെ പിന്തുണയ്ക്കുന്ന റഷ്യയിൽ നെതന്യാഹുവിന് പിടിപ്പത് ജോലിയുണ്ട്. ഇറാനോടുള്ള ഇസ്രയേൽ നിലപാട് വിശദീകരിക്കുന്നതിനൊപ്പം ആണവകരാറിൽനിന്നുള്ള അമേരിക്കൻ പിന്മാറ്റവും പുട്ടിനെ ബോധ്യപ്പെടുത്തേണ്ടിവരും.

ഇറാനുമായി വൻശക്തികൾ ഒപ്പുവെച്ച ആണവ കരാറിനെ എക്കാലവും എതിർത്തിരുന്നയാളാണ് നെതന്യാഹു. അതുകൊണ്ടുതന്നെ കരാറിൽനിന്ന് അമേരിക്ക പിന്മാറുന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ ആദ്യം തന്നെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ, കരാറിൽനിന്ന് പിന്മാറില്ലെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയും ചൈനയും ഇറാനോട് സഹകരിക്കുന്ന രാജ്യങ്ങളായതിനാൽ, അമേരിക്കൻ നിലപാടിനെ എതിർക്കുമെന്നുതന്നെയാണ് കരുതുന്നത്. കരാറിൽതുടരുമെന്ന് റഷ്യ പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണയിലാണ് വിക്ടറി പരേഡ് നടത്തുന്നത്. ഇക്കുറി വ്‌ളാദിമിർ പുട്ടിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ വന്ന പരേഡിന് പ്രാധാന്യമേറെയായിരുന്നു. പുട്ടിനും നെതന്യാഹുവും ഒരുമിച്ചിരുന്നാണ് പരേഡ് കണ്ടത്. സിറിയൻ പ്രശ്‌നത്തിന്മേൽ പുട്ടിനും നെതന്യാഹുവും ഫോണിലൂടെയും അല്ലാതെയും അടുത്തിടെ ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അതുതുടരാനും വേണ്ടിയാണ് നെതന്യാഹു മോസ്‌കോയിലെത്തിയിരിക്കുന്നത്.

റഷ്യയുമായുള്ള ഏത് കൂടിക്കാഴ്ചയും പ്രാധാന്യമർഹിക്കുന്നതാണെന്ന് മോസ്‌കോയിലേക്ക് പുറപ്പെടുംമുമ്പ് നെതന്യാഹു പറഞ്ഞു. സിറിയൻ വിഷയത്തിന്മേലാകുമ്പോൾ അതിന് പ്രാധാന്യമേറും. സിറിയയിൽ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യവും ഇസ്രയേൽ സൈന്യവും മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനെച്ചൊല്ലിയാകും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടെടുക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം തീർത്തും നിർഭാഗ്യകരമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. എന്നാൽ, ട്രംപിന്റേത് ധീരമായ ചുവടുവെയ്‌പ്പാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സമാനമായ ഭിന്നിപ്പ് സിറിയൻ വിഷയത്തിലും റഷ്യയും ഇസ്രയേലുമായുണ്ട്. സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളാണ് റഷ്യയും ഇറാനും. ഇസ്രയേലാകട്ടെ ഇറാന്റെ സാന്നിധ്യം വെറുക്കുകയും ചെയ്യുന്നു.