ജയ്പൂർ: പരിസരബോധമില്ലാതെ സെൽഫിയെടുക്കുന്നത് മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് ഏറ്റവും പുതിയ ഉദാഹരണമിതാ രാജസ്ഥാനിൽ നിന്നുമെത്തിയിരിക്കുന്നു. ഇവിടുത്തെ ഒരു ഷോപ്പിങ് മാളിലെ എസ്‌കലേറ്ററിൽ വച്ച് സെൽഫിയെടുക്കവെ അമ്മയുടെ കൈയിൽ നിന്നും പത്ത് മാസം പ്രായമുള്ള കുഞ്ഞ് വഴുതി താഴോട്ട് വീഴുന്ന ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആരെയും ഞെട്ടിപ്പിക്കുന്ന ഈ ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്ത് ലോകം തലയിൽ കൈ വയ്ക്കുകയാണ്. വിവിധ ലോകമാധ്യമങ്ങൾ ചിത്രങ്ങളും വീഡിയോയും സഹിതം പ്രാധാന്യത്തോടെയാണീ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

താൻ ഭർത്താവിനും കുഞ്ഞിനുമൊപ്പം എസ്‌കലേറ്ററിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന് കുഞ്ഞിന്റെ അമ്മ സമ്മതിച്ചിട്ടുണ്ട്. തങ്ങൾ ഈ ദുരന്തത്തിന് ദൃക്സാക്ഷികളായിരുന്നുവെന്ന് മാളിലെ ഷോപ്പർമാർ പറയുന്നു. അത് പ്രകാരം എസ്‌കലേറ്ററിലായിരുന്നപ്പോൾ ഒരു സെൽഫിയെടുക്കാൻ ഭർത്താവ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും കുഞ്ഞിനെ കൈയിൽ വച്ച് സെൽഫിയെടുക്കുന്നതിനിടെ യുവതിയുടെ ബാലൻസ് നഷ്ടപ്പെടുകയും കുഞ്ഞ് പിടി വിട്ട് താഴോട്ട് പതിക്കുകയുമായിരുന്നു.

അമ്മയുടെ കൈയിൽ നിന്നും വഴുതിപ്പോയ കുട്ടി ആദ്യം എസ്‌കലേറ്ററിന്റെ റെയിലിംഗിൽ തട്ടുകയും പിന്നീട് അതിന്റെ വിടവിലൂടെ താഴോട്ട് വീണ് പോവുകയുമായിരുന്നു.രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഷോപ്പിങ് മാളിലാണീ അപകടം നടന്നത്. കുഞ്ഞിനെ കൈവിട്ട് പോയ അച്ഛനമ്മമാർ പരിഭ്രമത്തോടെ ഓടുന്നതും ഫൂട്ടേജിൽ കാണാം. ഷോപ്പർമാർ കുട്ടിയെ രക്ഷിക്കാൻ വേണ്ടി താഴോട്ട് ഓടിയിരുന്നുവെങ്കിലും നിലത്ത് വീണ കുഞ്ഞ് തൽക്ഷണം മരിച്ചിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതൊരു അപകടമരണമാണെന്ന് വ്യക്തമാണെന്നാണ് പൊലീസ് വക്താവ് പറയുന്നത്.അതിനാൽ അച്ഛനും അമ്മയ്ക്കുമെതിരെ നിയമനടപടികളൊന്നുമെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിയെ പതിവായി കാണിക്കുന്ന ഡോക്ടറെ കാട്ടാൻ വേണ്ടി എത്തിയ ദമ്പതികൾ സമീപത്തെ ഷോപ്പിങ് മാളിലുമൊന്ന് കറങ്ങാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇവിടെയെത്തിയിരുന്നത്.

ഏതാനും നാൾ മുമ്പാണ് സമാനായ സംഭവത്തിൽ മുംബൈയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഒരു അമ്മയുടെ കൈയിൽ നിന്നും കുട്ടി വഴുതി വീണ് മരിച്ചിരുന്നത്.