ക്വാലാലംപുർ: 2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370 ഇനിയും കണ്ടെത്താൻ സാധിക്കാതെ എല്ലാ അന്വേഷണങ്ങളും പൂർണമായി അവസാനിപ്പിക്കുകയാണ്. എന്നാൽ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. അതിനിടെ വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ ചില സൂചനകൾ പുറത്ത് വന്നിട്ടുമുണ്ട്. അതായത് വിമാനത്തിന്റെ തിരോധാനം പൈലറ്റ് ബോധപൂർവം ആസൂത്രണം ചെയ്ത അട്ടിമറിയാണെന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. എംഎച്ച് 370 പറന്നുയർന്ന ഉടൻ റെഡാറിനെ വെട്ടിച്ച് രഹസ്യമായി നീങ്ങിയത് പൈലറ്റ് മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

കാണാതായ ബോയിങ് 777 വിമാനത്തിന്റെ പൈലറ്റായ സഹാറി അമദ് ഷാ ചെയ്ത മനഃപൂർവമുള്ള ക്രിമിനൽ കുറ്റമായിരുന്നു വിമാനത്തെ അപകടത്തിൽ പെടുത്തിയതെന്നാണ് ലോകപ്രശസ്ത ഏവിയേഷൻ വിദഗ്ദ്ധർ ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ അനുമാനിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ നിഗൂഢതതകളിലൊന്നായിട്ടാണ് ഈ വിമാനത്തിന്റെ തിരോധാനം വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ അവസാന ചലനങ്ങൾ ഫോറൻസിക്കലായി പുനസൃഷ്ടിച്ചാണ് അവർ തിരോധാനത്തിന് പിന്നിൽ പൈലറ്റിന്റെ ബോധപൂർവമായ നീക്കമുണ്ടെന്ന് സമർത്ഥിക്കുന്നത്.

ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത 60 മിനുറ്റ് വരുന്ന ടിവി പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഏവിയേഷൻ എക്സ്പർട്ടുകൾ തങ്ങളുടെ പുതിയ അനുമാനങ്ങൾ വിശദീകരിച്ചിരിക്കുന്നത്. പൈലറ്റ് ഷാ വിമാനത്തെ ബോധപൂർവം വീഴ്‌ത്തിയയാണെന്നാണ് അവർ ഏക സ്വരത്തിൽ വാദിക്കുന്നത്. ആർക്കും എളുപ്പം കണ്ടെത്താൻ സാധിക്കാത്ത വിദൂരസ്ഥമായ സ്ഥലത്ത് വിമാനത്തെ വീഴ്‌ത്തി പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതിന് 239 യാത്രക്കാരെയും ക്രൂ മെമ്പർമാരെയും ബലിയാടുകളാക്കിത്തീർക്കുകയായിരുന്നുവെന്നുമാണ് പ്രമുഖ എയർക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസ് ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വിശദീകരിക്കുന്നത്.

ഇത് പൈലറ്റ് ദീർഘകാലമായി ആസൂത്രണം ചെയ്ത അപകടമായിരുന്നുവെന്നും മനഃപൂർവം ചെയ്ത പ്രവൃത്തിയായിരുന്നുവെന്നുമാണ് മുൻ ഓസ്ട്രേലിയ ട്രാൻസ്പോർട്ട് ബ്യൂറോ തലവനായ മാർടിൻ ഡോലൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. മലേഷ്യയുടെയും തായ് മിലിട്ടറിയുടെയും റഡാറിൽ നിന്നും വിമാനത്തെ ഒഴിവാക്കുന്നതിനായി പൈലറ്റ് ഈ വിമാനത്തെ അതിർത്തിയിലൂടെ പറപ്പിക്കുകയായിരുന്നുവെന്നാണ് ബോയിങ് 777 പൈലറ്റും ഇൻസ്ട്രക്ടറുമായ സൈമൺ ഹാർഡി പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിമാനത്തെ മുൻകൂട്ടി നിശ്ചയിക്കാത്ത വഴികളിലൂടെ പറത്തിയ പൈലറ്റ് തന്റെ ഹോംടൗണായ പെനാൻഗിന് മുകളിലൂടെ അവസാന നിമിഷങ്ങളിൽ അതിനെ കൊണ്ട് പോയിരുന്നുവെന്നും ഹാർഡി അഭിപ്രായപ്പെടുന്നു. തന്റെ ഹോം ടൗണിലെ വീട്ടിലുള്ള ആരെങ്കിലും ഇത് നോക്കി നിൽക്കുന്നുണ്ടാവുമെന്നും അവരോട് വിടപറയാനായിരിക്കും പൈലറ്റ് ഇത് ചെയ്തതെന്നും ഇത് വളരെ വൈകാരികമായിട്ടാണ് പൈലറ്റ് നിർവഹിച്ചതെന്നും ഹാർഡി അനുമാനിക്കുന്നു.

മുൻ ഓസ്ട്രേലിയ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ ഹെഡായ മാർട്ടിൻ ഡോലനാണ് രണ്ട് വർഷം ഈ വിമാനത്തിനായി നടത്തിയ തെരച്ചിലിന് നേതൃത്വം നൽകിയിരുന്നത്. കടലിൽ 120,000 ചതുരശ്രകിലോമീറ്റർ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു. ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഈ തെരച്ചിലിന് ഫലമൊന്നുമുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് അവസാനിപ്പിക്കുകയയും ചെയ്തിരുന്നു. എംഎച്ച് 370 കടലിൽ വീണിരിക്കാമെന്ന ഊഹത്തെ തുടർന്നായിരുന്നു ഈ തെരച്ചിൽ.