ന്ത്യൻ ജയിലുകളുടെ അവസ്ഥയെ അടിസ്ഥാനരഹിതമായി വിമർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് ചുട്ട മറുപടിയേകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിളങ്ങിയെന്ന് റിപ്പോർട്ട്. തീഹാർ ജയിലിൽ മനുഷ്യനെ പാർപ്പിക്കാൻ പറ്റില്ലല്ലോ എന്ന് തെരേസ മെയ്‌ പരിഹാസത്തോടെ ചോദിച്ചപ്പോൾ അവിടെത്തന്നെയല്ലേ നിങ്ങൾ ഗാന്ധിജിയെയും നെഹ്രുവിനെയും പാർപ്പിച്ചതെന്ന് ചോദ്യശരം തൊടുത്താണ് മോദി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ വെട്ടിപ്പ് നടത്തി ബ്രിട്ടനിൽ അഭയം തേടിയിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് വിട്ട് തരാത്തതിനെക്കുറിച്ചുള്ള ചർച്ച കൊഴുക്കുന്ന വേളയിലാണ് മോദി തന്റെ വാക്ശരം കൊണ്ട് തെരേസയുടെ നാവടക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇന്നലെ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

മല്യയെ ഇന്ത്യയ്ക്ക് വിട്ട് കൊടുക്കുന്ന കേസിന്റെ വിചാരണ നടക്കുന്ന വേളയിൽ ഇന്ത്യയിലെ ജയിലുകളുടെ സ്ഥിതി മോശമാണെന്ന് ബ്രിട്ടീഷ് കോടതികൾ ആരോപിച്ചിരുന്നത്. ഇത് തേരേസയും ഏറ്റുപിടിച്ചതോടെയാണ് മോദി ചുട്ട മറുപടിയുമായി മുന്നോട്ട് വന്നത്. എൻഡിഎ സർക്കാർ നാല് വർഷം പൂർത്തിയാക്കിയ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് സുഷമ സ്വരാജ് മോദിയുടെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഇരു പ്രധാനമന്ത്രിമാരും ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു മോദി ഇത്തരത്തിൽ പ്രതികരിച്ചത്.

കോമൺവെൽത്ത് രാജ്യങ്ങളിലെ തലവന്മാരുടെ സമ്മേളനം ലണ്ടനിൽ വച്ച് നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മല്യയെ വീട്ട് കിട്ടുന്ന വിഷയത്തിൽ മോദി തെരേസയുമായി ചർച്ച നടത്തിയത്. ഇന്ത്യൻ ജയിലുകൾ മോശമാണെന്നും അതിനാൽ തന്നെ ഇന്ത്യയിലേക്ക് നാട് കടത്തരുതെന്നുമായിരുന്നു മല്യ യുകെ കോടതികളോട് അപേക്ഷിച്ചിരുന്നത്. ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് 9000 കോടി തട്ടി മുങ്ങിയ മല്യ നിലവിൽ യുകെയിലാണ് കഴിയുന്നത്. മല്യയ്ക്ക് വേണ്ടിയുള്ള എക്സ്ട്രാഡിഷൻ റിക്വസ്റ്റ് തങ്ങൾ അയച്ചിട്ടുണ്ടെന്നും സുഷമ വെളിപ്പെടുത്തിയിട്ടുണ്ട്.

മല്യക്കെതിരെ കോടതിയിലുള്ള ഒരു കേസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൺസോർഷ്യത്തിന്റേതാണ്. ഇതിൽ 12 ബാങ്കുകളാണ് ഉൾപ്പെടുന്നത്. അവർ ഈ കേസിൽ വിജയിച്ച് പണം തിരിച്ച് പിടിക്കാൻ സാധിക്കുമെന്നും സുഷമ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ എക്ട്രാഡിഷൻ ഉത്തരവ് പ്രകാരം മല്യയെ സ്‌കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് ലീസിങ് കമ്പനിക്ക് മല്യ 90 മില്യൺ് പൗണ്ട് കൊടുക്കണമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സിംഗപ്പൂരിലെ ബിഒസി ഏവിയേഷനിൽ നിന്നും 2014ൽ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് നിരവധി എയർക്രാഫ്റ്റുകൾ ലീസിനെടുത്തതിന്റെ പേരിൽ നടന്ന ക്രമക്കേടുകളാണ് ഈ കേസിന് വഴിയൊരുക്കിയത്. യുകെയിലെ മല്യയുടെ വസ്തുവകകൾ വിറ്റ് ഇന്ത്യൻ ബാങ്കുകളുടെ കടം വീട്ടണമെന്ന ഇന്ത്യൻ കോടതിയുടെ വിധി അംഗീകരിച്ച് കൊണ്ടുള്ള നിർണായക വിധി ലണ്ടൻ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ്‌ എട്ടിന് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ കോടതിയുടെ വിധി നടപ്പിലാക്കുന്നതിനുള്ള നിയമ നടപടികൾ ഇത് പ്രകാരം യുകെ ഹൈക്കോർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് അനുവർത്തിക്കാവുന്നതാണ്. ഇതിലൂടെ ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള മല്യയുടെ വസ്തുവകകൾ പിടിച്ചെടുക്കാനും വിൽക്കാനും സാധിക്കുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു. ഇന്ത്യയിലെ 12 ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നത് യുകെ ഹൈക്കോർട്ട് ജഡ്ജായ ആൻഡ്രൂ ഹെൻഷാ ക്യൂസിയായിരുന്നു.

കർണാടകയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ 2017 ജനുവരി 19ന് പുറപ്പെടുവിച്ച വിധിയെ പിന്തുണക്കുന്ന വിധത്തിലുള്ള വിധിയാണ് ഹെൻഷാ മെയ്‌ എട്ടിന് പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്ത കോടിക്കണക്കിന് രൂപ വീട്ടാതെ അവയെ കബളിപ്പിച്ചാണ് മല്യ യുകെയിലെത്തിയിരിക്കുന്നതെന്നും പിന്നീട് ഇന്ത്യയിലേക്ക് തിരിച്ച് പോയിട്ടില്ലെന്നും ഹെൻഷാ തന്റെ വിധിയിൽ പ്രത്യേകം എടുത്ത് കാട്ടിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് വിചാരണ ചെയ്യുന്നതിനായി വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയോടെ മല്യ ചെറുത്ത് നിൽക്കുകയാണെന്നും കോടതി എടുത്ത് കാട്ടുന്നു . ഇതിലൂടെ ഇയാൾ നിയമനടപടികളിൽ നിന്നും ഒളിച്ചോടിയതാണെന്ന് വ്യക്തതമായിരിക്കുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.