രു കുടുംബത്തിലെ അഞ്ചംഗങ്ങൾക്ക് ആരോഗ്യപരിരക്ഷ നൽകുന്ന ദേശീയാരോഗ്യ പരിരക്ഷാ പദ്ധതി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമെന്ന് സൂചന. പാവപ്പെട്ടവർക്ക് ചികിത്സ കിട്ടാതാവുന്ന അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് തന്റെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ പദ്ധതി മോദി പ്രഖ്യാപിക്കുന്നത്. വർഷം 1050 രൂപയടച്ചാൽ, അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ഒരു കുടുംബത്തിന് ലഭിക്കകു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു കുടുംബത്തിനാവശ്യമായ എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇത്തരത്തിലൊരു ബൃഹദ് പദ്ധതി നിലനിൽക്കണമെങ്കിൽ പ്രീമിയം 1500-നും 2000-നും ഇടയ്ക്കുവേണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തതോടെ കമ്പനികൾ പ്രീമിയം കുറയ്ക്കാൻ തയ്യാറാവുകയായിരുന്നു.

ആയുഷ്മാൻ ഭാരത് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം എന്ന പദ്ധതി നടപ്പിലാക്കുന്നത് നിതി ആയോഗ് മുഖേനയാണ്. പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ചുള്ള അവസാനവട്ട ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികളുമായും സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ പദ്ധതിക്ക് അന്തിമ രൂപമാകും. അടുത്തമാസം ഇൻഷുറൻസ് കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചുതുടങ്ങുമെന്നാണ് സൂചന.

വാർഷിക പ്രീമിയം ആയിരം രൂപയിൽ നിലനിർത്താനായിരുന്നു സർക്കാരിന്റെ താത്പര്യം. 1500-ന് മുകളിലേക്ക് പോയാൽ അതിൽ ആളുകൾക്കുള്ള താത്പര്യം കുറയുമെന്നുകണ്ടാണ് പ്രീമിയം കുറയ്ക്കാൻ തയ്യാറായത്. 1100 രൂപയിൽ കുറയണമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. അതനുസരിച്ചാണ് ഇപ്പോൾ ഏകദേശം 1050 രൂപയെന്ന ധാരണയിലെത്തിയിരിക്കുന്നത്. ഒരുവർഷത്തേക്കാണ് ഈ തുക തീരുമാനിച്ചിരിക്കുന്നത്. അടുത്തവർഷം ആവശ്യമെങ്കിൽ പുനപരിശോധിക്കും.

പ്രീമിയത്തിലെ കുറവ് മറ്റ് സർക്കാർ പദ്ധതികൾക്ക് വൻതോതിൽ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്ക് 330 രൂപയും പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് 12 രൂപയുമേ പ്രീമിയമുള്ളൂ. രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്കായുള്ള പദ്ധതിയെന്ന നിലയിൽ, ദേശീയാരോഗ്യ പരിരക്ഷാ പദ്ധതിയും ജനപ്രിയമായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഇക്കൊല്ലത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.