നുദിനം കുതിച്ചുയരുന്ന പെട്രോൾ വിലയിൽ ആശങ്കാകുലരാണ് ഇന്ത്യക്കാർ. പെട്രോൾ ലിറ്ററിന് നൂറുരൂപയിലത്തുന്ന കാലം അതിവിദൂരമല്ല. രൂപയുടെ മൂല്യമിടിവും കൂടിയായതോടെ വാഹനഉടമകളുടെ നട്ടെല്ലൊടിക്കുന്ന രീതിയിലാണ് വിലക്കയറ്റം. എന്നാൽ, പെട്രോളിന് ലോകത്തേറ്റവും വില കൂടുതലുള്ള രാജ്യം ഇന്ത്യയല്ല. ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം ഹോങ്കോങ്ങാണെന്ന് 2018-ലെ പെട്രോൾ ഇൻഡക്‌സ് വ്യക്തമാക്കുന്നു.

ബ്ലൂംബർഗും ഗ്ലോബൽപെട്രോൾ പ്രൈസസ് ഡോ്ട്ട് കോമും ചേർന്ന് തയ്യാറാക്കിയ ഇൻഡക്‌സ് പ്രകാരം ആദ്യ പത്തു സ്ഥാനത്തുപോലും ഇന്ത്യയില്ല.ഹോങ്കോങ്ങിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 158.രൂപയാണ്. ഐസ്‌ലൻഡാണ് രണ്ടാം സ്ഥാനത്ത് 153.67 രൂപ. മൂന്നാം സ്ഥാനത്തുള്ള നോർവേയിൽ ലിറ്ററിന് 1150.79 രൂപ കൊടുക്കണം. നെതർലൻഡ്‌സ് (143.10 രൂപ), ബാർബഡോസ് (143.10), ഗ്രീസ് (142.14), ഇറ്റലി (140.22), മൊണാക്കോ (140.22), ഡെന്മാർക്ക് (139.26), ഇസ്രയേൽ (138.30) എന്നിങ്ങനെയാണ് ആദ്യ പത്തിലെ മറ്റു രാജ്യങ്ങളിലെ വില നിലവാരം.

ഹോങ്കോങ്ങിൽ ശരാശരി വാഹനമോടിക്കുന്നയാൾക്ക് ഒരുമാസം 13,746 രൂപ ഇന്ധനത്തിനായി മാത്രം ചെലവാക്കണം. മാസവരുമാനത്തിന്റെ 7.6 ശതമാനത്തോളം വരുമത്. വരുമാനം കൂടുതൽ ലഭിക്കുന്ന രാജ്യങ്ങളിൽ അത് വലിയ ബാരമലല്ല. എന്നാൽ, മാസവരുമാനം ഗണ്യമായ രീതിയിൽ കുറവുള്ള ഗ്രീസിൽ ശമ്പളത്തിന്റെ 20.9 ശതമാനവും ഇന്ധനത്തിനായി ചെലവാക്കേണ്ടിവരുന്നതായും ഇൻഡക്‌സ് സൂചിപ്പിക്കുന്നു. ഇന്ധനവില കൂടുതലാണെങ്കിലും നോർദിക് രാജ്യങ്ങളായ ഐസ്‌ലൻഡിലും നോർവേയിലും ഡെന്മാർക്കിലുമൊക്കെ വരുമാനത്തിന്റെ അഞ്ചുശതമാനത്തിൽത്താഴെയേ ചെലവാകുന്നുള്ളൂ.

ഇന്ധനവിലക്കയറ്റത്തിൽ ലോകം തരിച്ചുനിൽക്കുമ്പോൾ പെട്രോളിന് പച്ചവെള്ളത്തിന്റെ വിലയില്ലാത്ത രാജ്യവുമുണ്ട്. എണ്ണ ഉദ്പാദക രാജ്യമായ വെനസ്വേലയാണത്. ദിവസം 16 ലക്ഷം ബാരലോളം അസംസ്‌കൃത എണ്ണ ഉദ്പാദിപ്പിക്കുന്ന വെനസ്വേലയിൽ പെട്രോൾ ലിറ്ററിന് വെറും 95 പൈസയോളമേ വിലയുള്ളൂ.

ഇതിനുമേലിൽ ചില നികുതികളും കൂടി വരുമെങ്കിലും ശരാശരി ഒരുരൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ അവിടെ കിട്ടും. എന്നാൽ, വൻതോതിലുള്ള പണപ്പെരുപ്പം നേരിടുന്ന വെനസ്വേലയിൽ മറ്റു സാധനങ്ങൾക്ക് വില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 223 ശതമാനത്തോളമാണ് അവിടെയുണ്ടായ വിലക്കയറ്റം.