ഗ്യാങ്‌ടോക്: ലോകത്തിൽ പ്രകൃതിസൗന്ദര്യത്തിന്റെ മടിത്തട്ടിൽ തലചായ്ച് കിടക്കുന്ന അനുഗ്രഹീതമായ നിരവധി എയർപോർട്ടുകളുണ്ട്. എന്നാൽ ലോകത്തിൽ പ്രകൃതിസൗന്ദര്യത്തോട് ഏറ്റവും ചേർന്ന് നിലകൊള്ളുന്ന വിമാനത്താവളമെന്ന ബഹുമതി ഇന്ത്യയിലെ സിക്കിമിൽ അടുത്തിടെ തുറന്ന പക്യോംഗ് എയർപോർട്ടിനെ തേടിയെത്തിയിരിക്കുകയാണ്.

കൂറ്റൻ മലനിരകൾക്കിടയിൽ ആകാശം മുട്ടെ സൗന്ദര്യം വഴിഞ്ഞാണ് പക്യോംഗ് എയർപോർട്ട് നിലകൊള്ളുന്നത്. സിക്കിമിൽ പണിതീർത്ത ആദ്യ വിമാനത്താവളം ലോകത്തെ ഏറ്റവും സുന്ദരമായ വിമാനത്താവളമെന്ന് എഴുതാൻ ലോകമാധ്യമങ്ങൾ ഇപ്പോൾ മത്സരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനതാതാവളത്തിലെ സുന്ദരമായ കാഴ്ചകൾ ലോകത്തിൽ മറ്റേത് എയർപോർട്ടിലും കണ്ടെന്ന് വരില്ല.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരിക്കുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പേരിലും രാജ്യത്തെ നൂറാമത്തെ വിമാനത്താവളമെന്ന പേരിലും വേറിട്ട് നിൽക്കുന്നു. ഗ്യാങ്ടോക്കിനടുത്താണ് പക്യോംഗ് വിമാനത്താവളം നിലകൊള്ളുന്നത്. ഹിമാലയൻ ഗിരിനിരകളോട് തൊട്ടുരുമ്മി അതിന്റെ താഴ്‌വാരത്തിലാണ് ഈ വിമാനത്താവളം. ഇവിടെ നിന്നും ടിബറ്റ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് അധികം ദൂരമില്ല. കടുത്ത ഭൂപ്രകൃതിയെ വറുതിയിലാക്കി 990 ഏക്കറിൽ ഈ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിനായി എൻജിനീയർമാർ നീണ്ട ഒമ്പത് വർഷങ്ങളാണ് മെനക്കെട്ടിരിക്കുന്നത്.

ചെങ്കുത്തായ മലഞ്ചെരിവുകൾ എയർപോർട്ടിന് യോജിക്കുന്ന വിധത്തിൽ മാറ്റിയെടുക്കുക ശ്രമകരമായ ദൗത്യമായിരുന്നു. കടുത്ത മഴയും ഭൂകമ്പ സാധ്യതയും ഇവിടെ കടുത്ത വെല്ലുവിളിയുയർത്തുകയും ചെയ്തിരുന്നു.വിഷമം പിടിച്ച പർവത റോഡുകളിലൂടെ വിമാനത്താവള നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ കൊണ്ടു വരുന്നതിനും ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. 263 അടി ആഴത്തിലേക്കുള്ള ഒരു എംബാർക്ക്മെന്റ് വാളിന് മേലാണ് മൊത്തം എയർപോർട്ട് കെട്ടിപ്പടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റീ എൻഫോഴ്സ്മെന്റ് വാളാണിത്.

ടെർമിനൽ ബിൽഡിംഗിന്ഒരേ സമയം നൂറോളം യാത്രക്കാരെ ഉൾക്കൊള്ളാനാവും. വ്യത്യസ്തമായ ഇടങ്ങളിലേക്ക് ഇവിടെ നിന്നും കമേഴ്സ്യൽ ഫ്ലൈററുകളുണ്ട്.ഇവിടെ നിന്നുമുള്ള ആദ്യ വിമാനം അടുത്ത ആഴ്ചയായിരിക്കും പറന്നുയരുന്നത്. കൊൽക്കത്തയ്ക്കായിരിക്കും ആദ്യ വിമാനം ഇവിടെ നിന്നും ചിറക് വിരിക്കുന്നത്. വിമാനത്താവളം പൊതുജനത്തിനായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി ഇവിടുത്തെ ചിത്രങ്ങൾ പകർത്തുന്നതിന് അവസരം ലഭിച്ച ഫോട്ടോഗ്രാഫർമാരിലൊരാളാണ് രാജീവ് ശ്രീവാസ്തവ.

ഹിമാലയത്തിന്റെ സ്വപ്നസമാനമായ പരിസരത്ത് എൻജിനീയറിങ് വൈദഗ്ധ്യത്താൽ യാഥാർത്ഥ്യമാക്കിയ വിമാനത്താവളമാണിതെന്നാണ് രാജീവ് സാക്ഷ്യപ്പെടുത്തുന്നത്.