റാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ, യു.എസ്. സഖ്യകക്ഷിയായ ഇസ്രയേൽ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. ഇറാന് ആണവായുധങ്ങളും ആണവ വസ്തുക്കളും സൂക്ഷിക്കാനുള്ള രഹസ്യ വെയർഹൗസ് ടെഹ്‌റാനിലുണ്ടെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ ആരോപിച്ചു. ഇറാൻ ആണവ പരിപാടികളിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും നെതന്യാഹു പറഞ്ഞു.

ടെഹ്‌റാനിലെ തുർഖസാബാദ് ജില്ലയിലുള്ള രഹസ്യ വെയർഹൗസിന്റെ ചിത്രവും ഭൂപടവും ഉയർത്തിക്കാട്ടിയാണ് നെതന്യാഹുവിന്റെ ആരോപണം. ആണവായുധങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തിൽനിന്ന് ഇറാൻ തെല്ലും പിറകോട്ട് പോയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങളെ തകർക്കുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു രാജ്യം ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും അനുവദിക്കുകയില്ലെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ എന്ത് ഒളിപ്പിച്ചുവച്ചാലും ഇസ്രയേൽ അത് കണ്ടുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാലുമാസംമുമ്പും സമാനമായ ആരോപണവുമായി ഇറാൻ രംഗത്തെത്തിയിരുന്നു. ടെഹ്‌റാന് സമീപമുള്ള ഷൗറാബാദിൽനിന്ന് ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗം അര ടണ്ണോളം വരുന്ന ആണവ രേഖകളും വസ്തുക്കളും കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഇറാൻ ആണവ പരിപാടികൾ തുടരുന്നതായും അത് മറച്ചുവെക്കുന്നതായും ഇസ്രയേൽ ആരോപിക്കുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇറാൻ പ്രതികരിച്ചിരുന്നില്ല.

ആണവപരിപാടികളിൽനിന്ന് പിന്മാറുന്നതായി കരാറിലേർപ്പെട്ട രാജ്യം എന്തിനാണ് രഹസ്യമായി ആറ്റോമിക് വെയർഹൗസ് തുടരുകയും ആണവ രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നതെന്ന് നെതന്യാഹു ചോദിച്ചു. ലെബനനിലെ ബെയ്‌റൂട്ട് വിമാനത്താവളതത്തിന് സമീപം ഹിസ്ബുള്ള ഭീകരർക്ക് മിസൈൽ നിർമ്മിക്കുന്നതിനാവശ്യമായ സഹായം ഇറാൻ നൽകുന്നതായും നെതന്യാഹു ആരോപിച്ചു. ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈലുകളാണെന്നും നെതന്യാഹു പറഞ്ഞു.

യുഎൻ ജനറൽ അസംബ്ലിയിൽ ഇത്രയും കടുത്ത ആരോപണം ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ഇക്കാര്യത്തിൽ ഇതേവരെ ഇറാന്റെ പ്രതികരണമുണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭയിൽ ഉയർന്ന ആരോപണത്തെക്കുറിച്ച് ഇറാന് പ്രതികരിക്കാതിരിക്കാനാവില്ല. ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറിയിട്ടും മറ്റുരാജ്യങ്ങൾ കരാറിലുറച്ചുനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ആറ്റോമിക് രേഖകൾ സൂക്ഷിച്ച മേഖല ഇസ്രയേൽ കണ്ടെത്തിയതിനെത്തുടർന്ന് അറ്റോമിക് വെയർഹൗസ് ശുചിയാക്കുന്ന തിരക്കിലാണ് ഇറാനെന്നും നെതന്യാഹു ആരോപിച്ചു.