ബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നു വിശ്വസികളും ക്ഷേത്രത്തിന്റെ ചുമതലക്കാരായ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പറയുമ്പോൾ അത് സ്ത്രീ പുരുഷ സമത്വത്തിനു എതിരെയുള്ള വിവേചനമാണെന്നാണ് സുപ്രീം കോടതി വിധിയുണ്ടായത്. എന്നാൽ ഇത്തരം വിലക്കുകൾ ശബരിമലയിൽ മാത്രമാണോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് ജപ്പാനിൽ നിന്നുമാണ്. ശബരിമലയിലേതിന് സമാനമായ വിലക്കാണ് ജപ്പാനിലെ പവിത്ര സംരക്ഷിത ദ്വീപായ ഓകിനോഷിമയിൽ നിന്നും ലഭിക്കുന്നത്.

ഈ ദ്വീപിന്റെ കഥയുമായി രംഗത്ത് വരുന്നത് പ്രശസ്തമായ ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ബ്രിട്ടീഷ് മാധ്യമം ദി ഇൻഡിപെൻഡന്റ് ആണെന്നത് മറ്റൊരു കൗതുകം. ഇതോടെ ഇത്തരം ആചാരങ്ങൾ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും നിലനിൽക്കുന്നതും അവയൊക്കെ പൈതൃക, സംസ്‌കാര സംരക്ഷണത്തിന്റെ ഭാഗമായി യുനെസ്‌കോ പോലും അംഗീകരിക്കുകയാണെന്നുമാണ് പത്രം വിശദമാക്കുന്നത്. ഓകിനോഷിമക്കു ലോക പൈതൃക പദവി നൽകിയാണ് യുനെസ്‌കോ ആദരവ് നൽകുന്നത്.

ഇന്ത്യയിൽ കൊണാർക് സൂര്യ ക്ഷേത്രം, മാമ്മലപുരം, മഹാബോധി ക്ഷേത്രം, എല്ലോറ കൈലാസ ക്ഷേത്രം എന്നിവയൊക്കെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടവയാണ്. ഒരു പക്ഷെ ശബരിമല വിവാദത്തിനു അറുതി വരുത്താൻ ഇത്തരം ഒരു പൈതൃക സംരക്ഷണ പദ്ധതി കൊണ്ട് മാത്രമേ സാധിക്കൂ എന്നതാണ് ജപ്പാനിൽ നിന്നും എത്തുന്ന വാർത്ത തെളിയിക്കുന്നത്. ശബരിമലയുമായി പല സാമ്യവും പുലർത്തുന്ന ക്ഷേത്രമാണ് ഓകിനോഷിമയിലെ ഓകിട്‌സ് ക്ഷേത്രം.

ചുറ്റും കടലും ചെറു കാടും ഉള്ളതിനാൽ ക്ഷേത്രത്തിനു മനുഷ്യ വാസം മൂലമുള്ള അസൗകര്യങ്ങൾ ഒന്നുമില്ല. സ്ത്രീകളുടെ ആർത്തവ കാലവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇവിടെയും സ്ത്രീ പ്രവേശനത്തിന് മുഖ്യ തടസ്സമായി വിലയിരുത്തപ്പെടുന്നു. ഒരു വർഷം വെറും 200 പുരുഷന്മാർക്കു മാത്രമാണ് പ്രവേശനം, അതും കടുത്ത നിബന്ധനകളോടെ. നഗ്നരായി ദർശനത്തിനു എത്തുന്നു എന്നതാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണമായി മാറിയത്.

സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്തതും നഗ്നരായി ക്ഷേത്രത്തിൽ എത്തണം എന്നതും പരിഗണിച്ചാണ് യുനെസ്‌കോ ലോക പൈതൃക പദവി നല്കാൻ കാരണമായതും. ചില കാര്യങ്ങൾ സംരക്ഷിക്കപ്പെടാൻ അവയുടെ ഉൽപ്പത്തി മുതലുള്ള അവസ്ഥയുടെ കാത്തു പരിപാലിക്കണം എന്നതാണ് ഈ ക്ഷേത്രത്തിനു പൈതൃക പദവി ലഭിക്കാൻ കാരണമായത്. മൂന്നു നൂറ്റാണ്ടിലധികമായി ഈ ക്ഷേത്രം കടലിൽ പോകുന്നവരുടെ രക്ഷയ്ക്കായി ഉള്ള പ്രധാന ആരാധന കേന്ദ്രം കൂടിയാണ്. ജപ്പാന്റെ പല ഉപദ്വീപുകളിൽ ഒന്നായ ഒകിനാഷമോ 700 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്. രാജ്യത്തെ മറ്റു പ്രധാന 20 ഓളം പൗരാണിക കേന്ദ്രങ്ങൾക്കൊപ്പമാണ് ഈ ക്ഷേത്രവും സർക്കാർ പരിപാലിക്കുന്നത്.

ഓകിനോഷോമയ്ക്കു ഒപ്പം മൂന്നു പ്രധാന സമുദ്ര തീര കേന്ദ്രങ്ങൾക്ക് കൂടി ലോക പൈതൃക പദവി ലഭിച്ചിരുന്നു. ഷിൻടോ സമുദ്ര ദേവതയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. കൊറിയക്കും ചൈനയ്ക്കും ഇടയിലുള്ള ജപ്പാന്റെ തന്ത്രപ്രധാന ദ്വീപ് കൂടിയാണ് ഓകിനോഷമാ. അടുത്തകാലത്തായി ക്ഷേത്രത്തിലേക്ക് പൂജയ്ക്കുള്ള പുരുഷ വൈദികർ മാത്രമാണ് ഇവിടെ എത്തുന്നത്. യുദ്ധത്തിൽ തോറ്റ വീര നാവികരുടെ ഓർമ്മ പുതുക്കാൻ ഉള്ള പ്രത്യേക പൂജ ദിവസമായ മെയ് 27 ആണ് പ്രധാന പൂജ ദിവസവും ഏറ്റവും കൂടുതൽ പേര് ക്ഷേത്രത്തിൽ എത്തുന്നതും. കടുത്ത നിബന്ധനകളോടെയാണ് ഇങ്ങോട്ടുള്ള പ്രവേശനവും. കയ്യിൽ യാതൊരു സാധനങ്ങളും കരുതാൻ പാടില്ല, യാത്രയിൽ ഉടനീളം ആരും പരസ്പരം സംസാരിക്കാനും പാടില്ല.

ഷിൻടോ വിശ്വാസത്തിന്റെ ഭാഗമാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത്, എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് ആർക്കുമറിയില്ല. ശബരിമലയുമായി ബന്ധപ്പെട്ടത് പോലെ ആർത്തവകാലമാണ് ഇവിടെയും സ്ത്രീ പ്രവേശനം നിഷേധിക്കപ്പെടാൻ കാരണം എന്ന് ഒരു വിഭാഗം വിശ്വാസികൾ പറയുന്നു. ശബരിമലയിൽ കാടു താണ്ടിയുള്ള ദുഷ്‌ക്കര യാത്ര പോലെ കടൽ താണ്ടിവേണം ഓകിനോഷോമ യിൽ എത്താൻ എന്നതും ഈ സ്ത്രീ പ്രവേശന വിലക്കിനു കാരണമായിരിക്കാം എന്ന് പറയുന്നവരുമുണ്ട്. പക്ഷെ ഇവിടെ ആരും സ്ത്രീ പ്രവേശനം വേണമെന്ന് വാദിക്കാൻ രംഗത്തില്ല എന്നതാണ് സത്യം.