ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ കോൺസുലേറ്റിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന് പിന്നിൽ സൗദി കിരീടാവകാശിയയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്ന് സൂചന. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൗദി രാജാവ് സൽമാനും മുഹമ്മദ് ബിൻ രാജകുമാരനും ഖഷോഗിയുടെ മകൻ സലാ ബിൻ ജമാൽ ഖഷോദിയെ യമാന കൊട്ടാരത്തിൽവെച്ച് കണ്ടിരുന്നു. എന്നാൽ, പിതാവിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയണമെന്ന നിലപാടിലാണ് സലായും സഹോദരൻ സഹേലും.

ഖഷോഗിയെ സൗദിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി സമ്മർദം ചെലു്ത്തുന്നതിന് സലായെയും സഹേലിനെയും രാജ്യം വിടുന്നതിൽനിന്ന് കഴിഞ്ഞവർഷം സൗദി വിലക്കിയിരുന്നു. ഖഷോഗിയെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാൻ സമ്മർദം ചെലുത്തുന്നതിനിടെയുണ്ടായ വാക്കേറ്റവും കൈയാങ്കളിയുമാണ് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് സൗദി ഭരണകൂടത്തിന്റെ ഭാഷ്യം. എന്നാൽ, കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ മുഹമ്മദ് ബിൻ സൽമാനാണെന്നുമാണ് ആരോപണം.

സൗദി രാജകുമാരന്റെ നിർദ്ദേശമനുസരിച്ച് തുർക്കിയിലെത്തിയ 15 അംഗ കൊലയാളി സംഘമാണ് കൃത്യം നടത്തിയതെന്നാണ് ആരോപണം. രാജകുമാരൻ നേരിട്ടാണ് ഇതിന് നിർദ്ദേശം നൽകിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ പ്രധാന സഹായി സൗദ് അൽ ഖതാനിയാണെന്ന് തുർക്കി അന്വേഷണ സംഘം സൂചന നൽകി. രാജകീയ കോടതിയുടെ ഉപദേശകൻ കൂടിയായ ഖതാനി കൊലയാളി സംഘത്തിന് സ്‌കൈപ്പിലൂടെ നിർദ്ദേശം നൽകുകയായിരുന്നുവെന്ന ആരോപണവും ഉയർന്നുവന്നിട്ടുണ്ട്.

കൊലയാളി സംഘം ഖഷോഗിയെ ചോദ്യം ചെയ്യുന്നതിനിടെ, ' ആ നായയുടെ തലയെടുത്ത്' തന്റെ മുന്നിലെത്തിക്കാൻ ഖതാനി നിർദ്ദേശം നൽകിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഖതാനി ഇങ്ങനെ ഉത്തരവിടുന്നതിന്റെ ശബ്ദസന്ദേശം തുർക്കി പ്രസിഡന്റ് റജബ് തായിപ് ഉർദൂഗന്റെ പക്കലുണ്ടെന്നും തുർക്കി സൂചന നൽകുന്നു. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാർലമെന്റിൽ പ്രഖ്യാപിക്കുമെന്നാണ് ഉർദൂഗൻ പറയുന്നത്. ശബ്ദസന്ദേശങ്ങൾ പുറത്തുവിടാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും തുർക്കി അതിന് തയ്യാറായിട്ടില്ല.

ഖതാനിയടക്കമുള്ള ഉന്നതരെ സംഭവത്തെത്തുടർന്ന് പുറത്താക്കിയതായും 18 പേരെ അറസ്റ്റ് ചെയ്തതായും സൗദി ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷവും ഖതാനിയുടെ ട്വീറ്റുകൾ പുറത്തുവരുന്നുണ്ട്. സൗദിയുടെ ഇക്കാര്യത്തിലുള്ള വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.

അതിനിടെ, ഖഷോഗിയുടെ ശരീരഭാഗങ്ങളും വികൃതമാക്കപ്പെട്ട തലയും ഇസ്താംബുളിലെ സൗദി കോൺസുലിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇതേ വീട്ടിലെ കിണറ്റിൽനിന്ന് ശരീരഭാഗങ്ങൾ കിട്ടിയതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സൗദി കാര്യാലയത്തിന്റെ കാറിൽനിന്ന് ലാപ്‌ടോപ്പും വസ്ത്രങ്ങളും കിട്ടിയതായും സൂചനയുണ്ട്. ഇവ ഖഷോഗിയുടേതാണെന്നാണ് കരുതുന്നത്.

സംഭവത്തിൽ സൗദിയുടെ പങ്ക് കൂടുതൽ വ്യക്തമായതോടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് കടുപ്പിച്ച് രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവം ഹീനമായ മൂടിവെയ്ക്കൽ ശ്രമമാണ് ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രംപ് പറഞ്ഞു. സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്നത് തീരുമാനിക്കാൻ യു.എസ്. കോൺഗ്രസ്സിനോട് ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധമുൾപ്പെടെയുള്ള നടപടികളിലേക്ക് അമേരിക്ക നീങ്ങുമെന്ന സൂചനയും ശക്തമാണ്.

സൗദിയിൽനിന്ന് രക്ഷപ്പെട്ട ഖഷോഗി അമേരിക്കയിലാണ് അഭയം തേടിയിരുന്നത്. തുർക്കിക്കാരിയായ കാമുകിയെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കുന്നതിന്റെ ഭാഗമായി തന്റെ ആദ്യഭാര്യയിൽനിന്നുള്ള വിവാഹമോചനത്തിന്റെ രേഖകൾ ശരിയാക്കുന്നതിനായാണ് ഖഷോഗി ഇസ്താംബുളിലെത്തിയത്. ഇദ്ദേഹം എത്തുന്നതിന്റെ വിവരം കൃത്യമായി മനസ്സിലാക്കിയ സൗദി ഭരണകൂടം ആസൂത്രിതമായി കൊലപാതകം നടപ്പിലാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.