ന്യൂഡൽഹി: നാളെ മുതൽ അമേരിക്ക ഇറാന് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യയും ധീരമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ സഖ്യകക്ഷിയെന്ന നിലയിൽ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾക്ക് അമരേിക്ക ആറ് മാസമാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ ആറുമാസം മാത്രം അവശേഷിക്കവെ ഉപരോധം ബാധിക്കാതിരിക്കാൻ ഇന്ത്യൻ രൂപയിൽ ഇടപാടുറപ്പിച്ച് പോകാനാണ് ഇന്ത്യയും ഇറാനും തീരുമാനിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് വില ഇനി ഇന്ത്യൻ രൂപയിൽ നൽകിയാൽ മതിയാവും. കൂടാതെ ആ കാശ് മുഴുവൻ മുടക്കി ഇറാൻ ഇന്ത്യൻ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുകയും ചെയ്യും. അമേരിക്കയെ ഇങ്ങനെ ചങ്കുറപ്പോടെ നേരിടാൻ മോദിക്ക് ധൈര്യമോ...? എന്ന ചോദ്യം ഇതിനെ തുടർന്ന് പരക്കെ ഉയരുന്നുണ്ട്. പുതിയ നീക്കമനുസരിച്ച് ഇറാനുള്ള എണ്ണവില ഇന്ത്യക്ക് ഇന്ത്യൻ കറൻസിയിൽ ഇന്ത്യയിലെ ഒരു ബാങ്കിലൂടെ കൈമാറാൻ സാധിക്കും. ഇത്തരത്തിൽ പേമെന്റ് നൽകുന്നതിന് യുകോ ബാങ്കിലുണ്ടായിരുന്ന ഒരു പഴയ സംവിധാനം ഇതിനായി പുനരുജ്ജീവിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

ഇത്തരത്തിൽ പണമടക്കുന്നത് അന്താരാഷ്ട്ര ശ്രദ്ധയിൽ അധികം പെടുകയില്ലെന്ന് മാത്രമല്ല ഇത് ഉപരോധത്തിന് വിധേയമാകാനും സാധ്യത കുറവാണ്. ഇതിന് മുമ്പ് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള വിലയുടെ 45 ശതമാനം ഇന്ത്യൻ രൂപ യുകോ ബാങ്കിൽ നിക്ഷേപിച്ചും ബാക്കി വരുന്ന 55 ശതമാനം വില യൂറോസിലുമായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ നീക്കമനുസരിച്ച് മൊത്തം വിലയും ഇന്ത്യൻ രൂപയിലായിരിക്കും ഇറാന് ലഭിക്കാൻ പോകുന്നത്. ഈ രൂപ ഉപയോഗിച്ച് ഇറാന് ഇന്ത്യയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യാനും വഴിയൊരുങ്ങും.

സ്വിഫ്റ്റ് പേമെന്റ് സിസ്റ്റങ്ങളിലൂടെയുള്ള പണമടവ് ഇറാനിയൻ ബാങ്കുകൾ നിരോധിച്ചാലും ഇന്ത്യക്ക് പുതിയ സംവിധാനത്തിലൂടെ എണ്ണക്കായി പണമടക്കാൻ സാധിക്കുമെന്ന പ്രത്യേകതകയുമുണ്ട്. പുതിയ അമേരിക്കൻ ഉപരോധം ഇറാന്റെ എനർജി സെക്ടറിനെ പ്രത്യേകം ലക്ഷ്യമിടുന്നുവെന്നതിനാൽ അതിനെ അതിജീവിക്കുന്ന തരത്തിലുള്ള പുതിയ സംവിധാനമാണ് ഇന്ത്യയും ഇറാനും കൈക്കൊള്ളാൻ പോകുന്നത്. ഇറാൻ ന്യൂക്ലിയർ ഡീൽ സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിച്ച് വരുന്നുണ്ട്. ഇറാനെ സഹായിക്കാനായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ(എസ്‌പിവി) യൂറോപ്യൻ യൂണിയൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഉപരോധം മൂർധന്യത്തിലെത്തുമ്പോൾ ഇന്ത്യ ഇറാനിൽ നിന്നും തീരെ എണ്ണ ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കൻ നിബന്ധന വരുമെന്ന ആശങ്ക ശക്തമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഇന്ത്യ നിലവിൽ സ്വീകരിച്ചിരിക്കുന്ന തന്ത്രപരമായ നീക്കത്തിന് പരക്കെ കൈയടി ലഭിച്ച് വരുന്നുമുണ്ട്.