ആലപ്പുഴ: വിവാഹങ്ങൾ ആഘോഷമാക്കാനും ആഡംബരത്തിനുമായി ലക്ഷങ്ങളും കോടികളും ചെലവാക്കി പൊങ്ങച്ചം കാണിക്കുന്നവർക്ക് മാതൃകയായി ഒരു വിവാഹ വേദി. ആലപ്പുഴയിൽ പട്ടികജാതി- വികസന കോർപ്പറേഷനിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായ അനൂപും മലപ്പുറം മഞ്ചേരിയിലെ കെഎഎച്എം യൂണിറ്റി വുമൺസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ അദ്ധ്യാപികയായ അഖിലയുടേയും വിവാഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചെലവ് ചുരുക്കിയുള്ള വിവാഹങ്ങൾ പലതും നാം കേട്ടിടുണ്ടെങ്കിലും താലി പോലും ഇല്ലാതെയാണ് വിവാഹം നടത്തിയത്.

താലി കെട്ടില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ മരക്കസേരയിലിരുന്നുകൊണ്ട് അവർ പുതിയൊരു ജീവിതവും മാതൃകയും തീർക്കുകയായിരുന്നു വിവാഹിതരായ വേദിക്ക് പിറകിൽ ചെഗുവേരയുടെ ചിത്രവും പ്രശസ്തമായ വാചകങ്ങളും കുറിച്ചിട്ടുണ്ടായിരുന്നു. ആത്മാർഥ സ്നേഹമാണ് ആത്മാർഥ വിപ്ലവത്തെ നയിക്കുന്നത് എന്ന പ്രശസ്തമായ ആ വാചകം കുറിച്ചിരുന്നു.

താലികെട്ടില്ലെന്നും മതപരമായി വിവാഹം കഴിക്കില്ലെന്നുമായിരുന്നു അനൂബിന്റെ നിബന്ധനകൾ. ജാതി മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുള്ള പെൺകുട്ടികളിൽ നിന്നും അഭ്യർത്ഥന ക്ഷണിച്ച് അനൂപ് നൽകിയ പത്രപരസ്യമാണ് അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹത്തിന് വഴിയൊരുക്കിയത്.വരനും വധുവിനും ഇരിക്കാൻ രണ്ട് മരക്കസേരകൾ മാത്രം.1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ചെഗുവേരയുടെ വാക്യത്തിനൊപ്പം. പഴയ ഒരു ഹെർക്കുലീസ് സൈക്കിളും വേദിയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സദ്യക്ക് പകരം കപ്പയും മീൻകറിയുമാണ് വ്യത്യസ്ത വിവാഹത്തിനെത്തിയവർക്കായി ഒരുക്കിയിരുന്നത്.