ന്യൂഡൽഹി: പ്രവേശന നിരോധനം നിലനിൽക്കുന്ന നോർത്ത് സെന്റിനൽ ദ്വീപിൽ വച്ച് കൊല്ലപ്പെട്ട അമേരിക്കൻ സ്വദേശി മതപരിവർത്തനത്തിന് എത്തിയ മിഷനറി തന്നെ. ദൈവ വിളിയുടെ തുടർച്ചയായണ് താൻ അങ്ങോട്ട് പോകുന്നതെന്നും ഈ മിഷനറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട അമേരിക്കൻ സ്വദേശി ജോൺ അലൻ ചൗ മിഷണറി പ്രവർത്തകനാണെന്നും മതപരിവർത്തനത്തിന്റെ ഭാഗമായാണ് ഇയാൾ ദ്വീപിലെത്തിയതെന്നുമാണ് വ്യക്തമാകുന്നത്. ഇതിനിടെ അലൻ എഴുതിയ കത്ത് വിദേശ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്.താൻ കൊല്ലപ്പെട്ടൽ കൊന്നവരേയും ദൈവത്തേയും കുറ്റപ്പെടുത്തരുതെന്ന 26കാരന്റെ കുറിപ്പ്.

ദ്വീപിൽ താമസിക്കുന്ന ഓംഗ വംശജരെ ക്രിസ്ത്യൻ മതത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് അലൻ ദ്വീപിലെത്തിയത്. എന്നാൽ പുറത്ത് നിന്നുള്ളവർ പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്ത ഓംഗകൾ ഇയാളെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായ അലൻ അഞ്ച് തവണ ഓംഗകളെ കാണണമെന്ന ലക്ഷ്യത്തോടെ ദ്വീപിലെത്തിയിരുന്നു. എന്നാൽ ദ്വീപിലുള്ളവർ അതിന് കൂട്ടാക്കിയില്ല. തുടർന്ന് നവംബർ 16ന് ദ്വീപിലെത്തിയ ഇയാളെ ഓംഗകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോൺ അലനെ ദ്വീപിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഏറെ കാലത്തെ തയ്യാറെടുപ്പുകളുമായണ് അലൻ ദ്വീപിലേക്ക് പോയത്.

മത്സ്യത്തൊഴിലാളികളുടെ സാഹയത്തോടെ ആദ്യ ദ്വീപിലെത്തിയപ്പോൾ തന്നെ ആദിവാസികൾ പ്രകോപിതരായിരുന്നു. അന്ന് രക്ഷപ്പെട്ട് ബോട്ടിൽ തിരിച്ചെത്താനായി. അന്ന് തന്നെ മാതാപിതാക്കൾക്ക് അലൻ കത്ത് എഴുതിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആദിവാസികളോടും ദൈവത്തോടും ഭ്രാന്തമായ ഇടപെടൽ നടത്തരുതെന്നാണ് കത്തിലെ ആവശ്യം. യേശുവിനെ കുറിച്ച് അവരെ അറിയിക്കാനാണ് പോകുന്നത്. ഇതിനിടെയിൽ കൊല്ലപ്പെട്ടാൽ ഗാത്രവർഗ്ഗക്കാരോടും ദൈവത്തോടും ആരും കോപിക്കരുത്. നവംബർ 16നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. ഇതോടെ മതപരിവർത്തനം തന്നെയായിരുന്നു അലന്റെ ലക്ഷ്യമമെന്നും വ്യക്തമാകുകയാണ്.

ബാഹ്യലോകവുമായി ബന്ധമില്ലാത്ത സെന്റിനെലീസ് ഗോത്രക്കാർ പുറത്തുനിന്നള്ളവരുടെ ഇടപെടൽ ഇഷ്ടപ്പെടാത്തവരാണ്. 2011-ലെ കണക്കുപ്രകാരം ഈ ഗോത്രത്തിൽ ആകെ 40 പേരേയുള്ളൂ. പുറത്തുനിന്നുള്ളവരിൽനിന്ന് ഇവർ ഭീഷണിനേരിടുന്നുണ്ട്. സമീപവാസികൾക്ക് പണംനൽകി സ്വാധീനിച്ച് പലരും ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ടെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു. ഈമാസം 16-നാണ് ജോൺ അലനെ അവസാനമായി കണ്ടതെന്ന് മീൻപിടിത്തക്കാർ പൊലീസിനോട് പറഞ്ഞു. റബ്ബർചങ്ങാടത്തിൽ ദ്വീപിലേക്ക് പുറപ്പെട്ട ഇയാൾ, ഇടയ്ക്ക് അതുപേക്ഷിച്ച് കൊച്ചുവള്ളത്തിൽ ദ്വീപിലേക്ക് പോവുകയായിരുന്നെന്ന് ഇവർ പറഞ്ഞു. ദ്വീപിൽ കടന്നപ്പോഴേ ഗോത്രക്കാരുടെ അമ്പുകൊണ്ടെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. അമ്പേറ്റുവീണ ഇയാളെ അവർ കഴുത്തിൽ കയറിട്ട് കടൽത്തീരത്തേക്ക് വലിച്ചുകൊണ്ടുപോയി. മീൻപിടിത്തക്കാർ ഇതുകണ്ട് പേടിച്ച് തിരിച്ചുപോയി. പിറ്റേന്നു വന്നുനോക്കിയപ്പോൾ പകുതിമൂടിയ നിലയിൽ മൃതദേഹം മണലിൽ കിടക്കുകയായിരുന്നെന്ന് അറസ്റ്റിലായവർ പറഞ്ഞു.

ഇവർ പോർട്ട് ബ്ലെയറിലെത്തി ജോൺ അലന്റെ സുഹൃത്തുകൂടിയായ അലക്‌സ് എന്ന മതപ്രഭാഷകനെ വിവരമറിയിച്ചു. അലക്‌സ് അമേരിക്കയിലെ ഇയാളുടെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഡൽഹിയിലെ യു.എസ്. നയതന്ത്രകാര്യാലയം വഴി ഇന്ത്യയുടെ സഹായംതേടി. മൃതശരീരം കണ്ടെത്താൻ ആൻഡമാൻ അധികൃതർ ഹെലിപോപ്റ്ററിൽ തിരച്ചിലാരംഭിച്ചു. സെന്റിനെലീസ് ഗോത്രക്കാർ ആക്രമിക്കുമെന്നതിനാൽ ഹെലികോപ്റ്റർ നിലത്തിറക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. പലതവണ ആൻഡമാൻ സന്ദർശിച്ചിട്ടുള്ളയാളാണ് ജോൺ അലൻ. ഈ മാസം 14-നും ഇയാൾ ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. മതപ്രഭാഷകനായ ഇയാൾ സെന്റിനെലീസുകാരെ മതപരിവർത്തനം നടത്താനുള്ള താത്പര്യം അലക്‌സിനോട് പങ്കുവെച്ചതായും വിവരമുണ്ട്. നോർത്ത് സെന്റിനൽ ഉൾപ്പൈട ആൻഡമാനിലെ 29 ദ്വീപുകളിലേക്ക് പുറമേനിന്നുള്ളവർക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇക്കൊല്ലമാദ്യം കേന്ദ്രസർക്കാർ വിലക്കുനീക്കി. 2022 ഡിസംബർ 31 വരെയാണ് വിലക്ക് നീക്കിയിരിക്കുന്നത്. അതിനാൽ, വിദേശികൾക്ക് സർക്കാരിന്റെ അനുമതിയില്ലാതെ ഈ ദ്വീപുകളിൽ പ്രവേശിക്കാം.

ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ . ഏകദേശം 72 കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടൽ ഒരു രക്ഷാകവചം പോലെ നിൽക്കുന്ന ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ഇവിടേക്കെത്താൻ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ ഇവിടുള്ളവർ തയ്യാറായിരുന്നില്ല. 2006ൽ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികൾ കൊലപ്പെടുത്തിയതായാണ് കരുതുന്നത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്. ഇന്ത്യൻ നാവികസേനയുടെ ഈ കനത്ത പ്രതിരോധം വെട്ടിച്ച് എങ്ങനെയാണ് ജോൺ അലനും സംഘവും ഇവിടെ എത്തിയതെന്നതും ദുരൂഹമാണ്. ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദർശകരെ പ്രതിരോധിക്കും. ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.