സൗദി രാജകുടുംബത്തിലെ പടയൊരുക്കം നിലവിലെ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അട്ടിമറിയിലേക്ക് നീങ്ങുമോ? ബ്യൂണസ് ഐറിസിൽ നടന്നുകൊണ്ടിരിക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ മുന്നൊരുക്കങ്ങൾ അത്തരമൊരു സൂചനയാണ് നൽകുന്നത്. പട്ടാളത്തിൽ ഇളക്കിപ്രതിഷ്ഠ നടത്തിയും സൈനിക നീക്കങ്ങൾ നടത്തിയും തനിക്കെതിരായ അട്ടിമറിശ്രമങ്ങളെ തടയാൻ മുഹമ്മദ് ബിൻ സൽമാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ കൊട്ടാരത്തിലെ വിമത രാജകുടുംബാംഗങ്ങൾ സംഘടിച്ച് അട്ടിമറി നടത്താതിരിക്കാനുള്ള ശ്രമങ്ങളാണ് എംബിഎസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് റിയാദിലേക്ക് വൻതോതിൽ സൈനിക നീക്കം നടത്തിയതായും സൂചനയുണ്ട്. കിഴക്കൻ റിയാദിൽനിന്ന് പടിഞ്ഞാറൻ റിയാദിലേക്കുണ്ടായ സൈനിക നീക്കം അതിന്റെ ഭാഗമാണെന്ന് കരുതുന്നു. സൈന്യത്തിൽ നടത്തിയ ഇളക്കിപ്രതിഷ്ഠ പട്ടാളത്തിന്റെ സഹായത്തോടെ അട്ടിമറി നടത്താതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്.

രാജകൊട്ടാരത്തിൽ അട്ടിമറി നടക്കാനുള്ള സാധ്യത ശക്തമാണെന്ന് വിമത രാജകുമാരന്മാരിലൊരാളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അൽ-ഖലീജ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. വിമതപക്ഷത്തുള്ളവർ മുഹമ്മദ് ബിൻ സൽമാനെതിരേ സംഘടിച്ചുവരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സൗദിയിൽനിന്ന് രക്ഷപ്പെട്ട് ജർമനിയിൽ ജീവിക്കുന്ന ഖാലിദ് ബിൻ ഫർഹാൻ അൽ-സൗദാണ് കൊട്ടാരത്തിൽ അട്ടിമറി ഏതുനിമിഷവും ഉണ്ടായേക്കാമെന്ന സൂചന നൽകിയത്. മുഹമ്മദ് ബിൻ സൽമാൻ മാത്രമാണ് ഇങ്ങനെ എതിർപക്ഷത്ത് സംഘടിക്കുന്നവരുടെ ഏകലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിമതപക്ഷത്തുള്ളവരും സമാന ചിന്താഗതിയുള്ള മറ്റു രാജ്യങ്ങളും സംഘടിച്ച് അട്ടിമറിക്കുശ്രമിച്ചാൽ അതിനെ കടുത്ത നടപടികളുമായി ചെറുക്കാൻ സൗദി രാജകുടുംബം തയ്യാറാകും. രക്തരൂക്ഷിതമായ രീതിയിലാകും അതിനെ നേരിടുക. എന്നാൽ, സൈന്യമുൾപ്പെടെ നിർണായകമായ കേന്ദ്രങ്ങൾ പിടിച്ചെടുത്ത് നിയന്ത്രണം ഉറപ്പിച്ചശേഷം മുഹമ്മദ് ബിൻ സൽമാനെയും പിന്നീട് സൽമാൻ രാജാവിനെയും പുറത്താക്കുന്ന തരത്തിലുള്ള അട്ടിമറിയാകും നടക്കാൻ സാധ്യതയെന്നും ഖാലിദ് ബിൻ ഫർഹാൻ-അൽ സൗദ് പറഞ്ഞു.

സൽമാൻ രാജാവിനുശേഷം മുഹമ്മദ് ബിൻ സൽമാൻ രാജാവാകുന്ന സ്ഥിതിവിശേഷം എന്തുവിലയ്ക്കും തടയുകയാണ് വിമതപക്ഷത്തുള്ളവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജകുടുംബാംഗങ്ങളുൾപ്പെടെയുള്ളവരെ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തടവിലാക്കിയിരുന്നു. ഇവരിൽപ്പലരും മോചിതരായി. മറ്റുചിലരെക്കുറിച്ച് ഇനിയും വിവരമില്ല.

നൂറുകണക്കിന് ഉപവംശങ്ങൾ കൂടിച്ചേർന്നതാണ് സൗദി രാജകുടുംബം. അതുകൊണ്ടുതന്നെ പുതിയൊരു രാജാവ് ചുമതലയേൽക്കുന്നതിന് മുമ്പ് ഓരോ വംശവുമായും ചർച്ച നടത്താറുണ്ട്. നിലവിൽ മുഹമ്മദ് ബിൻ സൽമാനാണ് കിരീടാവകാശി. അദ്ദേഹത്തെ പുറന്തള്ളാനുള്ള ഏതൊരു ശ്രമവും അക്രമത്തിൽ കലാശിച്ചേക്കും. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിമതപക്ഷത്തിന്റെ നീക്കങ്ങൾ. സൽമാൻ രാജാവിന്റെ ഇളയ സഹോദരനും മുഹമ്മദ് ബിൻ സൽമാന്റെ അമ്മാവനുമായ 76-കാരൻ അഹമ്മദ് ബിൻ അബ്ദലസീസിനെ മുൻനിർത്തിയാണ് വിമത പക്ഷത്തിന്റെ നീക്കം.