ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്ക് മുങ്ങിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാശുള്ള ഇന്ത്യൻ ബിസിനസുകാരിൽ അനേകം പേർ വിദേശ പാസ്പോർട്ടിനായുള്ള പരക്കം പാച്ചിൽ ആരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അഥവാ വല്ല കേസിലും കുടുങ്ങിയാൽ ഇത്തരത്തിൽ മുങ്ങാമെന്ന ആവേശമാണ് ഇവരെ ഇതിന് മുന്നിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. വെസ്റ്റ് ഇൻഡീസ് രാജ്യങ്ങളുടെ പാസ്പോർട്ട് ചെറിയ കാശിന് കിട്ടുന്നതിനാൽ ഇവയ്ക്ക് ഇന്ത്യക്കാർക്കിടയിൽ ഡിമാന്റ് കൂടുതലാണ്. ബ്രിട്ടീഷ് പൗരത്വത്തിന്റെ വിവരം തിരക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും പെരുകുന്നുവെന്ന് റിപ്പോർട്ടുണ്ട്.

ഇത്തരം രാജ്യങ്ങളിൽ വൻ നിക്ഷേപം നടത്തുന്നതിന് പകരമായി പൗരത്വം അഥവാ റെസിഡൻസ് റൈറ്റുകൾ ലഭിക്കുന്ന സ്‌കീമുകൾക്ക് പണക്കാരായ ഇന്ത്യക്കാർക്കിടയിൽ ഡിമാന്റേറുന്നുവെന്നതാണ് പുതിയ പ്രവണത.ഇന്ത്യക്കാരിൽ നിന്നും ഇത്തരം രാജ്യങ്ങളിലേക്കുള്ള പൗരത്വങ്ങൾക്കായുള്ള അന്വേഷണം ഇരട്ടിയായി വർധിച്ചിരിക്കുന്നുവെന്നാണ് ഇത്തരം സിറ്റിസൺഷിപ്പുകൾ ശരിയാക്കിക്കൊടുക്കുന്ന യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വെളിപ്പെടുത്തുന്നത്. ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമുകളിലൂടെ വിവിധ രാജ്യങ്ങളിലേക്കുള്ള പൗരത്വവും റെസിഡൻസും തരപ്പെടുത്തിക്കൊടുക്കുന്ന ജഴ്സിയിലെ സ്ഥാപനമാണ് ഹെൻലെ ആൻഡ് പാർട്ട്ണേർസ്. ഇത്തരം പ്രോഗ്രാമുകളെ കുറിച്ച് ആഗോളതലത്തിലുള്ള അന്വേഷണങ്ങളിൽ സമീപകാലത്ത് 320 ശതമാനം വർധനവുണ്ടായെന്നാണ് ഈ സ്ഥാപനം വെളിപ്പെടുത്തുന്നത്.

ഇത്തരം അന്വേഷണങ്ങൾ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം നിർണായകമാ വർധനവുണ്ടായെന്നും ഈ സ്ഥാപനം എടുത്ത് കാട്ടുന്നു. ഉയർന്ന വരുമാനമുള്ളവർക്ക് സെക്കൻഡ് സിറ്റിസൺഷിപ്പ് ഏർപ്പാടാക്കിക്കൊടുക്കുന്ന ലണ്ടൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നൈറ്റ്സ്ബ്രിഡ്ജ് കാപിറ്റൽ പാർട്ണേർസ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇത്തരം പൗരത്വത്തിനായി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 80 ശതമാനം വാർഷിക വർധനവുണ്ടായിട്ടുണ്ട്. പുതിയ സ്‌കീമുകൾ അനുസരിച്ച് ഡൊമിനിക്കയിലോ അല്ലെങ്കിൽ സെന്റ് ലൂസിയയിലോ പൗരത്വം ലഭിക്കുന്നതിനായി ഒരു ലക്ഷം ഡോളർ നിക്ഷേപിച്ചാൽ മതി. സൈപ്രസിലേക്കുള്ള യൂറോപ്യൻ യൂണിയൻ പാസ്പോർട്ട് ലഭിക്കുന്നതിനായി രണ്ട് മില്യൺ യൂറോ നിക്ഷേപിച്ചാൽ മതിയാകും.

ഇതിന് മുമ്പ് ഇത്തരത്തിൽ പൗരത്വം നേടുന്നതിനായി ആർത്തി പൂണ്ട് നടന്നിരുന്നത് ചൈനക്കാരും റഷ്യക്കാരുമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യക്കാരും ഈ നിരയിലേക്കെത്തിയിരിക്കുകയാണ്. ഉയർന്ന ജീവിതനിലവാരം, വിദ്യാഭ്യാസം, ട്രാൻസ്പോർട്ട് സൗകര്യങ്ങൾ, നല്ല വായു, ഹെൽത്ത് കെയർ തുടങ്ങിയവ ആഗ്രഹിച്ചാണ് ഇന്ത്യക്കാർ ഇത്തരത്തിൽ വിദേശ പൗരത്വം ആഗ്രഹിക്കുന്നതെന്നാണ് ഹെൻലെ ആൻഡ് പാർട്ട്ണേർസിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ തലവനായ ഡോമിനിക്ക് വോലെക് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരക്കാർ ഇന്ത്യ വിട്ട് പോകുന്നില്ലെന്നും അവർ മറ്റൊരു രാജ്യത്തെ സിറ്റിസൺഷിപ്പ് അല്ലെങ്കിൽ റെസിഡൻസ് തയ്യാറാക്കി വയ്ക്കുകയാണ് ചെയ്യുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇവയിൽ ചില രാജ്യങ്ങളിൽ വർഷത്തിൽ പേരിന് മാത്രം ചെന്ന് താമസിച്ചാൽ പോലും പൗരത്വം നിലനിർത്താനുമാവും. ഉദാഹരണമായി പോർട്ടുഗലിലേക്കുള്ള ഗോൾഡൻ വിസ ലഭിക്കുന്നതിനായി വർഷത്തിൽ ഇവിടെ വെറും ഏഴ് ദിവസം മാത്രം താസമിച്ചാൽ മതിയാകും. ഇന്ത്യ ഇരട്ടപൗരത്വം അനുവദിക്കുന്നില്ല.അതിനാലാണ് നിരവധി ഇന്ത്യക്കാർ റെസിഡൻസ്-ബൈ-ഇൻവെസ്റ്റ്മെന്റ് സ്‌കീമുകൾ തേടുന്നത്. തങ്ങളുടെ പണത്തെ സുരക്ഷിതമായി മറ്റൊരു രാജ്യത്ത് സൂക്ഷിക്കാനും ഇത്തരത്തിൽ പൗരത്വം തേടുന്നതിലൂടെ നിരവധി പേർ ലക്ഷ്യമിടുന്നുണ്ട്.