ന്യൂഡൽഹി: നഗരത്തിന്റെ ഓരോ കോണിലും കടന്ന് ചെന്ന് ലോകത്തെ ഏറ്റവും വലിയ മെട്രോ നെറ്റ് വർക്കാകാൻ പദ്ധതിയൊരുക്കുകയാണ് ഡൽഹിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അഞ്ച് വർഷത്തിനകം ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ തലസ്ഥാനത്തിന്റെ ഏത് പ്രാന്ത പ്രദേശത്ത് നിന്നും ഇനി ആയാസരഹിത ട്രെയിൻ യാത്ര യാഥാർത്ഥ്യമാകും. അഞ്ച് കൊല്ലം കൊണ്ട് ഡൽഹി മെട്രോ മാറി മറിയുന്നത് ഇപ്രകാരമായിരിക്കും. ഡൽഹി മെട്രോയുടെ ഇത്തരത്തിലുള്ള നാലാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഡൽഹി ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും അംഗീകാരമേകിയാൽ വരുന്ന അഞ്ച് വർഷങ്ങൾക്കിടെ 104 കിലോമീറ്റർ കൂടി അധികമായി ട്രാക്ക് നിലവിൽ വരും.

ഇതിലൂടെ ഡൽഹിയുടെ ഓരോ കോണിലും മെട്രോ കടന്നെത്തുകയും തൽഫലമായി നഗരത്തിലുടനീളമുള്ള സഞ്ചാരത്തിന് വേണ്ടി വരുന്ന സമയം വൻ തോതിൽ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. പുതുതായി ഏർപ്പെടുത്തുന്ന ഇന്റർചേയ്ഞ്ച് പോയിന്റുകളിലൂടെ യാത്രക്കാർക്ക് അനാവശ്യമായി അധിക ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. കാബിനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് മുമ്പ് പുതിയ വികസനപ്രവർത്തനങ്ങളുടെ ചെലവിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഡൽഹി ഗവൺമെന്റ് ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് (ഡിഎംആർസി) ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ഡിഎംആർസി ബോർഡ് അടുത്ത ആഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മിക്കാനിരിക്കുന്ന 104 കിലോമീറ്റർ ട്രാക്കിന് ആറ് കോറിഡോറുകളായിരിക്കും ഉണ്ടാകുന്നത്. ഇതിന് 19 ഇന്റർചേയ്ഞ്ച് സ്റ്റേഷനുകളുണ്ടാവും. ചെലവ് 46,200 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.നിർമ്മിക്കാനിരിക്കുന്ന ആറ് കോറിഡോറുകളിൽ ഏറ്റവും നീളമുള്ളത് ജനക് പുരി വെസ്റ്റ് -ആർകെ ആശ്രം മാർഗ് ലൈനാണ്. ഇതിന് 23 കിലോമീറ്ററാണ് ദൈർഘ്യം. ഇത് വെസ്റ്റ്, നോർത്ത് വെസ്റ്റ്, നോർത്ത് ഡൽഹി എന്നിവയെയാണ് ബന്ധിപ്പിക്കുന്നത്.

ഈ കോറിഡോറിൽ 25 സ്റ്റേഷനുകളും ഒമ്പത് ഇന്റർ ചേയ്ഞ്ച് പോയിന്റുകളുമുണ്ടാകും. നിലവിലെ ജനക് പുരി വെസ്റ്റ് സ്റ്റേഷനിൽ നിന്നാണിത് ആരംഭിക്കുന്നത്. ഇതിന് ബ്ലൂ ലൈനിലേക്കും മജൻദ ലൈനിലേക്കും ഓരോ ഇന്റർചേയ്ഞ്ച് സ്റ്റേഷനുകളുണ്ടാകും. പുതുതായുള്ള വികസനഘട്ടത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ കോറിഡോർ 12.5 കിലോമീറ്ററുള്ള മജ്ലിസ് പാർക്ക്-മൗജ്പൂർ കോറിഡോറായിരിക്കും. ഇതിന് ആറ് സ്റ്റേഷനുകളുണ്ടായിരിക്കും. ഇതിൽ രണ്ട് സ്റ്റേഷനുകൾ ഇന്റർചേയ്ഞ്ച് സ്റ്റേഷനുകളുമായിരിക്കും. നോർത്തിനും നോർത്ത് ഈസ്റ്റ് ഡൽഹിക്കുമിടയിലുള്ള നിർണായക ലിങ്കായി ഇത് വർത്തിക്കും.

ഇതു പോലെ തന്നെ ദൈർഘ്യം കുറഞ്ഞ കോറിഡോറാണ് 12.6 കിലോമീറ്ററുള്ള ഇന്റർലോക്ക്-ഇന്ദ്രപ്രസ്ഥ ലൈൻ .ഇതിന് പത്ത് സ്റ്റേഷനുകളാണുള്ളത്. 20 കിലോമീറ്റർ ദൈർഘ്യമുള്ള ടുഗ്ലക്ക്‌ബാദ്-ഡൽഹി എയറോ സിറ്റി ലൈൻ, എട്ട് കിലോമീറ്ററുള്ള ലജ്പത് നഗർ- സാകേത് ജി ബ്ലോക്ക് കോറിഡോർ, 21. 7 കിലോമീറ്ററുള്ള രിത്താല-നരേല ലൈൻ, എന്നീ കോറിഡോറുകളും പുതിയ ഘട്ടത്തിൽ പൂർത്തിയാക്കും.