ഡമാസ്‌കസ്: മൊറോക്കോയിലെ അറ്റ്ലസ് പർവത പ്രദേശത്തുള്ള ഇംലിൽ ഗ്രാമത്തിൽ ടൂറിസ്റ്റുകളായെത്തിയ രണ്ട് സ്‌കാൻഡിനേവിയൻ യുവതികളെ ഐസിസ് ഭീകരർ ക്രൂരമായി കൊന്ന് തള്ളിയ സംഭവത്തിൽ വൻ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവരുടെ ജഢങ്ങൾ ഈ ടൂറിസം കേന്ദ്രത്തിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതിലൊരാളുടെ തല വെട്ടുകയും ചെയ്തിരുന്നു. ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും തുരത്തിയെങ്കിലും ഐസിസ് മനോരോഗികൾ അവസാനിച്ചിട്ടില്ലെന്നാണ് ഈ സംഭവം മുന്നറിയിപ്പേകുന്നത്.

അവധി ആഘോഷിക്കാൻ മൊറോക്കോയിലെ ഈ ടൂറിസം കേന്ദ്രത്തിലെത്തിയ നോർവേക്കാരി മറെൻ ഉയ്ലാൻഡ്(28), ലൂസിയ വെസ്റ്റെറാഗെർ ജെസ്പേർസൻ(24) എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരെ ക്രൂരമായി കൊല ചെയ്യുന്നതിന്റെ വീഡിയോയും ഐസിസ് പുറത്തിറക്കിയിരിക്കുന്നു. ഇവർ ദൈവത്തിന്റെ ശത്രുക്കളായിരുന്നുവെന്നും അതിനാൽ ദൈവത്തിന്റെ ആഗ്രഹം നടപ്പിലാക്കുന്നതിനായി തങ്ങൾ ഇവരെ വകവരുക്കുകയായിരുന്നുവെന്നും വ്യാഖ്യാനിച്ചുള്ള കൊലപാതക ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഈ കൊലപാതകത്തിന് ഉത്തരവാദികൾ ഐസിസ് ഭീകരരാണെന്നാണ് ഡാനിഷ് ഇന്റലിജൻസ് സർവീസ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ നിരവധി നിഷ്‌കളങ്കരെ ഐസിസ് കൊന്ന് തള്ളിയ രീതിയിൽ തന്നെയാണ് ഈ യുവതികളെയും വകവരുത്തിയിരിക്കുന്നതെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. തങ്ങൾ ഇവിടെ പ്രവർത്തനമാരംഭിച്ചുവെന്ന കണ്ടെത്താൻ സാധിക്കാത്ത മൊറോക്കോ ഇൻലിജൻസ് സർവീസിനെ ഇതിലൊരു വീഡിയോയിൽ ഭീകരർ പരിഹസിക്കുന്നുമുണ്ട്. സംഭവത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിലായ മറകേഷിലെ ഒരു ബസിൽ നിന്നും ഇന്നലെ രാവിലെ നിരവധി കത്തികൾ കണ്ടെടുത്തിരുന്നു.

ഇസ്ലാമിക് ഭീകര ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലാമത് ഒരാളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട യുവതികൾ രണ്ട് പേരും ഔട്ട് ഡോർ ഗൈഡുമാരാകാനായി നോർവീജിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. അറ്റ്ലസ് പർവതത്തിന്റെ മുകളിലേക്ക് പോകുന്നതിന് മുമ്പ് ഇവർക്കൊപ്പം മൂന്ന് പുരുഷന്മാരെ കണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവർക്ക് 25നും 33നും ഇടയിലാണ് പ്രായം. മറകേഷിലെ ഒരു ബസ് സ്റ്റേഷനിൽ നിന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളം വാങ്ങാൻ വന്ന ഇവരുടെ പക്കൽ സംശയകരമായ രീതിയിൽ നിരവധി കത്തികൾ കണ്ടെത്തിയതിനെ തുടർന്ന് കച്ചവടക്കാരൻ അറിയിച്ചതിന്റെ ഫലമായി പൊലീസെത്തി ഇവരെ പൊക്കുകയായിരുന്നു. കൊലപാതകം നടന്നുവെന്ന് കരുതുന്ന പ്രദേശത്ത് അപരിചിതരായ മൂന്ന് പേർ ടെന്റടിച്ചിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടൂറിസ്റ്റുകൾ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത് മൊറോക്കോയിലെ ടൂറിസം മേഖലയിൽ കടുത്ത ഭീതിയാണ് പരത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവിടേക്ക് വരുന്നതിന് വിദേശികൾ ഭയക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്.

രാജ്യത്തെ വരുമാനത്തിന്റെ പത്ത് ശതമാനവും ടൂറിസം മേഖലയിൽ നിന്നാണെന്നതിനാൽ ഈ പ്രശ്നം രാജ്യത്ത് കടുത്ത ആശങ്ക പരത്തുന്നുണ്ട്. മൊറോക്കോ താരതമ്യനേ സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ്. എന്നാൽ വർഷങ്ങളായി ഇസ്ലാമിക തീവ്രവാദത്തോട് രാജ്യം പോരാടുന്നുമുണ്ട്. ഐസിസിൽ ആയിരത്തോളം മൊറോക്കോക്കാർ ചേർന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാഖിൽ നിന്നും സിറിയിയിൽ നിന്നും തുടച്ച് നീക്കപ്പെട്ട ഐസിസ് മൊറോക്കോയെ തങ്ങളുടെ പുതിയ താവളമാക്കുന്നതിന്റെ ഭാഗമായിട്ടാണോ വനിതാ ടൂറിസ്സ്റ്റുകളെ കൊന്നതെന്ന ആശങ്കയും ശക്തമാണ്.