ലണ്ടൻ: ഒരു കണ്ണിൽ കോലും വച്ച് മറ്റൊരുവന്റെ കണ്ണിലെ കരടെടുക്കാൻ പോയവന്റെ അവസ്ഥയായി ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾക്ക്. പ്രായത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ ലിംഗ വിവേചനം ഏർപ്പെടുത്തുന്നു എന്ന് വരുത്തി രെഹ്ന ഫാത്തിമയടക്കമുള്ളവരെ വീര വനിതകളായി ചിത്രീകരിച്ച ബിബിസിയും മറ്റും യുകെയിൽ തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത വിവേചനത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നു ആക്ഷേപം ശക്തമാകുന്നു.

ശരീരത്തിന്റെ അഴകളവുകൾ നോക്കി അൽപം തടിച്ച ശരീരമാണെങ്കിൽ ഫാഷൻ, സിനിമ തുടങ്ങിയ വ്യവസായ രംഗങ്ങളിൽ സ്ത്രീകൾക്ക് തീണ്ടാപ്പാടകലം നിശ്ചയിക്കുന്ന നിലവിലെ രീതി മാറിയേ പറ്റൂ എന്നാണ് സ്ത്രീകൾ തന്നെ ആവശ്യപ്പെടുന്നത്. ശരീര സൗന്ദര്യത്തിന്റെ അവസാന അളവ് കോലെന്ന മട്ടിൽ സീറോ സൈസ് ശരീര ഘടനയുള്ളവർക്കായി മാത്രം സ്റ്റേജ് ഷോകളും സംഗീത നിശകളും പോലും പരുവപ്പെടുകയാണെന്നാണ് പ്രധാന പരാതി.

മാത്രമല്ല, അൽപം തടിച്ച ശരീരമുളവർക്കു നൽകുന്ന വേതനത്തിലും കടുത്ത വിവേചനം ഉണ്ടെന്നു ചൂണ്ടികാണിക്കപ്പെടുന്നു. പുരുഷനുമായുള്ള താരതമ്യത്തിൽ സ്ത്രീകൾ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നതും യുകെയിൽ വർദ്ധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൂക്ക കൂടുതൽ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള മേനിയഴകും അടുത്ത കാലത്തായി വിവേചനത്തിന് കാരണമായി മാറുകയാണ്. ഇക്കാര്യത്തിൽ ഫാഷൻ ലോകമാണ് സ്ത്രീകളെ രണ്ടു തരക്കാരായി ചിത്രീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷത്തെ വിക്ടോറിയ സെക്രെറ്റ് ഫാഷൻ ഷോയിൽ പങ്കെടുത്ത 52 മോഡലുകളും സീറോ സൈസുകാർ തന്നെ ആയിരുന്നു. ഈ വർഷത്തെ ഷോയിലും ഒരൊറ്റ പ്ലസ് സൈസ് മോഡലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

മെലിഞ്ഞ ശരീരമാണ് സൗന്ദര്യത്തിന്റെ മറുവാക്കെന്ന ധാരണ സൃഷ്ടിക്കുകയാണ് ഫാഷൻ, സിനിമ ലോകം ചെയ്യുന്നതെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. ഇത് സമൂഹവും ഏറ്റെടുക്കുകയാണ്. പെൺകുട്ടികൾ ഭക്ഷണം കഴിക്കാൻ തയാറാകാതെ ശരീരം മെല്ലിക്കുന്നതു ആസ്വദിക്കുകയാണ്. ഇതിന്റെ പ്രതിഫലനം വിൽപ്പന രംഗത്ത് പോലും പ്രതിഫലിച്ചു തുടങ്ങി. പ്രമുഖ വസ്ത്ര വിൽപ്പന കേന്ദ്രങ്ങളായ ടോപ് ഷോപ്, സാറ, അർബൻ ഔട്ട് ഫിറ്റ് എന്നിവരൊന്നും 18 സൈസിന് മുകളിൽ ഉള്ള സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കാൻ പോലും തയ്യാറല്ല. എന്നാൽ സ്ത്രീകളോടുള്ള വിവേചനം ശരീരത്തിന്റെ അളവുകൾ മാത്രം നോക്കിയല്ല, തൊലിയുടെ നിറത്തിലും പ്രകടമാണ് എന്നതാണ് സത്യം. പാശ്ചാത്യ ലോകത്തെ പരസ്യങ്ങളിൽ പ്രത്യക്ഷപെടുന്നതിൽ 78 ശതമാനം സ്ത്രീകളും വെള്ളക്കാരാണ്. കറുത്ത വർഗക്കാർ വെറും എട്ടു ശതമാനവും ഏഷ്യാക്കാർ നാല് ശതമാനവും ലാറ്റിനമേരിക്കക്കാർ മൂന്നു ശതമാനവും മാത്രമാണ്.

പാശ്ചാത്യ സിനിമാലോകവും ഏറെ വര്ഷങ്ങളായി തുടരുന്ന പതിവ് മാറ്റാൻ ഇപ്പോഴും തയ്യാറല്ല. അൽപം തടിയുള്ളവർക്കു സിനിമ ലോകത്തു ഒരവസരം കിട്ടുക എന്നത് ആലോചിക്കാൻ പോലും പ്രയാസമാണ്. വണ്ണം കുറച്ചു വന്നാൽ അവസരം നൽകാം എന്ന് കേൾക്കേണ്ടി വന്നിട്ടില്ലാത്ത നടിമാർ പാശ്ചാത്യ ലോകത്തു അപ്പൂർവമായിരിക്കും. ആദ്യ സ്റ്റാർ വാർ സിനിമ ഇറങ്ങിയ 1977 ൽ പോലും സിനിമ ലോകത്തിന്റെ സമീപനം ഇതായിരുന്നുവെന്നു ഈ സിനിമയിൽ അഭിനയിച്ച കാരി ഫിഷർ മരിക്കുന്നതിന് മുൻപ് വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് ആറു കിലോ തൂക്കം കുറയ്ക്കാൻ ആവശ്യപ്പെട്ട സമീപനം തന്നോട് ഉണ്ടായിട്ടുണ്ടെന്ന് ഹോളിവുഡ് നടി ജെന്നിഫർ ലൗറൻസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ ശരീര പ്രദർശനത്തിന്റെ രണ്ടു മടങ്ങു എങ്കിലുമാണ് പാശ്ചാത്യ സിനിമ ലോകത്തു സ്ത്രീകൾ നടത്തേണ്ടി വരുന്ന ശരീര പ്രദർശനമെന്നും അടുത്തിടെ പുറത്തുവന്ന സർവേകൾ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിന്റെ തൂക്കത്തിൽ ഉള്ള വിവേചനം മൂലം പുരുഷന്മാരേക്കാൾ കുറവ് ശമ്പളം കൈപ്പറ്റേണ്ടി വരുന്ന സ്ത്രീകൾ അനവധിയാണ് യുകെയിൽ എന്ന് സോഷ്യൽ മീഡിയ നെറ്റ്‌വർക് ലിങ്ക്ഡ് ഇൻ നടത്തിയ പഠനം തെളിയിക്കുന്നു. ശമ്പളം മാത്രമല്ല, പ്രൊമോഷൻ പോലും ഇതിന്റെ പേരിൽ തടയപ്പെട്ട അനുഭവമാണ് 21 ശതമാനം സ്ത്രീകൾക്ക് പറയാനുള്ളത്. രണ്ടു വർഷം മുൻപ് ഷെഫീൽഡ് ഹലം യൂണിവേഴ്‌സിറ്റി ഫോട്ടോകൾ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണ അഭിമുഖ പരീക്ഷയിൽ തടിച്ച സ്ത്രീകൾ കൂടുതലായും തഴയപ്പെടുക ആയിരുന്നു. തടി കൂടിയവർ കൂടുതൽ മടിച്ചികൾ ആയിരിക്കുമെന്ന പൊതുബോധമാണ് ഈ വിവേചനത്തിന് കാരണമായി മാറുന്നതെന്നും പറയപ്പെടുന്നു.