പാനൂർ: ജീവന് കാവലാളാകേണ്ട ഡോക്ടറും നഴ്‌സും കൈവിട്ടപ്പോൾ പാനൂരൽ യുവതി വീട്ടിൽ പ്രസവിച്ച എട്ടുമാസം പ്രായമായ ചോരക്കുഞ്ഞിന് ജീവൻ നഷ്ടമായി. സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്താണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ചോരക്കുഞ്ഞ് മരിച്ചത്. പ്രസവ വേദനയെ തുടർന്ന് പുളഞ്ഞ യുവതിക്ക് സഹായത്തിനായി പിതാവ് ആശുപത്രികൾ കയറിയിറങ്ങി തിരിച്ചെത്തുമ്പോഴേക്കും മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു.

പാനൂർ പൊലീസ് സ്റ്റേഷനു സമീപം മാണിക്കോത്ത് ഹനീഫസമീറ ദമ്പതികളുടെ കുഞ്ഞാണു പ്രസവത്തോടെ മരിച്ചത്. എട്ടുമാസം ഗർഭിണിയായ സമീറ ഇന്നലെ രാവിലെ ഏഴരയോടെയാണു പ്രസവിച്ചത്. പൊക്കിൾ കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നതിനാൽ ആശുപത്രിയിലേക്ക് എത്തിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. ഭർത്താവ് ഹനീഫ വീടിനു സമീപത്തെ അഗ്‌നിരക്ഷാ നിലയത്തിൽ സഹായം തേടി. രണ്ട് ഉദ്യോഗസ്ഥരും ഹനീഫയും സമീപമുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി സഹായം തേടി.

പൊലീസും ആരോഗ്യ കേന്ദ്രത്തിലെത്തി. എന്നാൽ ഡോക്ടർ വീട്ടിലേക്ക് വരാൻ തയ്യാറായില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക ഡോക്ടർ വീട്ടിലെത്താൻ തയാറായില്ലെന്നു മാത്രമല്ല, നഴ്‌സിന്റെ സേവനവും ലഭ്യമാക്കിയില്ല. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലെത്തിയുള്ള ചികിത്സ പറ്റില്ലെന്നു പറഞ്ഞാണു വിമുഖത കാണിച്ചതെന്നു ബന്ധുക്കൾ അറിയിച്ചു. മറ്റാരും ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിന്നു വിട്ടുനിൽക്കാനാകാത്തതാണ് കാരണമെന്ന് അധികൃതരും പറയുന്നു.

സഹായം ലഭിക്കാതെ വന്നതോടെ അഗ്‌നിരക്ഷാസേനാംഗങ്ങൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി നഴ്‌സിനേയും കൂട്ടി സമീറയുടെ വീട്ടിലെത്തി. അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. പ്രസവിച്ചു 10 മിനിട്ടിനിടയിലാണ് ഇതെല്ലാം സംഭവിച്ചത്. രക്തസ്രാവം ഉണ്ടായിരുന്ന സമീറയെ ആംബുലൻസിൽ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവർ ഇവിടെ ചികിത്സയിലാണ്.

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു. കുഞ്ഞിനും അമ്മയ്ക്കും അടിയന്തര ചികിത്സ നൽകാൻ തയാറാകാത്ത ഡോക്ടറെയും നഴ്‌സിനെയും സ്ഥലംമാറ്റി. പാനൂർ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. എൻഎച്ച്എം പദ്ധതിയിൽ താൽക്കാലിക ജോലി ചെയ്യുന്ന ഡോ.ടി.ശ്രുതി, സ്റ്റാഫ് നഴ്‌സ് ലസിത എന്നിവരെയാണു മന്ത്രി കെ.കെ.ശൈലജയുടെ നിർദേശത്തിൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റിയത്.

പൊലീസും അഗ്‌നിരക്ഷാ സേനയും അഭ്യർത്ഥിച്ചിട്ടും ആരോഗ്യ പ്രവർത്തകർ അമ്മയ്ക്കും കുഞ്ഞിനും അടിയന്തിര ചികിത്സ നൽകാത്തതു കനത്ത പ്രതിഷേധത്തിനിടയാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുൻപിൽ പ്രതിഷേധപ്രകടനം നടന്നു.

കെ.കെ.ശൈലജ, ആരോഗ്യമന്ത്രി
നവജാത ശിശു മരിക്കാനിടയായ സംഭവം വേദനാജനകമാണ്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.