ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മക്തൂമിണ്ടെ മുൻ ഭാര്യ ഹയാ രാജകുമാരി രണ്ടുവർഷം മുൻപ് ലണ്ടനിൽ അഭയം തേടിയെത്തിയത് രാജകുടുംബത്തിന്റെ പീഡനത്തിൽ നിന്നും രക്ഷനേടാനായിരുന്നു. തട്ടിക്കൊണ്ടു പോകൽ ശ്രമത്തിനും പീഡനത്തിനും വ്യക്തിഹത്യക്കുമെല്ലാം അവർ ഇരയായെന്ന് പിന്നീട് ഹൈക്കോർട്ട് നിരീക്ഷിക്കുകയും ചെയ്തു.അമ്മാവന്റെ വഴിയെ നീങ്ങുകയാണ് ഇപ്പോൾ അനന്തിരവനും. ഭരണാധികാരിയുടെ അനന്തിരവൻ ഷേഖ് സയീദ് ബിൻ മക്തൂം ബിൻ റഷീദ് അൽ മക്തൂമിന്റെ ഭാര്യ ഷെയ്ഖ സെയ്നാബ് ജവാദിയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്റെ ദുരവസ്ഥ വിവരിച്ച് പുറത്തുവന്നിരിക്കുന്നത്.

ഭർത്താവിൽ നിന്നും പിരിഞ്ഞ്, കൊട്ടാരം വിട്ട് മറ്റൊരു സ്വകാര്യവില്ലയിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നറ്റ്. അവിടെ റെയ്ഡിനെത്തിയ ഭർത്താവിന്റെ ആളുകളിൽ നിന്നും രക്ഷിക്കണമെന്ന് പറഞ്ഞാണ് അവർ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അസർബൈജാൻ സ്വദേശിയും മുൻ ലോക ജിംനാസ്റ്റിക് താരവുമായ ജവാദി 2015-ലാണ് ഷെയ്ഖ് അൽ മക്തൂമിനെ വിവാഹം കഴിക്കുന്നത്. നാലും, മൂന്നും, ഒന്നും വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസം മൂർഛിച്ചതോടെ ഒമ്പത് മാസം മുൻപാണ് ഇവർ കൊട്ടാരംവിട്ടിറങ്ങിയത്. മുൻ ഒളിമ്പിക്സ് ഷൂട്ടർ ആയ ഷെയ്ഖിന് ഇവരെ കൂടാതെ വേറെ രണ്ട് ഭാര്യമാരും 11 കുട്ടികളുമുണ്ട്.

അവരുടെ ഭർത്താവുമായി ബന്ധപ്പെട്ടതെന്നവകാശപ്പെട്ടുകൊണ്ട് തീർത്തും അപരിചിതരായ വ്യൂക്തികൾ വീട്ടിലെത്തിയ കാര്യമാണ് അവർ വീഡിയോയിൽ പറയുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി ശാരീരികവും മാനസികവുമായ ഒരുപാട് പീഡനങ്ങൾ തനിക്ക് അനുഭവിക്കേണ്ടിവന്നതായും അവർ പറയുന്നു. ഇപ്പോൾ തന്റെ ഭർത്താവ് ശ്രമിക്കുന്നത് തന്റെ കുട്ടികളെ തന്നിൽ നിന്നും തട്ടിയെടുക്കാനാണെന്നും അവർ ആരോപിക്കുന്നു. ഷെയ്ഖിന്റെ മാനേജരാണ് ഇതിനു പുറകിൽ എന്നാണ് അവർ ആരോപിക്കുന്നത്.

വീഡിയോയിൽ സംസാരിക്കുമ്പോൾ വീട്ടുമുറ്റത്ത് കൂട്ടംകൂടി നിൽക്കുന്ന ആളുകളേയും കാണാം.തനിക്കെതിരെ നടന്ന പീഡനങ്ങളുടെയെല്ലാം തെളിവുകൾ ശേഖരിച്ചുവച്ചിരുന്ന മൊബൈൽ ഫോൺ തന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചു എന്നും അവർ പറഞ്ഞു.ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനു ശേഷം ജവാദിയിൽ നിന്നും സുഹൃത്തുക്കൾക്ക് യാതൊരുവിധ പ്രതികരണവും ലഭിക്കുന്നില്ല. അവരെ തടവിലാക്കിയിരിക്കും എന്നാണ് സുഹൃത്തുക്കൾ അനുമാനിക്കുന്നത്. കുട്ടികളെ കുറിച്ചോ ജവാദിയുടെ മാതാപിതാക്കളെ കുറിച്ചോ ഒരു വിവരവുമില്ല.

കഴിഞ്ഞ ഒമ്പത് മാസമായി അവർ ഒരുപാട് പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് അവരുടെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞത്. ദുബായ് വിട്ടുപോകാൻ അവർക്ക് ഏറെ ആഗ്രഹമുണ്ട്. എന്നാൽ അവരുടെ ഭർത്താവ് തന്റെ സ്വാധീനമുപയോഗിച്ച് അത് തടയുകയാണ്. ഇതിനിടയിൽ സഹായം തേടി സെയ്നബ് ജവാദി അസർബൈജാൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ അവർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുവാനാകില്ലെന്ന് പറഞ്ഞ് കൈ മലർത്തുകയായിരുന്നു.