സൈബീരിയയിൽ 39,000 വർഷം പഴക്കമുള്ള ഗുഹ കരടിയുടെയും കുഞ്ഞിന്റെയും പൂർണമായും സംരക്ഷിക്കപ്പെട്ട ശരീരം കണ്ടെത്തി. റഷ്യൻ ശാസ്ത്രജ്ഞരാണ് രണ്ട് കരടികളുടെയും ശരീരം യാതൊരു കേടുപാടുകളുമില്ലാതെ കണ്ടെത്തിയത്. ഏകദേശം 3,00,000 മുതൽ 15,000 വർഷം മുമ്പ് യുറേഷ്യയിൽ ജീവിച്ചിരുന്നവയാണ് ഗുഹ കരടികൾ. ചരിത്രാതീത കാലത്തെ ജീവികളുടെയും ഉപജാതികളുടെയും എല്ലുകൾ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. വെവ്വേറെ കുഴികളിൽ കണ്ടെത്തിയ രണ്ട് കരടികളുടെയും ശരീരങ്ങൾ 'ലോക പ്രാധാന്യം' ഉള്ളതായി ഒരു റഷ്യൻ വിദഗ്ദ്ധൻ വ്യക്തമാക്കി.

മുതിർന്ന മൃഗത്തെക്കുറിച്ച് ശാസ്ത്രജ്ഞൻ ഡോ. ലെന ഗ്രിഗോറിയേവ പറഞ്ഞു: 'ഇന്ന് ഇത്തരത്തിലുള്ള ആദ്യത്തെ, ഒരേയൊരു കണ്ടെത്തലാണിത് - മൃദുവായ ടിഷ്യൂകളുള്ള ഒരു കരടിയുടെ മൃതശരീരം. ഇതിന്റെ ഒരു ആന്തരികാവയവത്തിനും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. കരടിയുടെ മൂക്ക് കേടുകൂടാതെയിരിക്കുകയാണെന്ന് ഫോട്ടോഗ്രാഫുകൾ കാണിക്കുന്നു. 'മുമ്പ് ഇനയുടെ തലയോട്ടികളും എല്ലുകളും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.' സൈബീരിയൻ ടൈംസിനോട് അവർ പറഞ്ഞു: 'ഈ കണ്ടെത്തൽ ലോകമെമ്പാടും വലിയ പ്രാധാന്യമുള്ളതാണ്.'

വിദൂര ദ്വീപിലെ റെയിൻ‌ഡിയറുകളാണ്അവശിഷ്ടങ്ങൾ കണ്ടെത്തിയത്. യാകുത്സ്കിലെ റഷ്യയുടെ നോർത്ത് ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ (NEFU) ശാസ്ത്രജ്ഞർ ഇത് വിശകലനം ചെയ്യും. വംശനാശം സംഭവിച്ച മാമോത്തുകളെയും കാണ്ടാമൃഗങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇത് വളരെയധികം ​ഗുണം ചെയ്യും എന്നാണ് കരുതുന്നത്. ഹിമ യു​ഗത്തിലെ ജീവികളുടെ ഡിഎൻഎ ഘടന സംബന്ധിച്ച് നിർണായക വിവരങ്ങളാകും ശാസ്ത്ര ലോകത്തിന് ലഭിക്കുക.

കരടിയുടെ കൃത്യമായ പ്രായം നിർണ്ണയിക്കാൻ റേഡിയോകാർബൺ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് യാകുത്സ്കിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലെ ബയോളജിക്കൽ സയൻസസ്ഗവേഷകനായ ഡോ. മാക്സിം ചെപ്രാസോവ് പറഞ്ഞു. ഇപ്പോൾ വലിയ കരടി 22,000 മുതൽ 39,500 വർഷം മുമ്പുള്ളതാണെന്ന് ​ഗവേഷകർ കരുതുന്നു. അടുത്ത കാലത്തായി മാമോത്തുകൾ, കമ്പിളി കാണ്ടാമൃഗങ്ങൾ, വംശനാശം സംഭവിച്ച മറ്റ് ജീവജാലങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ സൈബീരിയയിലെ മഞ്ഞുകൾക്കിടയിൽ നിന്നും കണ്ടെത്തിയിരുന്നു.

പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ യൂറോപ്പിലും ഏഷ്യയിലും ജീവിച്ചിരുന്നവയാണ് ​ഗുഹ കരടികൾ എന്നാണ് അനുമാനിക്കുന്നത്. 24,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഒരു കരടിയാണ് ഗുഹ കരടി. "ഗുഹ" എന്ന പദവും സ്‌പെലിയസ് എന്ന ശാസ്ത്രീയനാമവും ഉപയോഗിക്കുന്നുണ്ട്. ഈ ഇനത്തിന്റെ ഫോസിലുകൾ കൂടുതലും ഗുഹകളിൽ കാണപ്പെടുന്നതിനാലാണ് അവയെ ​ഗുഹക്കരടി എന്ന് വിളിക്കുന്നത്.