നീസ്: ഫ്രാൻസിന് ഇത് ദുരന്തങ്ങളുടെ നാളുകളാണ്. സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തിന് ശേഷമുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് തിരിച്ചടിയെന്നോണം മൂന്നു നിരപരാധികളെ കൂടി ഇന്ന് കൂട്ടക്കുരുതി ചെയ്തു. രണ്ട് പേരെ തലയറുത്തുകൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്നാണ് ഫ്രഞ്ച് അധികൃതർ വിലയിരുത്തിയത്. ഇതിന്റെ അനുരണനമെന്നോണം, ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ ആക്രമണമുണ്ടായി. ഒരു സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

ഫ്രാൻസിലെ കൊലകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നീസ് നഗരത്തിലെ നോത്രദാം ബസലിക്ക കാർമികനായ 45 കാരൻ വിൻസെന്റ് ലോക്‌സാണ് ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാൾ. ഇദ്ദേഹം ദിവസത്തിലെ ആദ്യ വിശുദ്ധ കുർബാനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. 21 കാരനായ ടുനീഷ്യൻ കുടിയേറ്റക്കാരൻ ബ്രാഹിം ഔസാവോയി ആണ് പള്ളി ആക്രമിച്ചത്.

ലോക്‌സിനെ ആക്രമിക്കും മുമ്പ് ഇവിടെ പ്രാർത്ഥിക്കാൻ വന്ന ഒരുമുതിർന്ന സ്ത്രീയെ തലയറുത്ത് വകവരുത്തി. പിന്നീട് രണ്ടാമത് ഒരുസ്ത്രീയെ കത്തി കൊണ്ട് കുത്തി. ഇവർ തെരുവിന് എതിർവശത്തേക്ക് ഓടിയെങ്കിലും പരുക്കുകൾ മൂലം മരിക്കുകയായിരുന്നു 10 മിനിറ്റിനകം സായുധ പൊലീസ് എത്തി ഔസാവോയിയെ വെടിവച്ചിട്ടു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് കോൺസുലേറ്റിന് നേരേ ആക്രമണം

ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിനെഏകദേശം നാല്പത് വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനാണ് കുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. കുത്തേറ്റ സെക്യൂരിറ്റി ഗാർഡിനു നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ആധികൃതർ അറിയിച്ചു.

അതിനിടെ ഫ്രാൻസിലെ അവിഗ്ണൻ പട്ടണത്തിൽ ആയുധധാരിയെ പൊലീസ് വെടിവച്ചിട്ടു. ഇയാൾ ആയുധം താഴെയിടാൻ വിസ്സമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇയാൾ വലത്പക്ഷ ഇസ്ലാം വിരുദ്ധ ഐഡന്റേറിയൻ മൂവ്‌മെന്റിന്റെ അനുയായിയാണെന്ന് പിന്നീട് വ്യക്തമായി. ഇയാൾ നാസി സല്യൂട്ടാണ് ചെയ്തത്. ഇയാൾ തോക്ക് താഴെയിടാതെ അല്ലാഹു അക്‌ബർ എന്ന് വിളിച്ചുവെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാൻസിൽ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നീസിൽ ഇന്ന് പള്ളിക്കുള്ളിൽ നടന്ന ക്രൂരമായ ആക്രമണം ഉൾപ്പെടെ, സമീപകാലത്ത് ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായതും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമാണ്. ' മോദി ട്വീറ്റ് ചെയ്തു.

2016 ലും നീസിൽ ഭീകരാക്രമണം

2016 ൽ നീസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 84 പേർ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ ദേശീയ ദിനാഘോഷമായ ബാസ്റ്റിൽ ഡേയിൽ കരിമരുന്നു പ്രയോഗം കാണുകയായിരുന്നവർക്കിടയിലേക്ക് രണ്ടു കിലോമീറ്ററോളം ട്രക്ക് ഓടിച്ചുകയറ്റിയാണ് അക്രമി മനുഷ്യകുരുതി നടത്തിയത്. ഫ്രഞ്ച്ടുണീഷ്യൻ വംശജനായ അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

ഫ്രാൻസിന് ഇത് വൻവെല്ലുവിളി

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ ശിരഛേദം ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഫ്രാൻസ് മുക്തമാകുന്നതിനിടെയാണ് ആക്രമണം. മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചതിന് പാറ്റിയെ ശിക്ഷിക്കണമെന്ന് അക്രമികൾ പറഞ്ഞിരുന്നു. നൈസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ കാർട്ടൂണുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ വ്യക്തമല്ല.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഫ്രാൻസിനും ഷാർലെ ഹെബ്ദോക്കുമെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ഒന്നു കൂസാതെ മുന്നോട്ടു പോകുകയാണ് ഷാർലെ ഹെബ്ദോ. ഫ്രാൻസിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ച തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാനാണ് വീക്ക്‌ലിയിലെ അടുത്ത കാർട്ടൂൺ കഥാപാത്രമായത്. വെളുത്ത ടീ ഷർട്ടും അടിവസ്ത്രവും ധരിച്ച എർദൊഗാൻ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം ഉയർത്തി നോക്കുന്നതാണ് കാർട്ടൂൺ.

കാർട്ടൂൺ വലിയ പ്രകോപനമാണ് തുർക്കി സർക്കാരിനുണ്ടാക്കിയത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രതിനിധിയെ തുർക്കി വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഷാർലെ ഹെബ്ദോ വിദേഷപരമാണെന്നാണ് തുർക്കി അധികൃതർ ഇദ്ദേഹത്തോട് പ്രതികരിച്ചത്. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുർക്കി അധികൃതർ പറഞ്ഞു.

ഫ്രാൻസ്- തുർക്കി തർക്കം കൂടുതൽ രൂക്ഷമാവുകയാണ് എന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ തുർക്കിയിലെ ഫ്രഞ്ച് പ്രതിനിധിയെ ഫ്രാൻസ് തിരിച്ചു വിളിച്ചിരുന്നു. 'ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തിൽ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,' എർദൊഗാൻ പറഞ്ഞു.

ഇതിനു ശേഷം ഫ്രാൻസിനെതിരെ നിരോധനാഹ്വാനവും എർദൊഗാൻ നടത്തിയിരുന്നു. ചരിത്രാധ്യാപകൻ സാമുവേൽ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാൻസിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എർദൊഗാന്റെ ആഹ്വാനം. രണ്ടാം ലോകമഹായുദ്ധത്തിൽ യഹൂദർക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോൾ മുസ്ലിങ്ങൾക്കെതിരെ നടക്കുന്നതെന്നും എർദൊഗാൻ അങ്കാരയിൽ നടന്ന ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം ഫ്രാൻസിനെചൊല്ലി യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിലുള്ള സംഘർഷവും കനക്കുകയാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഏകപക്ഷീയമായ നടപടികൾക്കാണ് തുർക്കി ശ്രമിച്ചതെന്ന്' യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ഉറുദുഗാന്റെ 'പ്രകോപനങ്ങൾ' അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്.

'പ്രവർത്തനത്തിലും പ്രഖ്യാപനത്തിലും ടർക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങൾ വ്യക്തമായി പ്രതീക്ഷിക്കുന്നു'-യൂറോപ്യൻ യൂണിയൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കിൽ നടപടിയെടുക്കുമോ എന്നറിയാൻ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി തന്റെ രാജ്യം ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് ജർമ്മനിയുടെ പിന്തുണ നൽകുമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലിന്റെ പേരിലുള്ള ഉറുദുഗാന്റെ വാചാടോപം മതഭ്രാന്തും അസഹിഷ്ണുതയും വളർത്തുമെന്ന് ഗ്രീസ് പ്രസിഡന്റ് കാതെറിന സകെല്ലറോപ പറഞ്ഞു.'ഫ്രഞ്ച് പ്രസിഡന്റിനെതിരായ ആക്രമണം യൂറോപ്യൻ മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്ന്' സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയോഡസ് പറഞ്ഞു. തുർക്കിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാൽ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും നേരത്തേ ഫ്രാൻസ് പ്രതികരിച്ചിരുന്നു.