- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഇന്ന് സ്ഥാനമേൽക്കും; പുതിയ മാർത്തോമ മെത്രാപ്പൊലീത്തയുടെ സ്ഥാനാഭിഷേക ചടങ്ങുകൾക്ക് ഇന്ന് രാവിലെ തുടക്കമാകും; ചടങ്ങുകൾക്ക് ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകും
തിരുവല്ല: ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഇന്ന് സ്ഥാനാരോഹണം ചെയ്യും. ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകും. സഭാ ആസ്ഥാനത്തെ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മദ്ബഹായിലാണ് ചടങ്ങുകൾ. രാവിലെ 7.45-ന് പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിക്കും. എട്ടുമണിക്ക് വിശുദ്ധ കുർബാന തുടങ്ങും.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ്, മാർത്തോമ്മ സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാർ എന്നിവർ പങ്കെടുക്കും. 11 മണിക്ക് അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രത്യേക മദ്ബഹ വെള്ളിയാഴ്ച വൈകീട്ട് കൂദാശ ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വാഴിക്കൽ ചടങ്ങുകൾ. ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.
സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മായുടെ വിയോഗത്തെ തുടർന്നാണ് മാർ തിയഡോഷ്യസ് ഉയർത്തപ്പെടുന്നത്. ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലാണ് സ്ഥാനാഭിഷേക ശുശ്രൂഷകൾ. സ്ഥാനാരോഹണച്ചടങ്ങുകൾ കോവിഡ്19 ചട്ട പ്രകാരമായിരിക്കും. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മരണശേഷം തിയഡോഷ്യസിനായിരുന്നു സഭാധ്യക്ഷന്റെ ചുമതല. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ജൂലൈ 12ന് ഗീവർഗീസ് മാർ തിയഡോഷ്യസിനെ സഫ്രഗൻ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബർ 2 മുതൽ സഭയുടെ ഭരണച്ചുമതലകൾ നിർവഹിച്ചു വരികയാണ്. നിലവിൽ റാന്നി നിലയ്ക്കൽ, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്കാണ്.
സഭയുടെ പാരമ്പര്യമനുസരിച്ച് സഫ്രഗൻ മെത്രാപ്പൊലീത്തയാണ് മെത്രാപ്പൊലീത്ത ആകുക. കഴിഞ്ഞ ജൂലായിലാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി മാർ തിയഡോഷ്യസ് ചുമതലയേറ്റത്. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം ഭഎന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതപരമായ ജീവിതത്തിലുണ്ടായ മാറ്റവും അവസ്ഥയും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കിയ മാർ തിയഡോഷ്യസ്, ശ്രീനാരായണഗുരു - പ്രവാചക സങ്കല്പത്തിന്റെ കേരളീയ ആവിഷ്‌കാരം എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.