- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അറസ്റ്റിലായ വ്യാജ ഡോക്ടറുടെയും എടത്തലയിൽ നിന്നും അറസ്റ്റിലായ വനിതാ വ്യാജ ഡോക്ടറുടെയും സർട്ടിഫിക്കറ്റ് നിർമ്മിച്ചിരിക്കുന്നത് ഒരു പോലെ; ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ ഉറച്ച് പൊലീസ്: വ്യാജ വനിതാ ഡോക്ടറെ കുരുക്കിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ
കൊച്ചി: എറണാകുളത്ത് വ്യാജ ഡോക്ടറന്മാർ വിലസുന്നു. മൂന്നു മാസമായി മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയ് രാജാണ്(33) പിടിയിലായത്. കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കൽ ചികിത്സ നടത്തിപ്പോന്ന വനിതാ വ്യാജ ഡോക്ടെയും പൊലീസ് പിടികൂയിരുന്നു.
മഞ്ഞപ്രയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന അജയ് രാജ് ആയുർവേദത്തിൽ ഡോക്ടർ ബിരുദം നേടിയ ശേഷം അലോപ്പതിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് രോഗികളെ ചികിത്സിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ദിവസം ആലുവ കോമ്പാറ മരിയ ക്ലിനിക്കിൽ നിന്നാണ് റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) എന്ന വ്യാജ ഡോക്ടർ പിടിയിലായത്. രണ്ടു മാസമായി അവർ ക്ലിനിക്കിൽ ചികിത്സ നടത്തിവരികയായിരുന്നു. ഇവരുടെ രണ്ടു പേരുടെയും സർട്ടിഫിക്കറ്റുകൾ ഒരു പോലെയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവർ തമ്മിലുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും പരിശോധനകൾ തുടരുമെന്നും എസ്‌പി കെ. കാർത്തിക് പറഞ്ഞു.
2002ൽ കർണാടകയിൽ നിന്ന് എംബിബിഎസ് ജയിച്ചതായാണ് സംഗീത ബാലകൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവർ ഫാർമസി ഡിപ്ലോമ കോഴ്‌സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. രോഗികളെ പരിശോധിക്കുന്നതിനിടെയാണു കസ്റ്റഡിയിൽ എടുത്തത്.എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയതു ഡിപ്ലോമ സർട്ടിഫിക്കറ്റാണ്. ഇതു വ്യാജമാണോ എന്നു പരിശോധിക്കും. എടത്തലയിൽ എത്തുന്നതിനു മുൻപ് ഇവർ മറ്റു പല ക്ലിനിക്കുകളിലും ജോലി ചെയ്തിട്ടുണ്ട്.
രോഗികൾക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകൾ കൂടിയ അളവിൽ കുറിച്ചതിനെ തുടർന്നു സംശയം തോന്നിയ മെഡിക്കൽ ഷോപ് ജീവനക്കാരൻ റൂറൽ എസ്‌പി കെ. കാർത്തിക്കിനെ അറിയിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർ പി.ജെ. നോബിൾ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ക്ലിനിക്കിന്റെ ഉടമയും കേസിൽ പ്രതിയാകുമെന്നു പൊലീസ് പറഞ്ഞു. അങ്കമാലി സ്വദേശിയുടേതാണു ക്ലിനിക്. ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വാടകയ്ക്ക് എടുത്തു ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്നു പൊലീസ് പറഞ്ഞു. കുറഞ്ഞ ശമ്പളം നൽകിയാൽ മതി എന്നതാണു വ്യാജ ഡോക്ടറെ നിയമിച്ചതിന്റെ കാരണമെന്നു കരുതുന്നു. മറ്റൊരു ഡോക്ടറും ഇവിടെയുണ്ട്. അദ്ദേഹം ജില്ലയിലെ ഗവ. ആശുപത്രിയിലും പാർട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റുകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അദ്ദേഹത്തോടും ആവശ്യപ്പെട്ടു.
പെരുമ്പാവൂർ ഡി.വൈ.എസ്‌പി. കെ. ബിജുമോൻ, കാലടി ഇൻസ്‌പെക്ടർ എം.ബി ലത്തീഫ്, എസ്‌ഐമാരായ സ്റ്റെപ്‌റ്റോ ജോൺ, ഡേവിസ് ടി.എ, ദേവസി, എഎസ്ഐ പി.ഒ റെജി, എസ്.സി.പി.ഒ മാരായ സെബാസ്റ്റ്യൻ, പ്രിൻസ്, അനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ