തിരുവനന്തപുരം: ദൃക്‌സാക്ഷികളുടെ പിടി വീഴുമെന്നായപ്പോൾ രക്ഷപ്പെടാൻ തൊണ്ടി മുതൽ വിഴുങ്ങുന്നതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ. അക്ഷരാർത്ഥത്തിൽ ഈ സിനിമയെ വെല്ലുന്ന മോഷണമാണ് കഴിഞ്ഞ ദിവസം തമ്പാനൂർ ബസ് സ്റ്റാൻഡിൽ നടന്നത്. സിനിമയിലേത് പോലെ തന്നെ ദൃക്സാക്ഷികളുടെ പിടിവീഴുമെന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി.

പൊലീസ് പൊക്കി ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ വയറ്റിൽ തൊണ്ടി മുതൽ ഭദ്രമെന്ന് എക്‌സറെ റിപ്പോർട്ടും വന്നു. ഇതോടെ തൊണ്ടി മുതൽ പുറത്തുവരാൻ രണ്ടുദിവസമായി പൊലീസ് ആശുപത്രിയിൽ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലുമായാണ് 'തൊണ്ടിമുതലും ദൃക്സാക്ഷി'യും എന്ന ചലച്ചിത്രത്തെ ഓർമിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്.

സിനിമയിൽ ബസിലാണ് മോഷണം അരങ്ങേറിയതെങ്കിൽ ഇത് ബസ്റ്റാൻഡിലാണെന്ന വ്യത്യാസം മാത്രം, തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ചുമലിൽ കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയുടെ നാലര ഗ്രാം സ്വർണ പാദസരമാണ് പ്രതിയായ പുന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖ് (42) മോഷ്ടിച്ചത്. പാലക്കാടുനിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന അദ്ധ്യാപക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണു മോഷ്ടിച്ചത്.

മോഷ്ടിക്കുന്നതു കണ്ട മാതാപിതാക്കളും ഒപ്പമുള്ളവരും ബഹളംവെച്ചതോടെ ഷഫീഖ് ഓടി. പിന്നാലെയോടി യാത്രക്കാരും പൊലീസും ചേർന്ന് പിടികൂടി. അപ്പോഴേക്കും പാദസരം വിഴുങ്ങിയിരുന്നു. പൊലീസ് ചോദ്യംചെയ്തപ്പോൾ മോഷണം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്‌സ്റേ എടുത്തു പരിശോധിക്കാൻ തീരുമാനിച്ചു. എക്‌സ്‌റേയിൽ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണു പൊലീസ്.