- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്ക സഭ നടത്തുന്ന ശിശുമന്ദിരത്തിലെ ആൺകുട്ടികളെ പുരോഹിതർക്ക് കൂട്ടിക്കൊടുത്തിരുന്നത് കന്യാസ്ത്രീകൾ; സെക്സ് പാർട്ടികളിൽ രാഷ്ട്രീയ നേതാക്കൾക്കും ബിസിനസ്സുകാർക്കും ഇവരെ കാഴ്ച്ചവച്ചു; ബാലനായിരിക്കുമ്പോൾ അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നേടി 63 കാരൻ
അഞ്ചാം വയസ്സിൽ കത്തോലിക്ക സന്യാസിനിമാർ നടത്തുന്ന ഒരുശിശുമന്ദിരത്തിൽ എത്തിപ്പെട്ട്, അവിടത്തെ പീഡനങ്ങൾ സഹിക്കാതെ 1972-ൽ ശിശുമന്ദിരത്തിൽ നിന്നും പുറത്തുപോയ ഒരു വ്യക്തിക്ക് നഷ്ടപരിഹാരം നൽകാൻ ജർമ്മനിയിലെ ഡാംസ്റ്റാഫ്റ്റ് സോഷ്യൽ വെൽഫെയർ കോടതി വിധിച്ചു. ഇപ്പോൾ 63 വയസ്സുള്ള ഈ വ്യക്തി കേസിനിടയിൽ കോടതിയിൽ ബോധിപ്പിച്ച കഥകൾ കേട്ട് നടുങ്ങി നിൽക്കുകയാണ് ജർമ്മൻ പൗരന്മാർ, പ്രത്യേകിച്ചും കത്തോലിക്ക വിശ്വാസികൾ.
സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ള പുരോഹിതന്മാർക്കായി ഇവിടത്തെ കന്യാസ്ത്രിമാർ ആൺകുട്ടികളെ കൂട്ടിക്കൊടുക്കാറുണ്ട് എന്ന് അയാൾ പറഞ്ഞു. കൂടാതെ രാഷ്ട്രീയ നേതാക്കന്മാരും, വൻപണക്കാരും, സ്വാധീനമുള്ളവരുമൊക്കെ നടത്തുന്ന സെക്സ് പാർട്ടികളിലേക്കും ഈ ശിശുമന്ദിരത്തിലെ ആൺകുട്ടികളെ കൊണ്ടുപോകുമായിരുന്നത്രെ. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇവിടങ്ങളിൽ വെച്ച് താൻ ഒരുപാടു തവണ വിധേയനായിട്ടുണ്ടെന്നും അയാൾകോടതിയിൽ ബോധിപ്പിച്ചു.
1960 മുതൽ 1970 വരെ ഈ ശിശുമന്ദിരത്തിലെ അന്തേവാസിയായിരുന്ന സമയത്ത് താൻ ചുരുങ്ങിയത് 1000 തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത ഈ വ്യക്തി അറിയിച്ചു. ഓരോ തവണയും തന്നെ കൂട്ടിക്കൊടുക്കുന്ന സന്യാസിനിക്ക് കൈ നിറയെ പണം ലഭിക്കാറുണ്ടായിരുന്നു എന്നും അയാൾ വെളിപ്പെടുത്തി. ആൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഈ മന്ദിരത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് അന്തേവാസികളും ഇത്തരത്തിലുള്ള പീഡനത്തിന് വിധേയരായിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഈ ഉത്തരവ് ഉണ്ടായതെങ്കിലും ഈയിടെ ഒരു പുരോഹിതന്റെ പരസ്യപ്രസ്താവനയിലൂടെയാണ് ഇക്കാര്യം ജനങ്ങൾ അറിയുന്നത്. സ്പേയറിലെ ബിഷപ്പായ കാൾ-ഹീൻസ് വീസ്മാൻ ഇക്കാര്യത്തിൽ അതിരൂപതയിലെ മുൻ അധികാരിയായിരുന്ന റുഡോൾഫ് മോട്സെൻബാക്കറിനെ കുറ്റക്കാരനെന്ന് ആരോപിച്ചിരുന്നു. റൂഡോൾഫ് 1998-ൽ മരണമടഞ്ഞിരുന്നു.
ജർമ്മൻ നഗരമായ സ്പേയറിലെ സിസ്റ്റേഴ്സ് ഓഫ് ദി ഡിവൈൻ സേവ്യർ എന്ന സന്യാസിനി സമൂഹം നടത്തുന്ന ശിശുമന്ദിരത്തിൽ ഇയാൾ ചേരുന്നത് അഞ്ച് വയസ്സുള്ളപ്പോഴാണ്. അന്ന് അതിരൂപതാ അധികാരിയായിരുന്ന റൊഡോൾഫിന്റെ കാമദാഹം തീർക്കാൻ കന്യാസ്ത്രിമാർ തന്നെ അക്ഷരാർത്ഥത്തിൽ പിടിച്ചു വലിച്ചു കൊണ്ടുപോകുമായിരുന്നു എന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. പ്രതിഷേധിച്ചാൽ കഠിനമായി മർദ്ദിക്കുമായിരുന്നു എന്നും ഇയാൾ കോടതിയെ ബോധിപ്പിച്ചു.
അതുകൂടാതെ ശിശുമന്ദിരത്തിൽ സന്ദർശനത്തിനെത്തുന്ന പ്രമുഖരിൽ പലരും ഇവിടെവന്ന് കുട്ടികളെ കണ്ടുപോവുകയും പിന്നീട് അവർ നടത്തുന്ന സെക്സ് പാർട്ടികളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നും അയാൾ പറയുന്നു. മഠത്തിന്റെ നടത്തിപ്പുകാരായ കന്യാസ്ത്രിമാരാണ് 7 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇത്തരം പാർട്ടികളിൽ എത്തിക്കുന്നത്. അവർക്ക് അതിനു പ്രതിഫലമായി കൈനിറയെ പണവും ലഭിക്കുമായിരുന്നത്രെ.
ആ മഠത്തിലെ കന്യാസ്ത്രിമാരെല്ലാം തന്നെ കൂട്ടിക്കൊടുപ്പുകാരായിരുന്നു എന്നും അവരെ അനുസരിക്കാത്തവരെ ക്രൂരമായി ശിക്ഷിക്കുമായിരുന്നു എന്നും അയാൾ പറയുന്നു. ശിശുമന്ദിരത്തിൽ എത്തുന്ന പ്രമാണിമാർക്ക് കന്യാസ്ത്രീകൾ മദ്യം വിളമ്പി കൊടുക്കുമായിരുന്നു. ഇതിനായി ഒരു പ്രത്യേക മുറി തന്നെയുണ്ട്. അതിനു നേരെ എതിർവശത്തുള്ള മുറിയിൽ വച്ചാണ് ഇവർ കുട്ടികളെ പീഡിപ്പിക്കുക. ഒരിക്കൽ ഒരേസമയം മൂന്ന് പുരോഹിതന്മാർ ചേർന്ന് തന്നെ പീഡിപ്പിച്ചതായും ഇയാൾ പറഞ്ഞു.
2000 -ൽ ഈ ശുശുമന്ദിരം അടച്ചുപൂട്ടി. കേസ് വിധിയായതോടെ കത്തോലിക്ക സഭ ഇയാൾക്ക് 15,000 യൂറോ നഷ്ടപരിഹാരമായും 10,000 യൂറോ ചികിത്സാ ചെലവുകൾക്കുമായും നൽകി. എന്നാൽ, ഇപ്പോൾ പണം കിട്ടിയിട്ട് എന്തുകാര്യം എന്നാണ് ഇയാൾ ചോദിക്കുന്നത്. ബുദ്ധിവികസിക്കുന്ന പ്രായത്തിൽ ശാരീരികവും മാനസികവുമായ പീഡനത്തിനിരയായ തനിക്ക് തന്റെ വിവാഹ ജീവിതത്തിൽ പോലും വിജയിക്കാനായില്ലെന്ന് ഇയാൾ പറയുന്നു. മാത്രമല്ല, ഇളം പ്രായത്തിലേറ്റ പീഡനം തന്റെ പല അവയവങ്ങളേയും നേരായവണ്ണം പ്രവർത്തിക്കാൻ കഴിവില്ലാത്തതാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ