ന്നദാനത്തേക്കാളും മഹാപുണ്യം മറ്റൊന്നുമില്ലെന്നാണ് പറയാറ്. എന്നാൽ പാവങ്ങളുടെ വിശപ്പകറ്റാൻ നമ്മളിൽ എത്ര പേർ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതം എന്ന സ്വാർത്ഥതയിലേക്ക് ഒതുങ്ങി കൂടുമ്പോൾ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഹൈദരാബാദ് സ്വദേശി രാമു ദോസാപതി എന്ന യുവാവ്. സ്വന്തം കൈയിൽ നിന്ന് 50 ലക്ഷത്തോളം രൂപ മുടക്കിയാണ് രാമു സാധാരണക്കാരുടെ വിശപ്പകറ്റുന്നത്.

അതും സ്വന്തമായി ഒരു വീടെന്ന മോഹം മാറ്റിവച്ചാണ് രാമു പാവങ്ങളെ അന്നമൂട്ടാൻ ഇറങ്ങി തിരിച്ചത്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം പുതിയ വീട് വാങ്ങണം എന്ന സ്വപ്നം മാറ്റിവച്ചാണ് രാമു പുതിയ ഉദ്യമത്തിന് മുതിർന്നത്. പുതിയ വീട്ടിലേക്ക് മാറണമെന്ന് മക്കൾക്കും സ്വപ്നമുണ്ടായിരുന്നെങ്കിലും തെരുവിൽ ദരിദ്രർ വിശപ്പുമൂലം കേഴുമ്പോൾ വീട് എന്ന മോഹം മാറ്റിവെക്കുകയായിരുന്നുവെന്ന് രാമു.

ഏപ്രിൽ മുതൽ ഇന്നുവരെ ദിവസവും മുന്നോറോളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്യുന്നുണ്ട്. ഇതിനകം ഇരുപത്തി അയ്യായിരത്തോളം കുടുംബങ്ങൾക്കെങ്കിലും രാമുവിന്റെ സഹായഹസ്തമെത്തിയിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ടിൽ നിന്നുള്ള സമ്പാദ്യവും ഭൂമി വിറ്റു കിട്ടിയ പണവും ക്രെഡിറ്റ് കാർഡുമൊക്കെ ഉപയോഗിച്ചാണ് അമ്പതുലക്ഷം രൂപ തികച്ച് അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്.

സെക്യൂരിറ്റി ജീവനക്കാരിയായ ഒരു സ്ത്രീയുടെ മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് രാമു പറയുന്നു. ലോക്ഡൗൺ കാലത്ത് ഒരുദിവസം ചിക്കൻ വാങ്ങാൻ പോയതായിരുന്നു രാമു. അവിടെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥ രണ്ടായിരം രൂപയുടെ ചിക്കൻ വാങ്ങുന്നതു കണ്ടു. എന്തിനാണ് ഇത്രയധികം രൂപയ്ക്ക് ചിക്കൻ വാങ്ങുന്നതെന്നു ചോദിച്ചപ്പോൾ സമീപത്തുള്ള കുടിയേറ്റ തൊഴിലാളികൾക്ക് നൽകാനാണെന്നു പറഞ്ഞു. അവരുടെ ശമ്പളം എത്രയെന്നു ചോദിച്ചപ്പോൾ ആറായിരം രൂപയാണെന്നും പറഞ്ഞു. ഇത് രാമുവിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ആറായിരം രൂപ ശമ്പളമുള്ള സ്ത്രീ രണ്ടായിരം രൂപ പാവങ്ങൾക്കായി നീക്കിവെക്കുന്നുവെങ്കിൽ എന്തുകൊണ്ട് തനിക്കും അങ്ങനെ ചെയ്തുകൂടാ എന്നു ചിന്തിച്ചു.

ഇതോടെയാണ് തന്റെ ജീവിതത്തിലെ എല്ലാ സ്വപ്്‌നങ്ങളും മാറ്റിവെച്ച് പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കാൻ രാമുവിനെ പ്രേരിപ്പിച്ചത്. തുടർന്ന് ആ സെക്യൂരിറ്റി ജീവനക്കാരിയുടെ സഹായത്തോടെ രാമു 192ഓളം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാൻ സഹായിച്ചു. തന്റെ നീക്കിയിരുപ്പായ ഒന്നരലക്ഷം രൂപ കൊണ്ട് അവർക്കായി ഭക്ഷണങ്ങൾ വാങ്ങി. പക്ഷേ അതും കുറച്ചു നാളത്തേക്കേ നീട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞുള്ളു. അങ്ങനെയാണ് സമീപത്തുള്ള പലവ്യഞ്ജന കടയുമായി പങ്കാളിത്തമുണ്ടാക്കി അവരോട് റേഷൻ നൽകാൻ പറയുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ നിന്നുള്ള പണമാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. അതിൽ നിന്ന് മുപ്പത്തിയെട്ടര ലക്ഷം രൂപയെടുത്താണ് 'റൈസ് എടിഎം' എന്ന പേരിൽ പാവങ്ങൾക്കായി വിതരണം ആരംഭിച്ചത്.

തന്റെ അടുക്കലേക്ക് എത്തുന്ന ഒരാൾപ്പോലും അന്നത്തിനുള്ള വകയില്ലാതെ തിരിച്ചുപോകില്ലെന്ന് രാമു ഉറപ്പാക്കി. രാമുവിന്റെ സഹായ മനസ്‌കത സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. ഇതുപോലെയുള്ള യുവാക്കളിലാണ് നാടിന്റെ പ്രതീക്ഷ എന്നു പറഞ്ഞാണ് പലരും രാമുവിന്റെ കഥ പങ്കുവെക്കുന്നത്.